Thu. Nov 14th, 2024

 

കോഴിക്കോട്: സംസ്ഥാനത്ത് സവാള വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ ഇരട്ടിയില്‍ അധികമാണ് വില ഉയര്‍ന്നത്. കോഴിക്കോട് കിലോയ്ക്ക് 74 രൂപയാണ് മൊത്ത വിപണിയിലെ വില. ചില്ലറ വിപണിയില്‍ എത്തുമ്പോള്‍ 80 രൂപയാകും.

കഴിഞ്ഞ ശനിയാഴ്ച്ച 51 രൂപയായിരുന്നു സവാളയുടെ വില. ഒരാഴ്ച കൊണ്ടാണ് 80 രൂപയിലേക്ക് എത്തിയത്. കേരളത്തിലേക്ക് സവാള എത്തുന്നത് മഹാരാഷ്ട്രയിലെ നാസിക്, പുണെ, എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകയില്‍ നിന്നുമാണ്. ഈ പ്രദേശങ്ങളിലെ പ്രതികൂല കാലാവസ്ഥ കാരണം സവാള കൃഷിക്ക് നാശം സംഭവിച്ചതോടെയാണ് വില വര്‍ധിച്ചത്.

ഒപ്പം കഴിഞ്ഞ മാസം ദീപാവലിയോടനുബന്ധിച്ച് കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും മാര്‍ക്കറ്റുകള്‍ക്ക് അവധിയായിരുന്നു. ഇതും ഉള്ളി വില വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. തുടര്‍ന്ന് കര്‍ണാടകയിലെയും മഹാരാഷ്ട്രയിലെയും വില 65നോട് അടുത്തിരുന്നു.

കനത്ത മഴയെ തുടര്‍ന്ന് സവാളകള്‍ നശിക്കുകയും പാടങ്ങള്‍ വെള്ളത്തിലാവുകയും ചെയ്തതോടെ വിളവെടുപ്പ് വൈകുന്നതിനാല്‍ വരും ദിവസങ്ങളിലും സവാളക്ക് വില വര്‍ധിച്ചേക്കുമെന്നാണ് സൂചന. മുന്‍വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ 25% മാത്രമാണ് ഇത്തവണ ഉത്പാദനം. അതുകൊണ്ടുതന്നെ മഹാരാഷ്ട്രയിലെ മുഴുവന്‍ മാര്‍ക്കറ്റുകളിലും ഉള്ളിയുടെ വില വര്‍ധിക്കുകയാണ്.

ഉല്‍പാദനം കുറഞ്ഞതിനാല്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും അധികം സവാള കയറ്റി വിടുന്നില്ല. സവാള ക്വിന്റലിന് 5,400 രൂപ എന്ന റെക്കോഡ് നിരക്കിലാണ് മഹാരാഷ്ട്രയിലെ മാര്‍ക്കറ്റുകളില്‍ വ്യാപാരികള്‍ ലേലം കൊള്ളുന്നത്.