ഗാസ സിറ്റി: ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയില്‍ ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. ആറ് മാസത്തിനിടെ കൊല്ലപ്പെട്ടവരില്‍ 70 ശതമാനത്തോളം പേര്‍ സ്ത്രീകളും കുട്ടികളുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലപ്പെട്ടവരില്‍ 44 ശതമാനവും കുട്ടികളാണ്. 26 ശതമാനം സ്ത്രീകളും. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കാലയളവിലെ കണക്കാണിത്. മരിച്ച കുട്ടികളില്‍ ഭൂരിഭാഗവും അഞ്ച് മുതല്‍ ഒമ്പത് വയസ്സുവരെയുള്ളവരാണെന്നും 32 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വീടുകള്‍ക്കും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ക്കും മേല്‍ ബോംബിട്ടതിനെ തുടര്‍ന്നാണ് 80 ശതമാനം പേരും കൊല്ലപ്പെട്ടത്. സാധാരണക്കാരും നിരപരാധികളുമായവര്‍ക്കുനേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടന മേധാവി വോള്‍കര്‍ ടേര്‍ക് പറഞ്ഞു.
അതിനിടെ, ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്ത കെട്ടിടങ്ങളുടെ അവിശിഷ്ടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാനെത്തുന്നവര്‍ക്ക് നേരെയും ഇസ്രായേല്‍ ആക്രമണം രൂക്ഷമാക്കിയതോടെ ഉത്തര ഗാസയിലേക്ക് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്നില്ല.
ആരോഗ്യ പ്രവര്‍ത്തകരുടെയും രക്ഷാപ്രവര്‍ത്തകരുടെയും സേവനം നിലച്ചതോടെ ആയിരങ്ങളാണ് ചികിത്സ കിട്ടാതെ ദുരിതത്തിലായത്. പ്രദേശവാസികളാണ് നിലവില്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നതും അടിയന്തര ചികിത്സ നല്‍കുന്നതും. സ്ട്രെച്ചറുകള്‍ ഇല്ലാത്തതിനാല്‍ മരപ്പലകകളും വാതിലുകളും ഉപയോഗിച്ചാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നത്.
ഒരു മാസമായി വടക്കന്‍ ഗാസ പൂര്‍ണമായും വളഞ്ഞ ഇസ്രായേല്‍, ഇവിടെ കൂട്ടക്കുരുതി തുടരുകയാണ്. ബോംബിങ്ങിലും വെടിവെപ്പിലും 1500ലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ബൈത് ലാഹിയ ഉള്‍പ്പെടെ പ്രദേശങ്ങളില്‍നിന്ന് ഒഴിഞ്ഞുപോകാനും ഇസ്രായേല്‍ ഉത്തരവിട്ടിരുന്നു. ഇതോടെ രണ്ടാഴ്ച മുമ്പ് ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തന സംഘമായ ഗാസയിലെ സിവില്‍ ഡിഫന്‍സ് ഫോഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായി.
പരിക്കേറ്റവരെ കഴുതവണ്ടിയിലും മറ്റും ആശുപത്രിയിലെത്തിക്കേണ്ടിവരുന്നത് ചികിത്സ വൈകാനും മരണത്തിനിടയാക്കുമെന്നും യുഎന്‍ സന്നദ്ധ സംഘടനയായ യുഎന്‍ആര്‍ഡബ്ല്യുഎ വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.
രക്ഷാപ്രവര്‍ത്തകരെ ബോധപൂര്‍വം ആക്രമിക്കുകയും പരിക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാന്‍ നടത്തുന്ന ശ്രമം പരാജയപ്പെടുത്തുകയുമാണ് ഇസ്രായേല്‍ ചെയ്യുന്നതെന്ന് സംയുക്ത പ്രസ്താവനയില്‍ യുനിസെഫും ലോക ഭക്ഷ്യ പദ്ധതിയും ലോകാരോഗ്യ സംഘടനയും കുറ്റപ്പെടുത്തിയിരുന്നു.