Sun. Dec 22nd, 2024

 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായ അലിഗഢ് മുസ്ലിം സര്‍വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമല്ലെന്ന വിധി സുപ്രീംകോടതി റദ്ദാക്കി. 1967 ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ് അസീസ് ബാഷ കേസില്‍ പുറപ്പെടുവിച്ച വിധിയാണ് സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടന ബെഞ്ച് റദ്ദാക്കിയത്.

ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനമാകാന്‍ അത് സ്ഥാപിച്ചത് ന്യൂനപക്ഷമായാല്‍ മതിയെന്നും ഭരണ നിര്‍വഹണം ന്യൂനപക്ഷത്തിനാകണമെന്നില്ലെന്നും സുപ്രീംകോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഏഴംഗ ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. ചീഫ് ജസ്റ്റിസ് എഴുതിയ വിധിയെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെബി പര്‍ദിവാല, മനോജ് മിശ്ര എന്നിവര്‍ പിന്തുണച്ചു. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കര്‍ ദത്ത, എസ്സി ശര്‍മ്മ എന്നിവര്‍ ഭിന്നവിധി എഴുതി.

ന്യുനപക്ഷ വിഭാഗങ്ങളോട് വിവേചനമരുതെന്ന് ഭരണഘടനയുടെ 30-ാം അനുഛേദം പറയുന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലെന്ന് ചീഫ് ജസ്റ്റിസ് ഓര്‍മിപ്പിച്ചു. അതിനാല്‍ ഒരു സ്ഥാപനം ന്യൂനപക്ഷ സ്ഥാപനംമാണെന്ന് പറയാന്‍ ഭരണ നിര്‍വഹണം ന്യൂനപക്ഷ വിഭാഗക്കാരവില്‍ ആകണമെന്നില്ല. ന്യൂനപക്ഷങ്ങളുടെ ഉദ്ദേശ്യലക്ഷ്യം നടപ്പാക്കാന്‍ ഭരണ നിര്‍വഹണം നടത്തുന്നവര്‍ ന്യൂനപക്ഷക്കാര്‍ ആകണമെന്നുമില്ല. ന്യുനപക്ഷ സ്ഥാപനങ്ങള്‍ മതേതര വിദ്യാഭ്യാസത്തിലൂന്നാം. അതിനായി ന്യൂനപക്ഷങ്ങള്‍ ഭരണനിര്‍വഹണം നടത്തണമെന്നില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു.

ഒരു വിദ്യാഭ്യാസ സ്ഥാപനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ സ്ഥാപിച്ച് ഭരണം നടത്തുകയാണെങ്കില്‍ മാത്രമേ അവര്‍ക്ക് ന്യൂനപക്ഷ പദവി അവകാശപ്പെടാന്‍ സാധിക്കുകയുള്ളു എന്നാണ് 1967ല്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് എസ് അസീസ് ബാഷ കേസില്‍ വിധിച്ചത്. അലിഗഢ് മുസ്ലിം സര്‍വ്വകലാശാല, പാര്‍ലമെന്റ് പാസ്സാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപീകൃതമായതിനാല്‍ ന്യൂനപക്ഷ പദവി അവകാശപ്പെടാനാകില്ലെന്നായിരുന്നു ഭരണഘടനാ ബെഞ്ച് വിധിച്ചത്. ഈ വിധിയാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്.

അഞ്ചുമാന്‍ ഇ റഹ്‌മാനിയ കേസില്‍ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച്, അഞ്ച് അംഗ ഭരണഘടന ബെഞ്ചിന്റെ വിധിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് അസീസ് ബാഷ കേസിലെ വിധി പുനപരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്ക് 1981 നവംബര്‍ 26 ന് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് വിട്ടു. 43 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ വിഷയം സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പരിഗണിച്ച് വിധി പ്രസ്താവം നടത്തിയത്.

അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള മാര്‍ഗരേഖ സുപ്രീംകോടതി പുറത്തിറക്കി. ഈ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അലിഗഢ് മുസ്ലിം സര്‍വ്വകലാശാല ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.