Sat. Dec 14th, 2024

 

ടെല്‍ അവീവ്: ഇസ്രായേലികള്‍ക്കെതിരെ ആക്രമണം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഫലസ്തീനികളുടെ ബന്ധുക്കളെ നാടുകടത്താന്‍ നെതന്യാഹു സര്‍ക്കാര്‍. നാടുകടത്താനുള്ള നിയമത്തിന് ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റ് അംഗീകാരം നല്‍കി.

ലിക്വുഡ് പാര്‍ട്ടി എംപിയായ ഹനോച്ച് മില്‍വിഡ്‌സ്‌കിയാണ് നിയമം നിര്‍ദേശിച്ചത്. നെസറ്റിലെ 61 എംപിമാരും നാടുകടത്തല്‍ നിയമത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. 41 എംപിമാര്‍ നിയമത്തെ പ്രതികൂലിച്ച് വോട്ട് ചെയ്തു.

വധശിക്ഷ അനുഭവിക്കുന്ന കുട്ടികളെ 12 വയസ് മുതല്‍ തടവിന് വിധിക്കാന്‍ നിര്‍ദേശിക്കുന്ന താത്കാലിക നിയമത്തിനും നെസറ്റ് അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് ഈ നിയമത്തിന് സാധുതയുള്ളത്.

നാടുകടത്തല്‍ നിയമം അനുസരിച്ച് വരുന്ന 20 വര്‍ഷം വരെ ഫലസ്തീനികളെ നാടുകടത്താന്‍ ഇസ്രായേല്‍ സര്‍ക്കാരിന് കഴിയും. ഫലസ്തീനികളെ ഗാസയിലേക്കോ മറ്റു ഇടങ്ങളിലേക്കോ നാടുകടത്താനും നിയമം അനുശാസിക്കുന്നു.

തീവ്രവാദ നടപടികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരെയും സഹതാപം പ്രകടിപ്പിക്കുന്നവരെയും ഇസ്രായേലിന് നാടുകടത്താമെന്ന് ഹാരെറ്റ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഫലസ്തീനികളെ നാടുകടത്താന്‍ ഇസ്രായേലിനെ ഈ നിയമം സഹായിക്കും.

രാജ്യത്ത് കഴിയുന്ന ഫലസ്തീന്‍ പൗരന്മാരെ 15 വര്‍ഷം വരെ ഇസ്രായേലിന് നാടുകടത്താം. ഫലസ്തീനികളുടെ ബന്ധുക്കളെയും അവരെ പിന്തുണക്കുന്നവരെയും 10 മുതല്‍ 20 വര്‍ഷം വരെയും നാടുകടത്താവുന്നതാണ് നിയമം.

എന്നാല്‍ പുതിയ നിയമം ഒരു തരത്തിലുള്ള ‘കൊള്ളയടിക്കല്‍’ ആണെന്ന് ഫലസ്തീനിയന്‍ നെസറ്റ് അംഗമായ ഐഡ ടൗമ-സുലൈമാന്‍ പറഞ്ഞു. ഭീകരവാദത്തെ ഒരാള്‍ പിന്തുണക്കുന്നുവെന്ന് തോന്നിയാല്‍ ഉടനടി അയാളെ നാടുകടത്താന്‍ അനുശാസിക്കുന്ന നിയമം നിരുത്തരവാദിത്തപരമാണെന്ന് ഐഡ ചൂണ്ടിക്കാട്ടി.

ഫാസിസം വീടിനുള്ളിലേക്ക് വരെ കയറി ആക്രമിക്കുകയാണെന്നും ഐഡ പ്രതികരിച്ചു. ബന്ധങ്ങളുടെ പേരില്‍ പൗരത്വം നിഷേധിക്കുന്നത് എന്തിനാണെന്നും ഐഡ ചോദിച്ചു.