Thu. Nov 14th, 2024

 

ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗും പങ്കെടുത്ത വാര്‍ത്താസമ്മേളനം സംപ്രേഷണം ചെയ്ത ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നിരോധനം ഏര്‍പ്പെടുത്തിയ കാനഡയുടെ നടപടിക്കെതിരെ വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍. കനേഡിയന്‍ നടപടി അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കലാണെന്ന് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

‘ഓസ്ട്രേലിയ ടുഡേ’യുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും പേജുകളും കാനഡ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ഓസ്ട്രേലിയ ടുഡേയുടെ സാമൂഹിക മാധ്യമ പേജുകളടക്കം ബ്ലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കാനഡയില്‍ ഇത് ലഭ്യമല്ല.

പെന്നി വോംഗിനൊപ്പം ഡോ. എസ് ജയശങ്കര്‍ പത്രസമ്മേളനം നടത്തി ഒരു മണിക്കൂറിന് ശേഷമാണ് ഇത് സംഭവിച്ചതെന്നാണ് മനസിലാകുന്നത്. വളരെ വിചിത്രമായി തോന്നി. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള കാനഡയുടെ കാപട്യത്തെ വീണ്ടും ഉയര്‍ത്തിക്കാട്ടുന്ന നടപടികളാണിത്’, രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.

നാലുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി നവംബര്‍ മൂന്നിനാണ് ജയ്ശങ്കര്‍ ഓസ്ട്രേലിയയില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ കാനഡയിലെ ഖാലിസ്താന്‍ പ്രതിഷേധങ്ങളെപ്പറ്റി പെന്നി വോംഗും ജയ്ശങ്കറും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

പിന്നാലെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ് ഓസ്ട്രേലിയ ടുഡേ എന്ന ഓസ്ട്രേലിയന്‍ മാധ്യമത്തിന് കാനഡ നിരോധനം ഏര്‍പ്പെടുത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കാനഡയുടെ കടന്നുകയറ്റമാണിതെന്ന് ഇന്ത്യ അപലപിച്ചു.

നവംബര്‍ 3ന് കാനഡയിലെ ബ്രാംപ്ടണിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തെ അപലപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനുള്ള ഭീരുത്വ ശ്രമങ്ങളെ വിമര്‍ശിക്കുകയും ചെയ്തു.

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പരാമര്‍ശിച്ചതോടെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം മോശമായത്.