Wed. Jan 15th, 2025

 

തിരുവനന്തപുരം: യുഎസ് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ സ്വര്‍ണവിലയില്‍ വന്‍ കുറവ്. സ്വര്‍ണം പവന് ഇന്ന് 1320 കുറഞ്ഞ് 57600 രൂപയായി. ഗ്രാമിന് 165 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഗ്രാമിന് 7200 രൂപയായി.

നവംബര്‍ ഒന്നാം തിയതി മുതല്‍ സ്വര്‍ണവില ഇടിയുന്ന പ്രവണതയാണ് കാണിക്കുന്നത്. ഈ മാസം ഇന്നലെ മാത്രമാണ് നേരിയ വര്‍ദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി.

ഒക്ടോബര്‍ 19ന് വില 58,000വും ഒക്ടോബര്‍ 29ന് വില 59,000വും കടന്നിരുന്നു. ഒക്ടോബര്‍ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണ നിരക്ക്. കഴിഞ്ഞ മാസം മുതല്‍ ഇതുവരെ ഗ്രാമിന്റെ വില 7000 രൂപയ്ക്ക് മുകളിലാണെന്നതും ശ്രദ്ധേയമാണ്.

അമേരിക്കന്‍ തിരഞ്ഞെടപ്പ് ഫലം സ്വര്‍ണ വിപണിയെ സ്വാധീനിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതിന് പിന്നാലെ ഡോളര്‍ കരുത്താര്‍ജ്ജിച്ചിരുന്നു. ഇത് സ്വര്‍ണവില കുറയുന്നതിനുള്ള പ്രധാനകാരണങ്ങളിലൊന്നാണ്.

അതേസമയം, വായ്പ പലിശ നിരക്കുകള്‍ നിശ്ചയിക്കാന്‍ യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് ഇന്ന് യോഗം ചേരുന്നുണ്ട്. പലിശനിരക്കില്‍ 25 ബേസിക്‌സ് പോയിന്റിന്റെ കുറവ് ഫെഡറല്‍ റിസര്‍വ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളില്‍ ഇതും സ്വര്‍ണവിലയെ സ്വാധീനിക്കും.

തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 2025 ജനുവരിയിലാണ് ട്രംപ് യുഎസ് പ്രസിഡന്റ് പ്രസിഡന്റ് പദത്തിലേറുക. എങ്കിലും ട്രംപ് സ്വീകരിച്ചേക്കാവുന്ന നയങ്ങള്‍ അമേരിക്കയുടെയും ലോകത്തിന്റെയും സാമ്പത്തികരംഗത്ത് ചലനങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തലുകള്‍. അതേസമയം, സ്വര്‍ണവില ഇനി കുതിച്ചുകയറാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും സജീവമാണ്.