Wed. Jan 22nd, 2025

 

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിന് മുന്നേറ്റം. 210 ഇലക്ടറല്‍ വോട്ടുകളാണ് ട്രംപ് ഇതുവരെ നേടിയത്. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമല ഹാരിസ് 113 ഇലക്ടറല്‍ വോട്ടുകള്‍ നേടി.

ഫലമറിഞ്ഞ 22 സംസ്ഥാനങ്ങളില്‍ 14 ഇടത്തും ട്രംപ് വിജയിച്ചു. ഓക്ലഹോമ, അര്‍കന്‍സാസ്, മിസിസിപ്പി, അലബാമ, ഫ്‌ലോറിഡ, സൗത്ത് കരോലിന, ടെന്നസീ, കെന്റകി, ഇന്ത്യാന, വെസ്റ്റ് വെര്‍ജീനിയ, നോര്‍ത്ത് ഡെക്കോട്ട, വ്യോമിങ്, സൗത്ത് ഡെക്കോട്ട, ലൗസിയാന എന്നിവിടങ്ങളിലാണ് ട്രംപ് വിജയിച്ചത്. ഇല്ലിനോയിസ്, മേരിലാന്‍ഡ്, ന്യൂജേഴ്സി, ഡെലാവെയര്‍, റോഡ് ഐലന്‍ഡ്, കണക്ടിക്കട്, മസാച്യുറ്റസ്, വെര്‍മൗണ്ട് ഉള്‍പ്പെടെ ഒമ്പത് സംസ്ഥാനങ്ങളില്‍ കമല ജയിച്ചു.

നിലവില്‍ റിപ്പബ്ലിക്കന്‍ ഭൂരിപക്ഷമുള്ള സംസ്ഥാനങ്ങളുടെ ഫലങ്ങളാണ് പുറത്തുവന്നത്. സ്വിങ് സ്റ്റേറ്റുകളിലെ ഫലമായിരിക്കും പ്രസിഡന്റ് ആരെന്ന് തീരുമാനിക്കുക. ആരോട് ആഭിമുഖ്യം എന്നു വ്യക്തമാക്കാതെ ചാഞ്ചാടുന്ന 7 സംസ്ഥാനങ്ങളിലും (സ്വിങ് സ്റ്റേറ്റ്‌സ്) കമലയും ട്രംപും ഒപ്പത്തിനൊപ്പമാണെന്നാണ് സര്‍വേകള്‍ പറയുന്നത്.

അരിസോന, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കാരോലൈന, പെന്‍സില്‍വേനിയ, മിഷിഗന്‍, വിസ്‌കോന്‍സെന്‍ എന്നിവയാണ് സ്വിങ് സ്റ്റേറ്റ്‌സ്. ആകെയുള്ള 538 ഇലക്ടറല്‍ കോളജ് വോട്ടുകളില്‍ 270 എണ്ണം സ്വന്തമായാല്‍ കേവല ഭൂരിപക്ഷമാകും. 2025 ജനുവരി ആറിനാണ് ഔദ്യോഗികമായി ഫലം പ്രഖ്യാപിക്കുക.

തിരഞ്ഞെടുപ്പിന് മുന്നോടിയായി 47 സംസ്ഥാനങ്ങളിലായി 7.8 കോടി വോട്ടുകള്‍ രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പു ദിവസത്തിനു മുമ്പുതന്നെ രേഖപ്പെടുത്തുന്ന ഈ വോട്ടുകള്‍ ചില സൂചനകള്‍ നല്‍കുമെങ്കിലും ഫലം പ്രവചനാതീതമെന്നാണ് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അടുത്തകാലത്തായി നടന്ന 10 തിരഞ്ഞെടുപ്പുകളില്‍ ഒമ്പതിന്റെയും ഫലം ശരിയായി പ്രവചിച്ച രാഷ്ട്രീയ നിരീക്ഷകനും ചരിത്രകാരനുമായ അല്ലന്‍ ലിച്ച്മാന്‍ വിജയം പ്രവചിച്ചത് കമലക്കാണ്.