പാലക്കാട്: ഹോട്ടലില്‍ കോണ്‍ഗ്രസ് നേതാക്കളുടെ മുറി പരിശോധിച്ച പോലീസ് നടപടിക്കെതിരെയും കള്ളപ്പണ ആരോപണത്തിനെതിരെയും പ്രതികരിച്ച് പാലക്കാട് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് റെയ്ഡിന്റെ സമയത്ത് എല്ലാവരും മുറി തുറന്നുകൊടുത്തു. ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്നതിനാല്‍ വനിതാ നേതാവായ ബിന്ദു കൃഷ്ണയും മുറി തുറന്നുനല്‍കി. എന്നാല്‍ ഷാനിമോള്‍ ഉസ്മാന്‍ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്ന് രാഹുല്‍ പറഞ്ഞു.
‘ഷാനിമോളുടെ മുറിയിലേക്ക് രാത്രി പന്ത്രണ്ടരയാകുമ്പോള്‍ നാല് പുരുഷ പോലീസുകാര്‍ ചെന്നു. മുറി പരിശോധിക്കണം എന്നുപറഞ്ഞപ്പോള്‍ വനിതാ പോലീസിന്റെ സാന്നിധ്യത്തിലേ പരിശോധിക്കാനാവൂ എന്നാണ് ഷാനിമോള്‍ പറഞ്ഞത്. അവര്‍ ഒളിച്ചോടുകയായിരുന്നില്ല. പിന്നീട് വനിതാ പോലീസുകാര്‍ വന്ന് നടത്തിയ പരിശോധനയില്‍ ഒന്നുമില്ലെന്ന് കണ്ടെത്തുന്നു. ബിജെപിയുടെ വനിതാ നേതാക്കന്മാര്‍ വനിതാ പോലീസില്ലാതെ പരിശോധിക്കാന്‍ പറ്റില്ലെന്ന് പറയുമ്പോള്‍ പോലീസിന് പരിശോധിക്കുകയും വേണ്ട, സിപിഎമ്മിന് സമരവും ചെയ്യേണ്ട.’, രാഹുല്‍ പറഞ്ഞു.
തന്റെ പെട്ടി പൊലീസിന് കൈമാറാന്‍ തയ്യാറാണെന്നും പണം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാന്‍ രാസപരിശോധനക്ക് വിധേയമാക്കാമെന്നും രാഹുല്‍ പറഞ്ഞു. ‘പെട്ടിയിലുണ്ടായിരുന്നത് വസ്ത്രങ്ങള്‍ മാത്രമാണ്. ഹോട്ടലിന്റെ പിന്നിലൂടെ കയറിയെന്ന് എല്‍ഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ മുന്‍വശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ തന്നെ നിജസ്ഥിതി വ്യക്തമാകും. പണം കൊണ്ടുവന്നെന്ന് തെളിഞ്ഞാല്‍ താന്‍ പ്രചാരണം നിര്‍ത്തുമെന്നും രാഹുല്‍ പറഞ്ഞു. വിവാദമായ ട്രോളി ബാഗുമായാണ് രാഹുല്‍ വാര്‍ത്ത സമ്മേളനത്തിനെത്തിയത്.
‘പാലക്കാട് വന്ന ദിവസം നാല് ബാഗുമായാണ് വന്നത്. അതില്‍ നിറയെ പണമാണെന്ന് പറയാഞ്ഞത് ഭാഗ്യം. സിപിഎം നേതാക്കള്‍ മുഴുവന്‍ തക്കാളിപ്പെട്ടിയിലാണോ വസ്ത്രങ്ങള്‍ കൊണ്ടുനടക്കാറുള്ളത് കൂടെ ഉള്ള ആളുകള്‍ തന്നെയല്ലേ ബാഗ് കൊണ്ടുനടക്കാറുള്ളത്. കെഎസ് യു ഭാരവാഹിയായ ഫെന്നി ഇവിടെ തിരഞ്ഞെടുപ്പ് ചുമതലയുണ്ട്. ഫെന്നിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ ശരിയല്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നല്‍കിയത്. ആരെയും രഹസ്യമായി കൊണ്ടുനടക്കുന്നില്ല.’, രാഹുല്‍ പറഞ്ഞു.
ഉപതിരഞ്ഞെടുപ്പിന് കള്ളപ്പണം കൊണ്ടുവന്നെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ പൊലീസ് പരിശോധന നടന്നത്. രാത്രി 12.10 നാണ് സൗത്ത്, നോര്‍ത്ത് പൊലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഹോട്ടലിലെത്തിയത്. 12 മുറികള്‍ പരിശോധിച്ചെന്നും പണം കണ്ടെത്തിയില്ലെന്നും പാലക്കാട് എഎസ്പി അശ്വതി ജിജി അറിയിച്ചിരുന്നു.