Sun. Dec 22nd, 2024

 

പാലക്കാട്: പാലക്കാട് കെപിഎം ഹോട്ടലില്‍ വീണ്ടും പോലീസ് പരിശോധന. ഹോട്ടല്‍ സിഇഒ പ്രസാദ് നായരില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ഹാര്‍ഡ് ഡിസ്‌ക് അടക്കം അന്വേഷണ സംഘം പിടിച്ചെടുത്തു. 22 സിസിടിവികള്‍ ഹോട്ടലില്‍ ഉണ്ടെന്നാണ് വിവരം.

സൈബര്‍ സെല്‍ വിദഗ്ധര്‍, പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് സംഘം അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിവിധ വകുപ്പുകള്‍ ചേര്‍ന്നുകൊണ്ടാണ് അന്വേഷണം നടക്കുന്നത്. കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന എന്നും വിഷയം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ അന്വേഷിക്കുമെന്നും നേരത്തെ തന്നെ കളക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും അന്വേഷണ സംഘം ഹോട്ടലില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചത്.

കോണ്‍ഗ്രസ് നേതാക്കളുടെ റൂമിലെത്തിയ പണം പുറത്തേക്ക് പോയി എന്നാണ് ബിജെപി ആരോപിക്കുന്നത്. പണം ഹോട്ടലില്‍ എത്തി എന്നത് ആരോപണമാണ്. സത്യം അറിയാനായി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് പരിശോധനയിലേക്ക് പൊലീസ് തിരിഞ്ഞത്. ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ബിജെപിയും സിപിഎമ്മും ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാത്രിയിലായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ചിരുന്ന പാലക്കാട്ടെ ഹോട്ടല്‍ മുറികളില്‍ പോലീസ് പരിശോധന നടത്തിയത്. അനധികൃത പണം കൈവശംവെച്ചിരിക്കുന്നെന്ന് ആരോപിച്ചായിരുന്നു പോലിസ് നടപടി. ഇതിനു പിന്നാലെ യുഡിഎഫ് വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.