Sun. Dec 22nd, 2024

മംഗളൂരു: വിവിധ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്ത് ആമസോണില്‍ നിന്ന് 1.29 കോടി രൂപ കബളിപ്പിച്ച് തട്ടിയ രാജസ്ഥാന്‍ സ്വദേശികളായ യുവാക്കള്‍ മംഗളൂരുവില്‍ അറസ്റ്റില്‍. രാജ് കുമാര്‍ മീണ (23), സുഭാഷ് ഗുര്‍ജാര്‍ (27) എന്നിവരാണ് പിടിയിലായത്.

പെട്ടെന്ന് പണം സമ്പാദിക്കുന്നതിനായാണ് യുവാക്കള്‍ ഹൈടെക് തട്ടിപ്പ് നടത്തിയത്. വ്യാജ ഐഡന്റിറ്റികള്‍ ഉപയോഗിച്ച് വില കൂടുതലുള്ള കാമറകളും ലാപ്ടോപ്പുകളും കുറഞ്ഞ വിലയുള്ള സമാനമായ ഇനങ്ങളും ഓര്‍ഡര്‍ ചെയ്യും.

ഡെലിവറി ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങളിലെ സ്റ്റിക്കറുകള്‍ കുറഞ്ഞ മൂല്യമുള്ള ഇനങ്ങളില്‍ നിന്നുള്ളവയുമായി മാറ്റുകയും ചെയ്യും. തുടര്‍ന്ന്, ഉയര്‍ന്ന മൂല്യമുള്ള ഇനങ്ങള്‍ക്ക് തെറ്റായ ഒടിപികള്‍ നല്‍കുകയും ഒടുവില്‍ ഓര്‍ഡറുകള്‍ റദ്ദാക്കുകയും ചെയ്യും.

‘അമൃത്’ എന്ന പേരില്‍ തെറ്റായ വിവരങ്ങള്‍ ഉപയോഗിച്ച് സെപ്തംബര്‍ 21 ന് ഇരുവരും ഉയര്‍ന്ന മൂല്യമുള്ള രണ്ട് സോണി ക്യാമറകളും മറ്റ് പത്ത് സാധനങ്ങളും ഓര്‍ഡര്‍ ചെയ്തു. നഗരത്തിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തെ വിലാസത്തിലാണ് സാധനങ്ങള്‍ എത്തിക്കേണ്ടിയിരുന്നത്.

പ്രതികളിലൊരാളായ രാജ് കുമാര്‍ മീണ സാധനങ്ങള്‍ കൈപറ്റുകയും തെറ്റായ ഒടിപി നല്‍കുകയും ചെയ്തു. അതേസമയം, മറ്റൊരു പ്രതിയായ ഗുര്‍ജാര്‍ ഡെലിവറി ജീവനക്കാരുടെ ശ്രദ്ധ തിരിക്കുകയും സോണി കാമറ ബോക്‌സുകളിലെ ഒറിജിനല്‍ സ്റ്റിക്കറുകള്‍ മറ്റ് ഇനങ്ങളില്‍ നിന്നുള്ള സ്റ്റിക്കറുകള്‍ ഉപയോഗിച്ച് മാറ്റുകയും ചെയ്തു.

തുടര്‍ന്ന് രാജ് കുമാര്‍ തെറ്റായ ഒടിപി നല്‍കിയതിനാല്‍ ഡെലിവറി സ്ഥിരീകരിക്കാന്‍ കാലതാമസം നേരിട്ടു. പിന്നീട് കാമറകള്‍ക്കുള്ള ഓര്‍ഡര്‍ അവര്‍ റദ്ദാക്കുകയും ചെയ്തു.

ആമസോണിന്റെ ഡെലിവറി പങ്കാളിയായ മഹീന്ദ്ര ലോജിസ്റ്റിക്സ് സ്റ്റിക്കര്‍ സ്വാപ്പിംഗ് തന്ത്രം കണ്ടെത്തി ഇക്കാര്യം ആമസോണിനെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇരുവരെയും പിടികൂടിയ അധികൃതര്‍ മോഷ്ടിച്ച കാമറകള്‍ വിറ്റ് സമ്പാദിച്ച 11.45 ലക്ഷം രൂപ പിടിച്ചെടുത്തു.

മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാജസ്ഥാനിലേക്ക് പോകാനിരിക്കെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ആമസോണ്‍ ഡെലിവറി പോയിന്റില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്.

കാമറകള്‍, ഐഫോണുകള്‍, ലാപ്ടോപ്പുകള്‍ എന്നിവയുള്‍പ്പെടെ 10 ലക്ഷം രൂപ വിലവരുന്ന മറ്റ് 11 കേസുകളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അനുപം അഗര്‍വാള്‍ പറഞ്ഞു.

അസം, ഒഡീഷ, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കേരളം എന്നിവയുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ കേസുകളുണ്ട്.