Wed. Jan 22nd, 2025

 

കൊല്ലം: കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരായ അബ്ബാസ് അലി, ദാവൂദ് സുലൈമാന്‍, ശംസൂണ്‍ കരീം രാജ, മുഹമ്മദ് അയൂബ് എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതിയുടെ കണ്ടെത്തല്‍. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. നാലാം പ്രതി ഷംസുദ്ദീനെ കോടതി വെറുതെ വിട്ടു.

എട്ട് വര്‍ഷം ജയിലില്‍ കിഴിഞ്ഞെന്നും കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. പ്രതികള്‍ക്കെതിരെ യുഎപിഎ, ക്രിമിനല്‍ ഗൂഢാലോചന, കൊലപാതകശ്രമം, സ്‌ഫോടകവസ്തു നിയമം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.

2016 ജൂണ്‍ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴില്‍ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പില്‍ പ്രതികള്‍ ബോംബ് വെച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകര്‍ത്തിയിരുന്നു.

സ്‌ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയില്‍നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കരിംരാജ ബോംബുമായി കൊല്ലത്തെത്തി. ഇയാള്‍ തനിച്ചാണ് ജീപ്പില്‍ ബോംബ് വെച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ആന്ധ്രയിലെ സ്‌ഫോടനക്കേസ് അന്വേഷണത്തിനിടെ എന്‍ഐഎ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്‌ഫോടക വസ്തു ജീപ്പില്‍ വെച്ച ശഷം കരിംരാജ തിരികെ ബസ്സ്റ്റാന്‍ഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവര്‍, സംഭവത്തില്‍ പരിക്കേറ്റവര്‍, ഈ സമയം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവര്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് കേസിലെ സാക്ഷികള്‍.