Sun. Dec 22nd, 2024

 

ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് നല്‍കുന്നതാണെന്നും ഇറാന്‍ കരുതിയിരുന്നു

റാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ശനിയാഴ്ച ഇസ്രായേല്‍ കടുത്ത വ്യാമാക്രമണം നടത്തിയിരുന്നു. ഇരുപത് കേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തെ ഒരു പരിധിവരെ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് കേന്ദ്രങ്ങളിലായി ചെറിയ നാശനഷ്ടങ്ങളുണ്ടായി. നാല് സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തു. ആണവ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി മേധാവി റാഫേല്‍ മരിയാനോ ഗ്രോസി വ്യക്തമാക്കിയിരുന്നു.

ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്‍ വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിനില്ലെന്ന് പെസശ്കിയാന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

”ഞങ്ങള്‍ യുദ്ധത്തിനില്ല, പക്ഷേ എന്നാല്‍ രാജ്യത്തിന്റേയും ഇവിടുത്തെ ആളുകളുടെയും അവകാശം സംരക്ഷിക്കും. സയണിസ്റ്റ് ഭരണകൂടത്തിന്റെ ആക്രമണത്തിന് തക്ക മറുപടി നല്‍കും. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ ആശങ്കപ്പെടുത്തുന്ന നിലയിലേക്ക് സാഹചര്യം മാറും”, പെസശ്കിയാന്‍ വ്യക്തമാക്കി.

ഇസ്രായേല്‍ ഗാസയില്‍ ആക്രമണങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇറാനുമായുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുക്കപ്പെട്ടിരുന്നു. ഇറാനില്‍വച്ച് ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ്യ കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള നില വളരെ വഷളാക്കി. ഡമാസ്‌കസിലെ ഇറാനിയന്‍ എംബസിക്ക് നേര്‍ക്കുള്ള ഇസ്രായേല്‍ ആക്രമണം, അതിനു തിരിച്ചടിയായി ഇറാന്റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, ഇറാനിലെ ഇസ്ഫഹാന്‍ എയര്‍ബേസിലെ ഇസ്രായേല്‍ ആക്രമണം തുടങ്ങിയ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഇതിനിടെ നടന്നു.

ഇറാന്‍ പ്രസിഡന്റ് മസ്ഊദ് പെസശ്കിയാന്‍ Screengrab, Copyright: Mehr News Agency

പക്ഷേ, ഹിസ്ബുല്ല നേതാവിനെ നേരെയുള്ള ആക്രമണത്തോടെ ഇരു രാജ്യങ്ങളും നേരിട്ടുള്ള ആക്രമണത്തിലേക്ക് കടന്നു. ഈ മാസം ആദ്യം ഇറാന്‍ ഇസ്രായേലിനെതിരെ ആക്രമണം നടത്തി. അല്‍പം കാത്തിരുന്നേേശഷം ടെഹ്‌റാനില്‍ അടക്കം ഇറാനിലെ മൂന്ന് പ്രവിശ്യകളിലെ സൈനികത്താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേല്‍ തിരിച്ചടിച്ചു. ആദ്യമായാണ് ഉത്തരവാദിത്തമേറ്റെടുക്കുന്ന ഒരു ആക്രമണം ഇസ്രായേല്‍ നടത്തുന്നത്.

വെള്ളിയാഴ്ച വൈകുന്നേരമാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും കാബിനറ്റ് മന്ത്രിമാരുടെ യോഗത്തിനുശേഷം ആക്രമണത്തിന് അംഗീകാരം നല്‍കിയത്. ശനിയാഴ്ച പുലര്‍ച്ചെ ടെഹ്‌റാനിലും ഏതാനും മണിക്കൂറിനുശേഷം ഉലാം, ഖുസെസ്താനിലും ഇസ്രായേല്‍ ആക്രമണം ആരംഭിച്ചു.

ഇറാനിലെ വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, മിസൈല്‍ താവളങ്ങള്‍, ഡ്രോണ്‍ സംവിധാനങ്ങള്‍ എന്നിവയെയാണ് ഇസ്രായേല്‍ ലക്ഷ്യം വച്ചിരുന്നത്. ബാലിസ്റ്റിക് മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്തതായി ഇസ്രായേല്‍ പറയുമ്പോള്‍ നാശനഷ്ടങ്ങള്‍ പരിമിതമാണെന്നാണ് ഇറാന്‍ അവകാശപ്പെടുന്നത്.

ഇറാന് മേലുള്ള ആക്രമണങ്ങളില്‍ അപലപിച്ച് യുഎഇയും ഖത്തറും സൗദി അറേബ്യയും ഈജിപ്തും കുവൈത്തും ജോര്‍ദ്ദാനുമെല്ലാം രംഗത്ത് വരുമ്പോള്‍ ഇറാനെ എല്ലാ ഘട്ടത്തിലും പിന്തുണച്ച് സഹായം നല്‍കുന്ന റഷ്യയുടെ പ്രതികരണവും ശ്രദ്ധേയമാണ്. ഒരു ‘മഹാവിപത്തിനുള്ള സാഹചര്യം’ ഒഴിവാക്കാനും സ്ഥിതി നിയന്ത്രിക്കാനും ഇരുപക്ഷത്തോടും അഭ്യര്‍ത്ഥിക്കുയാണ് റഷ്യ ചെയ്തത്.

ഇറാനും ഇസ്രായേലും പരസ്പരം ശത്രുക്കളായിട്ട് ഒരുപാട് വര്‍ഷക്കാലമൊന്നുമായിട്ടില്ല. 1948ലാണ് ഇസ്രായേല്‍ രൂപീകരിക്കപ്പെട്ടത്. 1950 മാര്‍ച്ച് 14ന് ഇറാന്‍ ഇസ്രായേലിനെ അംഗീകരിച്ചു. തുര്‍ക്കിക്ക് ശേഷം ഇസ്രായേലിനെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ച രണ്ടാമത്തെ മുസ്ലീം ഭൂരിപക്ഷ രാജ്യമായിരുന്നു ഇറാന്‍. 1979 ലെ ഇസ്ലാമിക വിപ്ലവം നടക്കുന്നതുവരെ ഇറാനും ഇസ്രായേലും വളരെ അടുത്ത സൗഹൃദത്തിലായിരുന്നു.

മുഹമ്മദ് റെസ പഹ്ലവി ഭരണകൂടം ഇസ്രായേലുമായി സഖ്യരാഷ്ട്രം എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മാത്രമല്ല ഇസ്രായേലിന് അമേരിക്ക നല്‍കുന്ന പിന്തുണ അറബ് രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കാന്‍ കരുത്ത് നല്‍കുന്നതാണെന്നും ഇറാന്‍ കരുതിയിരുന്നു.

ഇറാനിയന്‍ സായുധ സേന രൂപീകരിക്കുന്നതില്‍ ഇസ്രായേലിന്റെ പങ്ക് വളരെ വലുതായിരുന്നു. കര്‍ഷകരായ ഇറാനിയന്‍ പൗരന്മാര്‍ക്ക് സൈനിക പരിശീലനം നല്‍കിയിരുന്നത് ഇസ്രായേലാണ്. അതുപോലെ സാങ്കേതിക മേഖലയിലും ഇസ്രായേലിന്റെ പിന്തുണ ഇറാന് ലഭിച്ചിരുന്നു. ഇറാനില്‍ ട്രെയിന്‍ ഗതാഗതം സാധ്യമാക്കുന്നതിലും ഇസ്രായേലിന്റെ പിന്തുണയുണ്ട്. ഇറാന്‍ ഇതിനൊക്കെ പകരമായി ഇസ്രായേലിന് എണ്ണ നല്‍കി. അതുമാത്രമല്ല, ഇസ്രായേലിന് പുറത്ത് ഏറ്റവും വലിയ രണ്ടാമത്തെ ജൂത സമൂഹം ജീവിക്കുന്നതും ഇറാനിലാണ്. ഇസ്ലാമിക വിപ്ലവം വരെ കാര്യങ്ങള്‍ ഇങ്ങനെ തന്നെ തുടര്‍ന്നു. ഇപ്പോഴും ഇരുപതിനായിരത്തിലധികം ജൂതര്‍ ഇറാനിലുണ്ട്.

ഇറാനില്‍ നടന്ന ഇസ്ലാമിക വിപ്ലവത്തില്‍ നിന്നും Screengrab, Copyright: AP

1952ല്‍ മുഹമ്മദ് മുസദ്ദിഖ് ഇറാന്റെ പ്രധാനമന്ത്രിയായതിനുശേഷം സ്ഥിതി മാറി. രാജ്യത്തെ എണ്ണ വ്യവസായം ദേശസാത്കരിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. ബ്രിട്ടന്‍ കുത്തകയാക്കിയിരുന്ന എണ്ണ വ്യവസായം ദേശസാത്കരിക്കുന്നത് പടിഞ്ഞാറിന് വലിയ തിരിച്ചടിയായിരുന്നു. മേഖലയില്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനായി പ്രവര്‍ത്തിച്ചിരുന്ന ഇസ്രായേലുമായുള്ള ബന്ധം അവസാനിപ്പിക്കാനും മുസദ്ദിഖ് തീരുമാനിച്ചു.

1953ല്‍ യുഎസ്, യുകെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ നടത്തിയ അട്ടിമറിയില്‍ മുസദ്ദിഖ് സര്‍ക്കാറിന് ഭരണം നഷ്ടമായതോടെ കാര്യങ്ങള്‍ വീണ്ടും മാറിമറിഞ്ഞു. ആയുധങ്ങളുടെയും രഹസ്യാന്വേഷണത്തിന്റെയും കാര്യത്തിലടക്കം സഹകരണം ശക്തമായി. ഇറാന്‍ ഇസ്രായേലില്‍ നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ വാങ്ങുകയും പെട്രോളിയം കയറ്റുമതി ചെയ്യുകയും ചെയ്തു. ഇസ്രായേല്‍ ടെഹ്റാനില്‍ എംബസി സ്ഥാപിച്ചു. ഇരു രാജ്യങ്ങളും പരസ്പരം അംബാസിഡര്‍മാരെ നിയമിച്ചു. ഇസ്രായേലിന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ ദാതാവായി ഒരുഘട്ടത്തില്‍ ഇറാന്‍ മാറി.

ഇസ്രായേലി-ഇറാനിയന്‍ സംയുക്ത സംരംഭമായ എയ്‌ലാറ്റ്-അഷ്‌കെലോണ്‍ പൈപ്പ് ലൈന്‍ വഴിയാണ് ഇറാനിയന്‍ എണ്ണ യൂറോപ്യന്‍ വിപണികളിലേക്ക് കയറ്റി അയച്ചത്. ഇസ്രായേല്‍ നിര്‍മാണ സ്ഥാപനങ്ങളും എന്‍ജിനീയര്‍മാരും ഇറാനില്‍ സജീവമായതോടെ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം ഉണര്‍ന്നു. ഇസ്രായേലി ദേശീയ വിമാനക്കമ്പനിയായ എല്‍അല്‍ ടെല്‍ അവീവിനും ടെഹ്‌റാനുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ നടത്തി. ഇരുരാജ്യങ്ങളും സൈനിക സഹകരണവും പദ്ധതികളും രഹസ്യമായി സൂക്ഷിച്ചിരുന്നുവെങ്കിലും അവ വ്യാപകമായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

1979ലെ ഇസ്ലാമിക വിപ്ലവത്തോടെ ഇറാന്റെ നിലപാട് മാറി. ആയത്തൊള്ള റൂഹൊള്ള ഖൊമേനി അധികാരത്തില്‍ വന്നതോടെ ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും ഇറാന്‍ അവസാനിപ്പിച്ചു. റൂഹൊള്ള ഖൊമേനി ഇറാന്റെ പരമോന്നത നേതാവാകുന്നതിന് മുമ്പ് തന്നെ ഇസ്രായേലിന്റെ കടുത്ത വിമര്‍ശകനായിരുന്നു. പഹ്ലവി രാജവംശത്തിന് ഇസ്രായേലുമായുള്ള ബന്ധത്തെ അദ്ദേഹം എല്ലാക്കാലത്തും വിമര്‍ശിച്ചിരുന്നു. ഇസ്ലാമിക വിപ്ലവം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ഇറാന്‍ ഇസ്രായേലുമായുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിച്ചു.

ഇസ്രായേലിനെ ഒരു രാഷ്ട്രമായി അംഗീകരിച്ചത് പിന്‍വലിക്കുകയും ഇസ്രായേലുമായുള്ള നയതന്ത്രപരവും വാണിജ്യപരവുമായ എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയും ചെയ്തു. ഇസ്രായേലി പാസ്‌പോര്‍ട്ടുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ചു. ഇറാന്റെ പാസ്‌പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് ‘അധിനിവേശ ഫലസ്തീനിലേക്ക്’ യാത്ര ചെയ്യുന്നത് വിലക്കി. ടെഹ്‌റാനിലെ ഇസ്രായേല്‍ എംബസി അടച്ച് പിഎല്‍ഒയ്ക്ക് കൈമാറുകയും ചെയ്തു.

പിന്നീട് ഫലസ്തീന്‍ അധിനിവേശത്തില്‍ ഇസ്രായേലിനെതിരെ ആഞ്ഞടിച്ച് ഇറാന്‍ രംഗത്തെത്തുകയും ചെയ്തു. കാലക്രമേണ ഇറാന്‍ ഇസ്രായേലിനെതിരെ വളരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അറബ് രാജ്യങ്ങളുടെയും അവരുടെ പൗരന്‍മാരുടെയും പ്രീതി പിടിച്ചുപറ്റാനും ഈ നിലപാട് ഉപകരിച്ചു.

ടെഹ്റാനിലെ ഇസ്രായേല്‍ എംബസി ഫലസ്തീന്‍ എംബസിയാക്കി മാറ്റി. എല്ലാ വര്‍ഷവും റമദാനിലെ അവസാന വെള്ളി ‘ഖുദ്സ് ഡെ’ ആയി ആചരിക്കാന്‍ ആയത്തുല്ല റൂഹുല്ല ഖൊമേനി ആഹ്വാനം ചെയ്തു. ഈ ദിവസം ഇറാനില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടക്കാറുണ്ട്. അറബ് രാഷ്ട്രങ്ങള്‍ ഇസ്രായേലിനോടുള്ള നിലപാട് മയപ്പെടുത്തിയപ്പോഴും യാതൊരു വിട്ടുവീഴ്ചക്കും ഇറാന്‍ തയ്യാറായിരുന്നില്ല.

1982ല്‍ സൗത്ത് ലെബനാനില്‍ ആഭ്യന്തര കലാപം അടക്കുന്ന സമയത്ത് അതിലിടപെടാന്‍ പട്ടാളത്തെ അയക്കാന്‍ ഇസ്രായേല്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോള്‍ തന്നെ ഖൊമേനി ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡുകളെ ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് പറഞ്ഞയച്ചു. അങ്ങനെ രൂപീകരിക്കപ്പെട്ട സായുധ സംഘമാണ് ഹിസ്ബുള്ള മിലീഷ്യ. അത് ഇപ്പോഴും ലെബനാനിലെ ഇറാന്റെ സൈനിക സാന്നിധ്യമായി കണക്കാക്കുന്നു.

ഫലസ്തീനില്‍ ഉയര്‍ന്നുവന്ന ഹമാസിനും ഇറാന്‍ വലിയ പിന്തുണ നല്‍കി. ഇതോടെ ഇറാന്‍ ഹമാസിന്റെ പ്രാഥമിക സൈനിക-സാമ്പത്തിക പങ്കാളിയായി. അവര്‍ ഇറാന്റെ ധനസഹായത്തോടെയും പിന്തുണയോടെയും സായുധ പോരാട്ടം ആരംഭിച്ചു. ഈ ഗ്രൂപ്പുകള്‍ക്ക് ഇറാന്‍ നല്‍കിയ പിന്തുണയുടെ കൃത്യമായ സ്വഭാവവും വ്യാപ്തിയും പുറത്തുവന്നിട്ടില്ല. പക്ഷേ, ഇറാന്റെ സാമ്പത്തിക-സൈനിക പിന്തുണ ഇരുഗ്രൂപ്പുകള്‍ക്കും കാര്യമായി ലഭിച്ചിരുന്നു എന്നത് പകല്‍പോലെ സത്യമാണ്. മറുവശത്ത് വര്‍ഷങ്ങളായി ഇറാന്‍ സര്‍ക്കാരിനെ എതിര്‍ക്കുന്ന വിവിധ ഗ്രൂപ്പുകളെ ഇസ്രായേല്‍ പിന്തുണച്ചിട്ടുണ്ട്.

1982ല്‍ സൗത്ത് ലെബനാനില്‍ നടന്ന ആഭ്യന്തര കലാപം Screengrab, Copyright: Wikipedia

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളില്‍ ഇസ്രായേലും യുഎസും എന്നും പ്രതിസ്ഥാനത്ത് നിര്‍ത്തുന്നവരാണ് ഇറാന്‍. ഹമാസിനും ഹിസ്ബുല്ലക്കും സായുധ പിന്തുണ നല്‍കുന്നത് ഇറാന്‍ ആണെന്നാണ് യുഎസും ഇസ്രായേലും എപ്പോഴും ആരോപിക്കാറുള്ളത്. മാത്രമല്ല, ഇറാന്‍ ആണവ രാഷ്ട്രമായതിനാല്‍ ഇറാന്റെ ആണവ പദ്ധതികളെ യുഎസ് നയിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ഭയവുമുണ്ട്. അതിനാല്‍ത്തന്നെ ആണവകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഈ രാജ്യങ്ങളുടെ ഇടപെടല്‍ ഉണ്ടേയേക്കാം.

ആണവ ആയുധങ്ങള്‍ മാത്രമല്ല, ആയുധങ്ങളുടെ കാര്യത്തിലും ഇറാനും ഇസ്രായേലും ബലവാന്മാരാണ്. സേനാംഗങ്ങളുടെ എണ്ണം ഇസ്രയേലിന് 1.7 ലക്ഷമാണ്. 4.65 ലക്ഷം റിസര്‍വ് സൈനികരും 35000 പാരമിലിറ്ററി സേനാംഗങ്ങളും ഇസ്രായേലിനുണ്ട്. ഇറാന് 6.1 ലക്ഷം സൈനികരും 3.5 ലക്ഷം റിസര്‍വ് സൈനികരും 2.2 ലക്ഷം പാരാമിലിറ്ററി സൈനികരുമുണ്ട്. വ്യോമക്കരുത്ത് കണക്കാക്കിയാല്‍ ഇസ്രയേലിന് 612 വിമാനങ്ങളുണ്ട്. ഇതില്‍ 345 ഫൈറ്റര്‍ജെറ്റുകളും 43 അറ്റാക് ഹെലികോപ്റ്ററുകളുമുണ്ട്. എന്നാല്‍ ഇറാന് 551 വിമാനങ്ങളാണുള്ളത്. 312 ഫൈറ്റര്‍ വിമാനങ്ങളും അഞ്ചോളം അറ്റാക് ഹെലികോപ്റ്ററുകളും ഇറാനുണ്ട്.

1970 കളുടെ മധ്യത്തോടെയാണ് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം വികസിപ്പിക്കാന്‍ ഇറാനിലെ അന്നത്തെ ഷാ ഭരണകൂടം തീരുമാനിച്ചത്. ഇത് പശ്ചിമേഷ്യയിലെ ആണവായുധങ്ങളുടെ മേലുള്ള കുത്തക അവസാനിപ്പിക്കുമെന്നതിനാല്‍ തന്നെ ഇസ്രായേലിന് വലിയ താല്‍പര്യം ഉണ്ടായിരുന്നില്ല. 1977 ല്‍ നൂതന മിസൈല്‍ സംവിധാനങ്ങള്‍ വികസിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. പക്ഷേ, ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. 1979ല്‍ തടസപ്പട്ട സിവിലിയന്‍ ആണവ പദ്ധതി റഷ്യന്‍ സഹായത്തോടെ പൊടിതട്ടിയെടുക്കാന്‍ ഇറാന്‍ പുനരാലോചന തുടങ്ങുന്നത് 1990കളുടെ മധ്യത്തിലാണ്. പക്ഷേ ഇക്കാര്യത്തില്‍ ഇസ്രായേലിന് വലിയ ആശങ്കയുണ്ടായിരുന്നു.

ഇസ്രായേലിന് ആണവായുധങ്ങള്‍ ഉണ്ടെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. 1968 ലെ ആണവനിര്‍വ്യാപന ഉടമ്പടിയില്‍ (എന്‍പിടി) ഒപ്പുവെച്ചിട്ടില്ലാത്തതിനാല്‍ ഇസ്രയേല്‍ പരിശോധനയ്ക്ക് വിധേയമല്ല. മറുവശത്ത്, ഇറാന്‍ എന്‍പിടിയിലും അതിന്റെ സുരക്ഷാ കരാറിലും ഒപ്പുവച്ച രാജ്യമാണ്. കൂടാതെ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയുടെ (ഐഎഇഎ) പരിശോധനകള്‍ക്ക് വിധേയവുമാണ്.

2000കളുടെ തുടക്കത്തില്‍, ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിക്കാന്‍ ആരംഭിച്ച ഘട്ടത്തില്‍ പിരിമുറുക്കം മറ്റൊരു തലത്തിലേക്ക് ഉയര്‍ന്നു. 2005 ല്‍ തീവ്ര യാഥാസ്ഥിതികനായ മഹ്‌മൂദ് അഹമ്മദി നെജാദ് ഇറാന്റെ പ്രസിഡന്റായതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലത്തിലെത്തി. ഇറാനെ ഒരിക്കലും ആണുവായുധം വികസിപ്പിക്കാന്‍ അനുവദിക്കില്ലെന്ന ഇസ്രായേലിന്റെ പ്രഖ്യാപനം ഇത് രൂക്ഷമാക്കി. പക്ഷേ, തങ്ങളുടെ ആണവ പരിപാടി സിവിലിയന്‍ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്‍ ആവര്‍ത്തിക്കുന്നത്.

ഇറാന്റെ ആണവായുധ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന മുഹ്സിന്‍ ഫക്രിസാദെയെ 2020ല്‍ പിക്കപ്പ് ട്രക്കിന്റെ പിന്നില്‍ ഘടിപ്പിച്ച സാറ്റലൈറ്റ് നിയന്ത്രിത മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് പിന്നില്‍ ഇസ്രായേലാണെന്നാണ് കരുതപ്പെടുന്നത്. മറുവശത്ത്, ഇസ്രായേലിന്റെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലുകള്‍ക്ക് നേരെ നിരവധി ഡ്രോണ്‍ ആക്രമണങ്ങളും സൈബര്‍ ആക്രമണങ്ങളും ഇറാന്‍ നടത്തി.

ഇസ്ലാമിക വിപ്ലവത്തിന് ശേഷം മേഖലയിലെ പല അറബ് രാജ്യങ്ങളുമായും ഇസ്രായേല്‍ ബന്ധം സാധാരണ നിലയിലാക്കിയിരുന്നു. 1980 ഈജിപ്തുമായും 1994 ല്‍ ജോര്‍ദാനുമായും ഇസ്രായേല്‍ ബന്ധം സ്ഥാപിച്ചു. 2020 ന്റെ അവസാനത്തില്‍ അബ്രഹാം ഉടമ്പടി എന്ന് വിളിക്കപ്പെടുന്ന കരാറിന് പിന്നാലെ യുഎഇ, ബഹ്റൈന്‍, സുഡാന്‍, മൊറോക്കോ എന്നിവ ഇസ്രായേലുമായി ഔപചാരിക നയതന്ത്ര ബന്ധം സ്ഥാപിച്ചു.

2011 ല്‍ പൊട്ടിപ്പുറപ്പെട്ട സിറിയന്‍ ആഭ്യന്തര യുദ്ധം നല്‍കിയ അവസരം മുതലെടുത്ത് ഇറാന്‍ ഇസ്രായേലിന് സമീപമുള്ള പ്രദേശങ്ങളില്‍, പ്രത്യേകിച്ച് സിറിയയില്‍ സ്വാധീനം വിപുലീകരിച്ചു. ചൈന ഇടനിലക്കാരനായ കരാറിനെത്തുടര്‍ന്ന് വര്‍ഷങ്ങളുടെ പിണക്കം പറഞ്ഞുതീര്‍ത്ത് സൗദി അറേബ്യ ഇറാനുമായുള്ള നയതന്ത്രബന്ധം പുനസ്ഥാപിക്കുകയും ചെയ്തു. പക്ഷേ, ഇത്തരത്തിലുള്ള അനുരഞ്ജനത്തെ ഇറാന്‍ ശക്തമായി എതിര്‍ത്തു. ഇസ്രായേലുമായുള്ള സഹകരണം ഫലസ്തീനോടുള്ള വഞ്ചനയായാണ് ഇറാന്‍ കണക്കാക്കുന്നത്.

FAQs

എന്താണ് ഹിസ്ബുള്ള??

ലെബനാനിലെ ആഭ്യന്തര യുദ്ധകാലത്ത് 1982ല്‍ സ്ഥാപിതമായ ഷിയാ സായുധ സംഘടനയാണ് ഹിസ്ബുള്ള. ഒരു മതാധിഷ്ടിത പ്രസ്ഥാനം എന്നതിന് പുറമെ ലെബനനിലെ പാര്‍ലമെന്റില്‍ അംഗങ്ങളുള്ള രാഷ്ട്രീയ വിഭാഗവും സായുധ വിഭാഗവും ഹിസ്ബുള്ളയ്ക്കുണ്ട്.

ആരാണ് ആയത്തുല്ല ഖൊമേനി?

ഇറാന്റെ ആദ്യ പരമോന്നത നേതാവ്. മുഹമ്മദ്‌ റെസാ പഹ്‌ലവിയെ സ്ഥാനഭ്രഷ്ടനാക്കിയ ഇസ്ലാമിക വിപ്ലവത്തിന്റെ രാഷ്ട്രീയ-ആത്മീയ ആചാര്യൻ. വിപ്ലവം വിജയിച്ചതു മുതൽ മരണം വരേ ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്റെ പരമോന്നത നേതാവായിരുന്നു.

എന്താണ് ഇറാനിലെ ഇസ്‌ലാമിക വിപ്ലവം?

ഇറാനിലെ ഷാ ഭരണകൂടത്തിനെതിരെ ആയത്തുല്ല ഖൊമേനിയുടെ നേതൃത്വത്തിൽ ഇറാനിലെ ഇസ്ലാമിസ്റ്റുകൾ നടത്തിയ വിപ്ലവമാണ് ഇറാനിലെ ഇസ്‌ലാമിക വിപ്ലവം എന്നറിയപ്പെടുന്നത്. ഇറാനിയൻ വിപ്ലവം, ഇസ്‌ലാമിക വിപ്ലവം, 1979 വിപ്ലവം എന്നൊക്കെ അറിയപ്പെടുന്ന ഈ സംഭവം ഇരുപതാം നൂറ്റാണ്ടിൽ സ്വാധീനം ചെലുത്തിയ പ്രധാന സംഭവങ്ങളിലോന്നായി കണക്കാപ്പെടുന്നു.

Quotes

“യുദ്ധം ജയിച്ചാൽ മാത്രം പോരാ, സമാധാനം സ്ഥാപിക്കലാണ് കൂടുതൽ പ്രധാനം- അരിസ്റ്റോട്ടിൽ.