Thu. Nov 21st, 2024

ഇടുക്കി: ഇടുക്കി ജില്ലാ ആശുപത്രിയിൽ ബഹളം വെച്ച യുവാക്കളെ അനുനയിപ്പിക്കാനെത്തിയ പോലീസുകാരെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിലായി. ഓട്ടോറിക്ഷയിൽ നിന്നും തെറിച്ചു വീണ യുവാവിനെ ചികിത്സിപ്പിക്കാൻ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിയതായിരുന്നു യുവാക്കൾ.

തൊടുപുഴ പഞ്ചവടിപ്പാലം പാറയിൽ വീട്ടിൽ അഭിജിത്ത് (24), വാഴക്കുളം ആവോലി ചെമ്പിക്കര വീട്ടിൽ അമൽ (19), പാലക്കുഴ മാറിക പുത്തൻപുരയിൽ അഭിജിത്ത് (24), സഹോദരൻ അജിത്ത് (19) എന്നിവരാണ് പിടിയിലായത്. തൊടുപുഴ പോലീസ് കൺട്രോൾ റൂമിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ ഷാജിത്തിന് മുഖത്തും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്. സിപിഒ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ – ഞായറാഴ്ച വൈകീട്ട് തൊടുപുഴ ജില്ലാ ആശുപത്രിയിലാണ് സംഭവം. ഓട്ടോയിൽ നിന്ന് തെറിച്ച് വീണ അമലുമായാണ് യുവാക്കൾ ആശുപത്രിയിലെത്തിയത്. മദ്യലഹരിയിലായിരുന്ന ഇവർ ഡോക്ടറുമാരും ജീവനക്കാരുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു.

എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ ബഹളം കേട്ടെത്തി. ഉദ്യോഗസ്ഥനോടും ഇവർ മോശമായി പെരുമാറി. തുടർന്ന് കൺട്രോൾ റൂമിൽ നിന്ന് പോലീസുകാർ എത്തിയപ്പോൾ യുവാക്കൾ അക്രമാസക്തരാകുകയായിരുന്നു. കൂടുതൽ പോലീസ് എത്തിയാണ് ഇവരെ കീഴ്പ്പെടുത്തിയത്. ആശുപത്രിയുടെ പ്രവർത്തനം തടസ്സപ്പെടുത്തിയതിനും പോലീസ് ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തതിനും ഇവർക്കെതിരെ കേസ് എടുത്തിട്ടുണ്ട്.