Mon. Nov 4th, 2024

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകൾ സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബർ ക്രിമിനലുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ നൽകുന്ന ബൾക്ക് പേഔട്ട് സൗകര്യം ചൂഷണം ചെയ്ത് ഷെൽ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്ന അന്തർദേശീയ സൈബർ കുറ്റവാളികളാണ് ഗേറ്റ് വേകൾ സൃഷ്ടിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.

അടുത്തിടെ ഗുജറാത്തിലെയും ആന്ധ്രാപ്രദേശിലെയും പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത ഡിജിറ്റൽ പേയ്മെന്റ് ഗേറ്റ്വേകൾ സൃഷ്ടിച്ചതായി കണ്ടെത്തി. വിവിധ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച വരുമാനം വെളുപ്പിക്കുന്നതിനായാണ് സൈബർ കുറ്റവാളികൾ ഇത്തരം അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകൾ സൃഷ്ടിച്ചത്. വിദേശ പൗരന്മാരാണ് ഇതിന് പിന്നിൽ. കള്ളപ്പണം വെളുപ്പിക്കൽ എന്ന തരത്തിലാണ് ഈ ഗേറ്റ് വേകൾ സേവനം നൽകുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു. ഈ മ്യൂൾ അക്കൗണ്ടുകൾ വിദേശത്ത് നിന്നാണ് നിയന്ത്രിക്കുന്നത്.

വ്യാജ നിക്ഷേപ തട്ടിപ്പ് സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, വ്യാജ സ്റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ക്രിമിനൽ സിൻഡിക്കേറ്റുകൾക്ക് നൽകുന്ന ഈ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരു നിയമവിരുദ്ധ പേയ്മെന്റ് ഗേറ്റ്വേ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം ഉടൻ തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഇവരുടെ രീതിയെന്നും കേന്ദ്രസർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു. അനധികൃത പ്രവർത്തനങ്ങൾക്കായി മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈയിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബാങ്ക് അക്കൗണ്ട് ആണിത്. ഇത്തരം അക്കൗണ്ടുകൾ ഏതുതരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. ഇത്തരം പ്രവർത്തനങ്ങളുടെ അന്വേഷണം നടത്തുമ്പോൾ യഥാർഥ ഉടമകളാകും പ്രതികളാകുക.