കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയുടെ നാമനിര്‍ദേശ പത്രിക വരണാധികാരി കൂടിയായ ജില്ലാ കളക്ടർ സ്വീകരിച്ചു.
പ്രിയങ്കയുടെ സ്വത്തുവിവരം പൂർണമല്ലെന്നും നാമനിര്‍ദേശ പത്രികയില്‍ ഭര്‍ത്താവ് റോബര്‍ട്ട് വാധ്രയുടെ സ്വത്തുവിവരങ്ങളില്‍ വ്യാപക പൊരുത്തക്കേടുണ്ടെന്നും ആരോപിച്ച് നാമനിര്‍ദേശ പത്രിക തള്ളണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.
വാധ്രയുടെ മൊത്തം ആസ്തി പത്രികയില്‍ വെളിപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷങ്ങളില്‍ ആദായനികുതി വകുപ്പ് കണ്ടെത്തിയതും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നായിരുന്നു ആക്ഷേപം. ഭര്‍ത്താവ് റോബര്‍ട്ട് വാധ്രക്കും തനിക്കും കൂടി 78 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് വയനാട്ടിലെ സത്യവാങ്മൂലത്തില്‍ പ്രിയങ്ക പറയുന്നത്. 12 കോടിയാണ് പ്രിയങ്കയുടെ മാത്രം ആസ്തി. ഇതില്‍ ഡല്‍ഹി മെഹറോളിയില്‍ രണ്ട് കോടി പത്ത് ലക്ഷം രൂപയുടെ കൃഷി ഭൂമിയും ഫാം ഹൗസുമുണ്ട്. ഷിംലയില്‍ 5.63 കോടി രൂപ മൂല്യം വരുന്ന വീടും സ്വത്തും അഞ്ഞൂറ്റി അന്‍പത് പവന്‍ സ്വര്‍ണ്ണവും മുപ്പത് ലക്ഷം രൂപയുടെ വെള്ളിയും പ്രിയങ്കക്കുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.