Fri. Dec 27th, 2024

 

ടെഹ്റാന്‍: കഴിഞ്ഞദിവസം തങ്ങള്‍ക്കുനേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം അതിര്‍ത്തി കടന്നുള്ളതല്ലെന്ന് ഇറാന്‍. ഇറാഖിലെ യുഎസ് നിയന്ത്രിക്കുന്ന വ്യോമ മേഖലയില്‍ നിന്നാണ് ഇസ്രായേല്‍ പരിമിതമായ ആക്രമണം നടത്തിയത് എന്ന് ഇറാന്‍ സായുധസേനയുടെ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇറാന്റെ അതിര്‍ത്തിയുടെ 100 കിലോമീറ്റര്‍ പരിധിയില്‍ പോലും ഇസ്രായേലിന്റെ യുദ്ധവിമാനങ്ങള്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ആക്രമണത്തില്‍ ഇറാന്റെ റഡാര്‍ സംവിധാനങ്ങള്‍ക്ക് നേരിയ നാശനഷ്ടം സംഭവിച്ചതായും സേനാ തലവന്‍ വ്യക്തമാക്കി.

അതിര്‍ത്തി പ്രവിശ്യകളായ ഇലം, ഖുഴെസ്തകാന്‍ എന്നിവിടങ്ങളിലും രാജ്യ തലസ്ഥാനമായ ടെഹ്റാനിലുമുള്ള റഡാര്‍ സംവിധാനങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചത്. തകരാറ് സംഭവിച്ച എല്ലാ റഡാര്‍ യൂണിറ്റുകളുടേയും തകരാറ് പരിഹരിക്കുകയോ പുതിയവ സ്ഥാപിക്കുകയോ ചെയ്തുകഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘നിയമവിരുദ്ധമായ നീക്കമാണ് ഇസ്രയേല്‍ നടത്തിയത്. തങ്ങള്‍ക്കുനേരെ വന്ന മിസൈലുകളെ റഡാര്‍ സംവിധാനങ്ങള്‍ കണ്ടെത്തിയിരുന്നു. ശത്രുവിന്റെ യുദ്ധവിമാനങ്ങളെ ഇറാന്റെ വ്യോമമേഖലയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് ഫലപ്രദമായി തടയാനും കഴിഞ്ഞു.’, ഇറാന്‍ സായുധസേനാ ജനറല്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബര്‍ ഒന്നിലെ മിസൈല്‍ ആക്രമണത്തിന് മറുപടിയായാണ് ഇസ്രായേല്‍ ഇറാനെ ആക്രമിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങളുണ്ടായി. ആക്രമണത്തില്‍ രണ്ട് പട്ടാളക്കാര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ സൈന്യം അറിയിച്ചു. ടെഹ്‌റാന്‍, ഇലാം, ഖുസെസ്താന്‍ എന്നീ പ്രവിശ്യകളിലെ വ്യോമതാവളങ്ങളില്‍ ആക്രമണമുണ്ടായതായി ഇറാന്റെ വ്യോമപ്രതിരോധ ആസ്ഥാനം നേരത്തേ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.