Mon. Dec 23rd, 2024

കല്‍പറ്റ: വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അമ്മക്കടുവയും മൂന്ന് കുട്ടികളുമാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. ഇവയെ പിടികൂടുന്ന ദൗത്യം ശ്രമകരമാണെന്നാണ് വനം വകുപ്പ് വിലയിരുത്തൽ.

സമാനസാഹചര്യത്തിൽ നേരത്തെ കർണാടകയിൽ പരീക്ഷിച്ചു വിജയിച്ച വലിയ കൂട് വയനാട്ടിലെത്തിച്ച് കെണിയൊരുക്കാനാണ് വനം വകുപ്പിന്റെ നീക്കം. തിങ്കളാഴ്ച മൂന്നു പശുക്കളെ കടുവകൾ പിടിച്ചിരുന്നു. കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാർ. വലിയ കൂടെത്തിക്കാനുള്ള അനുമതി ലഭിച്ചാൽ നടപടിയുമായി മുന്നോട്ടുപോകുമെന്ന് വയനാട് സൗത്ത് ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഡിസംബറിലും ഈ വർഷം ഏപ്രിലിലും ഇതേ കടുവകളെ സമീപപ്രദേശങ്ങളിലായി ജനങ്ങൾ കണ്ടിരുന്നു.