Sun. Dec 22nd, 2024

 

വാഷിങ്ടണ്‍: ഇസ്രായേല്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയുടെ ഇസ്രായേല്‍ പോളിസി മേധാവി ജോര്‍ദാന കട്ലര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരതയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീനുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റുകളടക്കം സെന്‍സര്‍ ചെയ്യാന്‍ മെറ്റയ്ക്ക് ജോര്‍ദാന നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഫലസ്തീന്‍ അനുകൂല കാമ്പസ് പ്രതിഷേധങ്ങളില്‍ പ്രധാന പങ്ക് വഹിച്ച ഗ്രൂപ്പാണ് സ്റ്റുഡന്റ്സ് ഫോര്‍ ജസ്റ്റിസ് ഇന്‍ ഫലസ്തീന്‍ (എസ്ജെപി). ഇതുമായി ബന്ധപ്പെട്ട ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളാണ് സെന്‍സര്‍ഷിപ്പ് ചെയ്യണമെന്ന് ഇസ്രായേല്‍ സര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥകൂടിയായ ജോര്‍ദാന കട്ലര്‍ ആവശ്യപ്പെട്ടതെന്ന് ദി ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

എസ്ജെപിയുടെ പോസ്റ്റുകളും ഇസ്രായേലിന്റെ വിദേശ നയത്തെ വിമര്‍ശിക്കുന്ന മറ്റ് ഉള്ളടക്കങ്ങളും ജോര്‍ദാന അവലോകനം ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എസ്ജെപിക്ക് പുറമെ ഫലസ്തീന് പിന്തുണ നല്‍കുന്ന ജൂയിഷ് വോയിസ് ഫോര്‍ പീസി(ജെവിപി)നേയും ഇവര്‍ ലക്ഷ്യമിട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ (പിഎഫ്എല്‍പി), ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍ എന്നി സംഘടനകളുമായി സഹകരിച്ച് ജെവിപി പങ്കുവച്ച കുറിപ്പുകള്‍ നീക്കാനും അവ റീഡിങ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനും ജോര്‍ദാന നിര്‍ദേശം നല്‍കിയിരുന്നു.

പിഎഫ്എല്‍പി അംഗമായ ലൈല ഖാലിദിനെക്കുറിച്ചുള്ള എസ്ജെപിയുടെ പോസ്റ്റ് നീക്കം ചെയ്യാനും കട്‌ലര്‍ മെറ്റയെ പ്രേരിപ്പിച്ചു. ആഗോളതലത്തില്‍ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് നടന്ന ഫലസ്തീന്‍ അനുകൂല പരിപാടികളുടെ വിവരങ്ങളും പരിപാടികളെ തകര്‍ക്കാനായി ഇസ്രായേല്‍ അനുകൂലികള്‍ നടത്തിയ ആക്രമണങ്ങളും ജോര്‍ദാന നിരീക്ഷിക്കുകയും ഇത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടാതെ ഗാസയിലെ ഇസ്രായേല്‍ ക്രൂരത വ്യക്തമാക്കുന്ന വിഡിയോകളും നീക്കം ചെയ്യാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കട്ലര്‍ ആവശ്യപ്പെട്ടതനുസരിച്ച് മെറ്റ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തിരുന്നുവോ എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ഇതില്‍ മെറ്റയുടെ ഔദ്യോഗിക പ്രതികരണവും പുറത്തുവന്നിട്ടില്ല.

ഇസ്രായേല്‍ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന ജോര്‍ദാന കട്ലര്‍ 2016ലാണ് മെറ്റയില്‍ ചേര്‍ന്നത്. വാഷിങ്ടണ്‍ ഡിസിയിലെ ഇസ്രായേല്‍ എംബസിയിലും പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഉപദേശകയായും ഇവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലിക്കായുള്ള അഭിമുഖത്തിനിടെ മെറ്റയ്ക്കും ഇസ്രായേലിനുമിടയിലെ കണ്ണിയായി പ്രവര്‍ത്തിക്കുമെന്ന് കട്ലര്‍ പ്രസ്താവിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേല്‍ താല്പര്യങ്ങളെ പ്രതിനിധീകരിക്കാനാണ് ജോര്‍ദാന കട്ലറിനെ മെറ്റയുടെ ഭാഗമായി നിയോഗിച്ചതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘മെറ്റയില്‍ നമ്മുടെ വനിത’ എന്നാണ് അന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നത്.