Sat. Oct 26th, 2024

 

തിരുവനന്തപുരം: എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് കൈക്കൂലി നല്‍കി എന്‍സിപിയില്‍ എത്തിക്കാന്‍ തോമസ് കെ തോമസ് എംഎല്‍എ ശ്രമിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും അവര്‍ക്ക് വെച്ചുനീട്ടുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തിയത് അങ്ങേയറ്റം അപമാനകരമാണെന്ന് ബോനോയ് വിശ്വം പറഞ്ഞു.

ഈ വാര്‍ത്ത വളരെ ഗൗരവമായാണ് സിപിഐ കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് സിപിഐ സ്വീകരിച്ചിരിക്കുന്ന നിലപാട്. കാളച്ചന്തയിലെ കാളകളെ പോലെ എംഎന്‍എമാരെ വാങ്ങുന്ന ഏര്‍പ്പാട് ഇന്ത്യയിലെ പലഭാഗത്തുമുണ്ട്. അത് കേരളത്തിലേക്ക് എത്തുന്നുവെന്നത് അപമാനകരം തന്നെയാണ്. അതിനെകുറിച്ച് ഗൗരവകരമായി തന്നെ അന്വേഷണം നടക്കണമെന്നാണ് ബിനോയി വിശ്വം ആവശ്യപ്പെട്ടിരിക്കുന്നത്.

കോഴ ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അത്തരത്തിലുള്ള ഒരാള്‍ക്കും എല്‍ഡിഎഫിന്റെ ഭാഗമായിരിക്കാന്‍ അര്‍ഹതയില്ല. എല്‍ഡിഎഫ് നീതിപൂര്‍വ്വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണ്. ആ എല്‍ഡിഎഫില്‍ ഒരു എംഎല്‍എയും വിലക്ക് വാങ്ങപ്പെടാനായി നില്‍ക്കാന്‍ പാടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്‍ഡിഎഫിലെ രണ്ട് എംഎല്‍എമാരെ എന്‍സിപി അജിത് പവാര്‍ പക്ഷത്തെത്തിക്കുന്നതിന് എന്‍സിപി നേതാവും കുട്ടനാട് എംഎല്‍എയുമായ തോമസ് കെ തോമസ് 100 കോടി രൂപ വാഗ്ദാനം ചെയതതായായണ് ആരോപണം. മുന്‍ മന്ത്രിയും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ഏക എംഎല്‍എയുമായ ആന്റണി രാജുവിനും ആര്‍എസ്പി ലെനിനിസ്റ്റ് നേതാവ് കോവൂര്‍ കുഞ്ഞുമോനുമാണ് ഈ തുക വാഗ്ദാനം ചെയ്തത്.