കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍.
ഇന്നലെ രാത്രിയാണ് പിണറായിയിലെ വീട്ടിലെത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എഡിഎമ്മിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കളക്ടര്‍ മുഖ്യമന്ത്രി പിണറായി വിജയനോട് വിശദീകരിച്ചു. കളക്ടറുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച 20 മിനിറ്റിലധികം നീണ്ടു. കളക്ടറേറ്റിലെ മൊഴിയെടുപ്പ് പൂർത്തിയായ ശേഷം അരുൺ കെ വിജയൻ നേരെ പോയത് മുഖ്യമന്ത്രിയുടെ വസതിയിലേക്കാണ്. അതേസമയം നവീൻ ബാബുവിന്‍റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയന്‍റെ മൊഴി ഇന്ന് പോലീസ് രേഖപ്പെടുത്തിയേക്കും. ഇന്നലെ ലാൻഡ് റവന്യൂ ജോയിൻറ് കമ്മീഷണർ എ ഗീതയുടെ മൊഴിയെടുപ്പ് നീണ്ടു പോയതിനാൽ പോലീസിന്‍റെ മൊഴിയെടുപ്പ് നടന്നിരുന്നില്ല. ഇന്ന് അവധി ദിവസമായതിനാൽ കളക്ടറുടെ സമയ ലഭ്യതയ്ക്കനുസരിച്ച് മൊഴിയെടുക്കാനാണ് സാധ്യതയെന്ന് പോലീസ് അറിയിച്ചു. അതേസമയം നവീന്‍റെ കുടുംബം ജില്ലാ കളക്ടര്‍ക്കെതിരെ പരാതി നല്‍കുന്നതില്‍ തീരുമാനം ഇന്ന് എടുത്തേക്കുമെന്നാണ് സൂചന. കളക്ടര്‍ക്കെതിരെ കുടുംബം പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.