Fri. Apr 4th, 2025

 

കണ്ണൂര്‍: കണ്ണൂരിലെ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് റവന്യൂ വകുപ്പ്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിക്കേണ്ട ആറു കാര്യങ്ങള്‍ ഉത്തരവില്‍ പറയുന്നുണ്ട്.

എഡിഎമ്മിന്റെ ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ എന്തെല്ലാം, എഡിഎമ്മിനെതിരായ പി പി ദിവ്യയുടെ ആരോപണങ്ങള്‍, ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകള്‍, എന്‍ഒസി നല്‍കുന്നതുമായ ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നിവ അന്വേഷിക്കണം എന്ന് ഉത്തരവില്‍ പറയുന്നുണ്ട്.

നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ പള്ളിക്കുന്നിലെ വീട്ടില്‍ നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

ദിവ്യക്കെതിരെ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. കേസില്‍ തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പി പി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പി പി ദിവ്യക്കെതിരെ റവന്യു മന്ത്രി കെ രാജന്‍ നേരത്തെ രംഗത്ത് വന്നിരുന്നു. നവീന്‍ ബാബു നല്ല ഉദ്യോഗസ്ഥന്‍ ആണെന്നാണ് ഞങ്ങളുടെ ധാരണയെന്നും ഉദ്യോഗസ്ഥനെ കുറിച്ച് റവന്യൂ വകുപ്പിന് മുന്നില്‍ പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച് ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന്‍ റവന്യു വകുപ്പ് മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ദിവ്യ ഉന്നയിച്ച വിഷയം സംബന്ധിച്ച് പരാതിക്കാരന്റെ ഭാഗത്തുനിന്ന് രേഖാമൂലമുള്ള പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ റിപ്പോര്‍ട്ട്.