Sat. Jan 18th, 2025

 

ഏറ്റവും രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പാകിസ്ഥാന്‍(109), അഫ്ഗാനിസ്ഥാന്‍(116) എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു

ട്ടിണി നിലവാരത്തിലെ ഗുരുതര സാഹചര്യത്തില്‍നിന്ന് ഇന്ത്യയ്ക്ക് കരകയറാനായിട്ടില്ല. 2024ലെ ആഗോള പട്ടിണി സൂചികയില്‍ അയല്‍രാജ്യങ്ങളായ ശ്രീലങ്കയ്ക്കും(56) നേപ്പാളിനും(68) ബംഗ്ലാദേശിനും(84) പിന്നിലായി 105-ാം സ്ഥാനത്താണ് ഇന്ത്യ. ഏറ്റവും രൂക്ഷമായ പട്ടിണി അനുഭവിക്കുന്ന പാകിസ്ഥാന്‍(109), അഫ്ഗാനിസ്ഥാന്‍(116) എന്നിവയ്ക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം. കടുത്ത പട്ടിണി നേരിടുന്ന 42 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. മൊത്തം 127 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

ഐറിഷ് ജീവകാരുണ്യ സംഘടന ‘കണ്‍സേണ്‍ വേള്‍ഡ്വൈഡ്’, ജര്‍മനിയുടെ പിന്തുണയുള്ള ‘ഡബ്ലുഎച്ച്എച്ച്’ എന്നിവ ചേര്‍ന്ന് തയ്യാറാക്കിയ 19-ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ പട്ടിണി ഗുരുതരമായി തന്നെ തുടരുന്നതായി പറയുന്നത്. പട്ടിണിക്കാര്‍ തീരെയില്ലാത്ത രാജ്യത്തിന് പൂജ്യവും ഏറ്റവും മോശം സ്ഥിതിക്ക് നൂറും സ്‌കോര്‍ നല്‍കുന്ന വിധത്തിലുള്ള സൂചികയില്‍ ഇന്ത്യക്ക് ലഭിച്ചത് 27.3 പോയിന്റാണ്.

നാല് ഘടകങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാര കുറവുള്ളവരാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനം പേര്‍ക്കും വളര്‍ച്ച മുരടിപ്പുണ്ട്. 2.9 ശതമാനം പേരും അഞ്ച് വയസ്സിന് മുമ്പ് മരണപ്പെടുന്നതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആഗോള പട്ടിണി സൂചികയില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നു. 125 രാജ്യങ്ങളുടെ പട്ടികയില്‍ പാക്കിസ്ഥാനും ബംഗ്ലദേശിനും നേപ്പാളിനും ശ്രീലങ്കയ്ക്കും പിന്നിലായാണ് ഇന്ത്യയ്ക്ക് സ്ഥാനം ലഭിച്ചത്. 2023 ല്‍ ഇന്ത്യയിലെ ശിശുക്കളുടെ പോഷകാഹാരക്കുറവ് 18.7 ശതമാനമാണ്. ശിശു മരണനിരക്ക് 3.1%. 15നും 24നും ഇടയിലുള്ള പെണ്‍കുട്ടികളില്‍ ശരിയായ പോഷണം ലഭിക്കാത്തവര്‍ 58.1 ശതമാനമാണ്.

2022ല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 107ാം സ്ഥാനത്തായിരുന്നു. 121 രാജ്യങ്ങളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. 2021ല്‍ 101-ാം സ്ഥാനത്തായിരുന്ന ഇന്ത്യ അടുത്ത വര്‍ഷം ആയപ്പോഴേക്കും ആറ് സ്ഥാനം കൂടി പിന്നോട്ടു പോയി. 29.1 ആയിരുന്നു ഇന്ത്യയുടെ സ്‌കോര്‍. ഇന്ത്യയിലെ സാഹചര്യം ഗുരുതരമാണെന്ന് റിപ്പോര്‍ട്ടില്‍ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

2021 ല്‍ 116 രാജ്യങ്ങളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. പട്ടിണി ഏറ്റവും ഗൗരവമേറിയ 31 രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ ഉള്‍പ്പെട്ടു. 2020ല്‍ 107 രാജ്യങ്ങളുടെ പട്ടികയില്‍ 94-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2019 ല്‍ 117 രാജ്യങ്ങളുടെ സൂചികയില്‍ ഇന്ത്യയ്ക്ക് 102-ാം സ്ഥാനമായിരുന്നു. 2019 ലെ നാഷണല്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ദാരിദ്ര്യം 35% ആണെന്ന് കണ്ടെത്തിയിരുന്നു. അതായത് രാജ്യത്ത് ഏകദേശം 50 കോടി ജനം ദരിദ്രരാണ് എന്ന് അര്‍ത്ഥം.

2014 മേയില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് ഇന്ത്യ റാങ്കിംഗില്‍ ഇത്രയധികം താഴേക്ക് വരാന്‍ തുടങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ ബോധ്യമാകും. 2010ല്‍ 67 ആയിരുന്നിടത്ത് നിന്ന് ക്രമാനുഗതമായി നില മെച്ചപ്പെടുത്തി 2014ല്‍ 55-ാം സ്ഥാനത്തെത്തിയിരുന്നു. 2017 ല്‍ 100-ാം സ്ഥാനത്തെത്തി. പിന്നീട് ഇന്ത്യ അതി ദരിദ്രത്തില്‍ നിന്നും കരകയറിയിട്ടില്ല.

എന്താണ് ആഗോള പട്ടിണി സൂചിക

വിശപ്പും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ആഗോള പട്ടിണി സൂചികയാണിത്. കുട്ടികളുടെ ആരോഗ്യമാണ് പ്രധാന അളവുകോല്‍. നാലു ഘടകങ്ങളാണ് ഇത് കണക്കാക്കാനായി കണക്കിലെടുക്കുന്നത്. ഇതില്‍ മൂന്നും കുട്ടികളുമായി ബന്ധപ്പെട്ട വിവരങ്ങളാണ്. പോഷകാഹാരത്തിന്റെ അപര്യാപ്തതയാണ് ഒരു ഘടകം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉയരത്തിന് അനുസൃതമായുള്ള തൂക്കക്കുറവാണ് മറ്റൊരു ഘടകം. ആ പ്രായത്തില്‍ താഴെയുള്ള കുട്ടികളുടെ ഉയരമാണ് കണക്കിലെടുക്കുക. പ്രായത്തിനു അനുസരിച്ചുള്ള ഉയരമുണ്ടോ എന്നു നോക്കും.

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കാണ് മൂന്നാമത്തെ ഘടകം. നാലാമത്തെ ഘടകമാകട്ടെ, അത് രാജ്യത്തെ ജനസംഖ്യയില്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന ജനങ്ങളുടെ ശതമാനമാണ്. പോഷകാഹാരക്കുറവുള്ള ജനസംഖ്യ എത്ര വരുമെന്ന് കണക്കാക്കും. അതായത്, എത്ര ശതമാനം പേരുടെ കലോറി ഉപഭോഗമാണ് അപര്യാപ്തം എന്നു കണക്കാക്കും. വിശപ്പു സൂചികയുടെ നാലു ഘടകങ്ങളില്‍ മൂന്നില്‍ രണ്ട് പ്രാധാന്യവും ആദ്യം പറഞ്ഞ മൂന്നിനങ്ങള്‍ക്കാണ്. പട്ടിണി അല്ല ഇവിടെ പരിഗണനാവിഷയം. ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാത്രം ആയില്ല എന്നതാണ് ഈ സൂചിക മുന്നോട്ടുവയ്ക്കുന്ന കാഴ്ചപ്പാട്. ഭക്ഷണവും പോഷകാഹാരങ്ങളും തുടര്‍ച്ചയായി ലഭിക്കുന്നില്ലെങ്കില്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളാണ് അതിന്റെ പരിഗണനയ്ക്ക് വരുന്നത്.

ദാരിദ്ര്യ രേഖയ്ക്കുള്ള അളവുകോല്‍

ദാരിദ്ര്യം കണക്കാക്കാനുള്ള മാനദണ്ഡം രൂപപ്പെടുത്താന്‍ സര്‍ക്കാരുകള്‍ വിവിധ കമ്മിറ്റികളെ ചുമതലപ്പെടുത്തിയിരുന്നു. ഏറ്റവും അവസാനം 2014ല്‍ റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ സമിതി സമര്‍പ്പിച്ച നിര്‍ദേശം അനുസരിച്ച് വ്യക്തിയൊന്നിന് ഗ്രാമീണ മേഖലയില്‍ 972 രൂപയ്ക്ക് താഴെ മാസ വരുമാനവും നഗരങ്ങളില്‍ 1407 രൂപയ്ക്ക് താഴെ വരുമാനവുമെങ്കില്‍ അവര്‍ ദരിദ്രരാണ്. 2011-12 വര്‍ഷത്തെ വിലകളുടെ അടിസ്ഥാനത്തിലാണ് അനുമാനം. സാമ്പത്തിക രംഗത്ത് സാധാരണ ഉദ്ധരിക്കപ്പെടുന്ന മറ്റൊരു സൂചിക തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടേതാണ്.

മാസം 876 രൂപ ഗ്രാമങ്ങളിലും, 1000 രൂപ നഗരത്തിലും ചെലവ് ചെയ്യാന്‍ കഴിയുന്ന ആള്‍ക്കാര്‍ ദാരിദ്ര്യ രേഖയ്ക്ക് മുകളിലാണെന്ന് ഈ കമ്മിറ്റി പറയുന്നു. ഈ രണ്ടു ഫോര്‍മുലകളെ കുറിച്ചും അഭിപ്രായ സമന്വയം ഇല്ല. 1000 രൂപകൊണ്ട് ഒരാള്‍ക്ക് വാടക, ബസ് കൂലി, ആഹാരം അടക്കമുള്ള മാസ ചെലവ് എങ്ങനെ വഹിക്കാന്‍ സാധിക്കും എന്നതാണ് ചോദ്യം. ഈ കമ്മിറ്റികള്‍ക്കു ശേഷം പുതിയ ഒരു മാനദണ്ഡം വേണം എന്ന ആവശ്യം ഉയര്‍ന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ പിന്നീട് മറ്റു സമിതികളെ ചുമതലപ്പെടുത്തിയിട്ടില്ല.

രണ്ട് കമ്മിറ്റികളും ഒരാള്‍ക്ക് വേണ്ടുന്ന ആഹാരം എത്രയെന്ന് ആദ്യം നിജപ്പെടുത്തി. ആരോഗ്യ വിദഗ്ധര്‍ പറയുന്ന 2200 കാലറി ഊര്‍ജം ലഭിക്കാന്‍ എത്ര ആഹാരം വേണം, അതില്‍ മാംസ്യം, പോഷകങ്ങള്‍ എന്നിവ എത്ര എന്നുള്ള കണക്കുകള്‍ നോക്കി അതിനു വേണ്ടുന്ന പണം തിട്ടപ്പെടുത്തി. ഇതുപോലെ, വസ്ത്രം, ഗതാഗതം, ഇന്ധനം, വാടക മുതലായ ഇനങ്ങളില്‍ ഒരു വ്യക്തിക്ക് ഏറ്റവും കുറഞ്ഞത് വേണ്ടത് എത്ര രൂപ എന്ന കണക്കും നോക്കി. ആകെക്കൂടി ഒരു തുക നിശ്ചയിച്ച്, അതിനെയാണ് ദാരിദ്ര്യ രേഖയായി കണക്കാക്കിയത്.

സംഘര്‍ഷം, ആഗോള കാലാവസ്ഥാ വ്യതിയാനങ്ങള്‍, കൊവിഡുമായി ബന്ധപ്പെട്ട സാമ്പത്തിക, ആരോഗ്യ വെല്ലുവിളികള്‍ എന്നിവയെല്ലാം ഇന്ത്യയില്‍ ദാരിദ്രം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഓരോന്നായി സ്വകാര്യവത്കരണത്തിലേക്കും കമ്പോള നിയന്ത്രണങ്ങള്‍ക്കും വിട്ടുകൊടുത്തു. നികുതികളും ഇന്ധന വിലയും കുത്തനെ ഉയര്‍ത്തി ജനങ്ങളെ കടുത്ത ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു.

ഡിജിറ്റലൈസേഷനും നോട്ട് നിരോധനവും കാര്യമായ മുന്നൊരുക്കമില്ലാതെ നടപ്പാക്കിയ ചരക്കു സേവന നികുതി പരിഷ്‌കാരങ്ങളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ റിവേഴ്സ് ഗിയറിലാക്കി. ഇത്തരത്തിലുള്ള തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ അസംഘടിത മേഖലയുടെ തകര്‍ച്ച, ഉയര്‍ന്ന നിരക്കിലുള്ള തൊഴിലില്ലായ്മ, ഉയര്‍ന്ന ദാരിദ്ര്യനിരക്ക് ഇവയെല്ലാം ഇന്ത്യക്ക് തിരിച്ചടിയായി.

എന്നിട്ടും ആരോഗ്യരംഗത്തും സാമൂഹിക ക്ഷേമ രംഗത്തും കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിച്ചില്ലെന്ന് മാത്രമല്ല, പൊതുജനാരോഗ്യ രംഗത്ത് കാര്യമായ ഇടപെടലുകള്‍ പോലും നടത്തിയില്ല. നടപ്പിലായതാവട്ടെ ചങ്ങാത്ത മുതലാളിത്തത്തിലൂടെ കോര്‍പറേറ്റുകളുടെ വളര്‍ച്ചയും.

ധാന്യ ഉല്‍പ്പാദനത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യ. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം പട്ടിണിയുടെ ഗ്രാഫ് താഴ്ന്നിട്ടില്ല. ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ നടപ്പാക്കുന്നതിലെ പിഴവ്, പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിലെ വീഴ്ച തുടങ്ങിയവയാണ് ആഗോള പട്ടിണി സൂചികയില്‍ രാജ്യത്തെ ഇത്രയും മോശം സ്ഥിതിയിലേക്ക് കൊണ്ടെത്തിച്ചത്. കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവച്ചുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ നയങ്ങള്‍ രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ കൂടുതല്‍ ദുര്‍ബലമാക്കി.

ഓരോ വര്‍ഷവും രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന വാഗ്ദാനവുമായാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയത്. എന്നാല്‍ തൊഴിലില്ലാഴ്മ കുറയുന്നതിന് പകരം കൂടുകയാണ് ചെയ്തത്. 2016 മുതല്‍ കടുത്ത സാമ്പത്തിക തകര്‍ച്ചയാണ് ഇന്ത്യ നേരിടുന്നതെന്നും കറന്‍സി നിരോധനവും ജിഎസ്ടിയും ലോക്ക്ഡൗണ്‍ പ്രഖ്യാപനങ്ങളുമെല്ലാം തൊഴിലവസരങ്ങള്‍ കുറച്ചെന്നും ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതാണ്.

പ്യൂ റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2021 ന്റെ തുടക്കം മുതല്‍ 25 ദശലക്ഷത്തിലധികം ആളുകള്‍ക്ക് ജോലി നഷ്ടപ്പെട്ടു. ഇതോടെ ഇന്ത്യയിലെ മധ്യവര്‍ഗ്ഗത്തില്‍ മൂന്നിലൊന്നടക്കം 75 ദശലക്ഷത്തിലധികം ഇന്ത്യക്കാര്‍ വീണ്ടും ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്നു പറയുന്നു. സമ്പദ് വ്യവസ്ഥയുടെ സ്വാഭാവികമായ നിലനില്‍പ്പിന് ഓരോ വര്‍ഷവും 20 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്.

നീതി ആയോഗിന്റെ അവകാശവാദം

ഇന്ത്യയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 24.82 കോടിപേര്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തിനേടിയതായി നീതി ആയോഗ് അവകാശപ്പെടുന്നുണ്ട്. ബാങ്ക് അക്കൗണ്ട്, മാതൃമരണ നിരക്ക്, പോഷകാഹാരം, സ്‌കൂള്‍ ഹാജര്‍നില, പാചകവാതകം, കുടിവെള്ളം, വൈദ്യുതി തുടങ്ങി 12 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു കണ്ടെത്തല്‍. 2024 ജനുവരി 15 ന് നീതി ആയോഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

നീതി ആയോഗിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്തെ ബഹുതലദാരിദ്ര്യം 2013-14-ലെ 29.17 ശതമാനത്തില്‍ നിന്ന് 2022-23-ല്‍ 11.28 ശതമാനമായി കുറഞ്ഞു. ഇക്കാലയളവില്‍ 17.89 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുക്തി രേഖപ്പെടുത്തിയ ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യനിരക്ക് 42.59 ശതമാനത്തില്‍ നിന്നും 17.40 ശതമാനമായാണ് കുറഞ്ഞത്. 5.94 കോടി പേരാണ് ഉത്തര്‍പ്രദേശില്‍ ദാരിദ്ര്യമുക്തി നേടിയത്. 3.77 കോടി ദാരിദ്ര്യമുക്തരുമായി ബിഹാറാണ് രണ്ടാം സ്ഥാനത്ത്.

കണക്കുപ്രകാരം മൂന്നാമതെത്തിയ മധ്യപ്രദേശില്‍ 2.30 കോടിപേരാണ് ദാരിദ്ര്യമുക്തി നേടിയത്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെ മറ്റു കാലഘട്ടങ്ങളെ അപേക്ഷിച്ച് രാജ്യത്തെ കാര്‍ഷികമേഖല പുരോഗതി കൈവരിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഒമ്പതുവര്‍ഷം മുമ്പ് 1.24 ശതമാനമായിരുന്ന കേരളത്തിന്റെ ദാരിദ്ര്യ സൂചിക 2023-ല്‍ 0.48 ശതമാനമായി കുറഞ്ഞു. 2.72 ലക്ഷം പേരാണ് കേരളത്തില്‍ ദാരിദ്ര്യമുക്തി നേടിയത്.

അതേസമയം, 2024-ലെ ലോക പട്ടിണി സൂചികയില്‍ അയല്‍രാജ്യങ്ങളായ ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറിയപ്പോള്‍ 27.3 എന്ന മോശം നിരക്കാണ് ഇന്ത്യ കാഴ്ചവെച്ചിരിക്കുന്നത്. 2015 ലെ 29.2 എന്ന സ്‌കോറില്‍നിന്ന് 27.3 ആക്കി മെച്ചപ്പെടുത്തിയിട്ടും റാങ്കിങ്ങില്‍ ഇന്ത്യ പുറകോട്ട് പോയത് മറ്റ് രാജ്യങ്ങള്‍ ഇക്കാലയളവ് കൊണ്ട് ഇന്ത്യയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതുകൊണ്ട് കൂടിയാണ്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായും ആഫ്രിക്കന്‍ രാജ്യങ്ങളുമായും താരതമ്യം ചെയ്യുമ്പോള്‍ മാത്രമാണ് ഇന്ത്യക്ക് ആശ്വാസത്തിനുള്ള വക ലഭിക്കുന്നത്.

2000 ത്തില്‍ 38.4 സ്‌കോറുണ്ടായിരുന്ന ഇന്ത്യയ്ക്ക് ഇക്കാലങ്ങള്‍ കൊണ്ട് ആകെ കുറക്കാനായത് 11 സ്‌കോര്‍ മാത്രമാണ്. മറ്റ് രാജ്യങ്ങളെല്ലാം കുറച്ചു കൂടി മെച്ചപ്പെട്ട രീതിയില്‍ പട്ടിണിയെ നേരിട്ടതുകൊണ്ട് കൂടിയാണ് 11 സ്‌കോര്‍ മെച്ചപ്പെടുത്തിയിട്ടും ഇന്ത്യ പിന്നിലേക്ക് പോയത്.

എന്നാല്‍, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ മോശമാക്കാനുദ്ദേശിക്കുന്നതാണ് ലോക പട്ടിണി സൂചിക എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ബിജെപിയുടെയുംഎല്ലാകാലത്തെയും ന്യായീകരണം. പഠനരീതി ശരിയല്ലെന്നായിരുന്നു സര്‍ക്കാറിന്റെ പ്രധാന ആരോപണം. ഇതിനെ മറികടക്കാന്‍ വേണ്ടിയാണ് നീതി അയോഗ് വര്‍ഷാ വര്‍ഷം ഇന്ത്യയിലെ ദാരിദ്രരുടെ എണ്ണം കുറയുന്നുവെന്ന തരത്തില്‍ കണക്കുകളുണ്ടാക്കി അവതരിപ്പിക്കുന്നത്.

FAQs

എന്താണ് ദാരിദ്യം?

ജീവിതത്തിനാവശ്യമായ ആഹാരം, വസ്ത്രം, പാർപ്പിട സൗകര്യം, ശുദ്ധജലം, ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, തൊഴില്, സ്വാതന്ത്ര്യം ഇല്ലായ്മയും അത്യാവശ്യസാധനങ്ങളുടെ ദൗർലഭ്യതയും ഉളവാക്കുന്ന അവസ്ഥ.

എന്താണ് നീതി അയോഗ്?

പഞ്ചവത്സര പദ്ധതികൾ ഉൾപ്പെട്ട രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്ന ആസൂത്രണ കമ്മീഷനു പകരം 2015 ജനുവരി 1-നു നിലവിൽ വന്ന സംവിധാനം.

എന്താണ് ആഗോള പട്ടിണി സൂചിക?

വിശപ്പും പോഷകാഹാരക്കുറവും നിരീക്ഷിക്കുന്ന ആഗോള പട്ടിണി സൂചികയാണിത്. കുട്ടികളുടെ ആരോഗ്യമാണ് പ്രധാന അളവുകോല്‍

Quotes

“ഇല്ലായ്മയും പട്ടിണിയും കാണുമ്പോൾ എവിടെയാണ് സൗന്ദര്യം?- റോസലിൻഡ് റസ്സൽ”