Wed. Dec 18th, 2024

 

ന്യൂഡല്‍ഹി: സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടതിന് ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറില്‍ യുവാവിനെ കുത്തിക്കൊന്നു. പ്രതാപ് നഗര്‍ സ്വദേശിയായ അങ്കുറാണ് കൊല്ലപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹിമാന്‍ഷുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദസറ മേളയില്‍ പങ്കെടുത്ത് ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. സബോലി റോഡില്‍ എത്തിയ അങ്കുറും ഹിമാന്‍ഷുവും ബൈക്കില്‍ വന്ന മൂന്ന് പേരോട് സുരക്ഷിതമായി വാഹനമോടിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മൂന്നുപേരും ബൈക്കില്‍ നിന്ന് ഇറങ്ങി വാക്കേറ്റമുണ്ടാവുകയും സഹോദരങ്ങളെ മര്‍ദ്ദിക്കുകയും ചെയ്തു.

തുടര്‍ന്ന് പ്രതികളിലൊരാള്‍ കത്തിയെടുത്ത് ഇരുവരെയും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും തുടയിലും ആഴത്തില്‍ കുത്തേറ്റ അങ്കുറിനെ സഹോദരന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഹിമാന്‍ഷുവിന് കഴുത്തിലും തുടയിലുമാണ് പരിക്കേറ്റത്. പ്രതികളിലൊരാളായ വികാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ള രണ്ട് പേര്‍ ഒളിവിലാണ്.