Sat. Jan 18th, 2025

 

ഹൈദരാബാദ്: സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ആന്ധ്രപ്രദേശും ബിഹാറുമാണ് നേരത്തെ ജാതി സെന്‍സസ് ആരംഭിച്ച സംസ്ഥാനങ്ങള്‍.

വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തേണ്ടതെന്ന് ചീഫ് സെക്രട്ടറി ശാന്തി കുമാരി വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനമാണ് നടപ്പാക്കുന്നത്.

60 ദിവസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്തെ ഒബിസി, എസ്സി, എസ്ടി, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവരുടെ ഉന്നമനത്തിനായി സാമൂഹിക, സാമ്പത്തിക, തൊഴില്‍, വിദ്യാഭ്യാസമുള്‍പ്പെടെ വിവിധ അവസരങ്ങള്‍ ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതുമാണ് സര്‍വേ ലക്ഷ്യമിടുന്നതെന്ന് ഉത്തരവില്‍ പറയുന്നു.

സര്‍വേയിലൂടെ സംസ്ഥാനത്തെ എസ്സി, എസ്ടി, ബിസി, മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്ക് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി പൊന്നം പ്രഭാകര്‍ പറഞ്ഞു.

വിദ്യാഭ്യാസത്തിലും തൊഴിലിലും സംവരണാനുകൂല്യങ്ങള്‍ നീട്ടുന്നതിനായി പട്ടികജാതിക്കാരുടെ ഉപവര്‍ഗ്ഗീകരണം പഠിക്കാന്‍ മുന്‍ ഹൈകോടതി ജഡ്ജി ജസ്റ്റിസ് ഷമീം അക്തറിന്റെ നേതൃത്വത്തിലുള്ള കമീഷനെയും സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.