Sat. Jan 18th, 2025

 

മുംബൈ: മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ വിഭാഗം നേതാവുമായ ബാബാ സിദ്ധിഖി വെടിയേറ്റ് കൊല്ലപ്പെട്ടു. ബാന്ദ്രയിലെ ഓഫീസില്‍വെച്ച് ശനിയാഴ്ച വൈകുന്നേരമാണ് അദ്ദേഹത്തിന് വെടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്നു തവണ അദ്ദേഹത്തിന് നേരെ വെടിയുതിര്‍ത്തതായാണ് വിവരം.

ഒരു വെടിയുണ്ട സിദ്ദീഖിന്റെ നെഞ്ചിന് സമീപത്തും രണ്ടു വെടിയുണ്ടകള്‍ വയറ്റിലുമാണ് തറച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയിലായതായാണ് റിപ്പോര്‍ട്ട്. ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. മൂന്നാമത്തെ പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും ഉടൻ തന്നെ പിടികൂടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറഞ്ഞു.

സിദ്ദിഖിന് വെടിയേറ്റ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അദ്ദേഹത്തെ അഡ്മിറ്റ് ചെയ്തിട്ടുള്ള ലീലാവതി ആശുപത്രിയിലെത്തി. തങ്ങള്‍ക്ക് നീതി വേണമെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എന്‍സിപി പ്രവര്‍ത്തകര്‍ ദേവേന്ദ്ര ഫഡ്‌നാവിസിനെ സ്വീകരിച്ചത്.

മകനും ബാന്ദ്ര ഈസ്റ്റ് എംഎല്‍എയുമായ സീഷാന്‍ സിദ്ദീഖിന്റെ ഓഫീസിന് സമീപത്ത് വെച്ചാണ് വെടിയേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

ബാന്ദ്ര ഈസ്റ്റില്‍ നിന്ന് മൂന്ന് തവണ (1999, 2004, 2009) എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം പിന്നീട് അജിത് പവാര്‍ പക്ഷം എന്‍സിപിയിലേക്ക് മാറിയിരുന്നു. 2004-2008 കാലത്ത് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രിയായിരുന്നു.