Sat. Jan 18th, 2025

 

കൊച്ചി: സഹ സംവിധായികയുടെ പീഡന പരാതി നിഷേധിച്ച് സംവിധായകന്‍ സുരേഷ് തിരുവല്ല. തനിക്കെതിരെ പരാതി ഉന്നയിച്ച സഹ സംവിധായികയെ നേരില്‍ കണ്ടിട്ടില്ലെന്നും അവസരം ചോദിച്ച് തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും സുരേഷ് തിരുവല്ല പറഞ്ഞു.

നേരില്‍ കണ്ട ശേഷം കഥാപാത്രത്തിന് അനുയോജ്യമെങ്കില്‍ അവസരം നല്‍കാമെന്നാണ് പറഞ്ഞത്. പിന്നീട് താന്‍ അവരെ കണ്ടിട്ടില്ലെന്നും സുരേഷ് തിരുവല്ല പറഞ്ഞു. പരാതി ആരോപിക്കപ്പെട്ട വിജിത്തിനെ തനിക്കറിയാമെന്നും വിജിത്തും പരാതിക്കാരിയും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് അറിയില്ലെന്നും സുരേഷ് പറഞ്ഞു.

പരാതിക്കാരിയുടെ സ്ഥാപിത താല്‍പര്യമോ മറ്റാരുടെയെങ്കിലും ഇടപെടലോ ആകാം പരാതിക്ക് പിന്നിലെന്നും നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്നും സുരേഷ് പറഞ്ഞു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തും വിവാഹ വാഗ്ദാനം നല്‍കിയും പീഡിപ്പിച്ചുവെന്നാണ് മാവേലിക്കര സ്വദേശി പരാതി നല്‍കിയത്. പരാതിയില്‍ സംവിധായകന്‍ സുരേഷ് തിരുവല്ല, സുഹൃത്ത് വിജിത്ത് വിജയകുമാര്‍ എന്നിവര്‍ക്കെതിരെയാണ് മരട് പൊലീസ് ബലാത്സംഗക്കേസെടുത്തത്.