Wed. Dec 18th, 2024

 

ചെന്നൈ: ജയ്പൂരില്‍നിന്ന് ചെന്നൈയിലേക്ക് സര്‍വീസ് നടത്തുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ സ്ത്രീക്കു നേരെ ലൈംഗികാതിക്രമം. സംഭവത്തില്‍ യാത്രക്കാരന്‍ അറസ്റ്റില്‍. 45കാരനായ രാകേഷ് ശര്‍മയാണ് ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത്.

ജയ്പൂര്‍- ഡല്‍ഹി- ചെന്നൈ ഇന്‍ഡിഗോ വിമാനത്തില്‍ ഒക്ടോബര്‍ ഒന്‍പതിനായിരുന്നു സംഭവം. ഇരുവരും ജയ്പൂരില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്നു. വിമാനത്തിന്റെ വിന്‍ഡോ സീറ്റിലായിരുന്നു സ്ത്രീ ഇരുന്നത്. ശര്‍മ ഇവരുടെ പിറകിലെ സീറ്റിലും.

യാത്രയ്ക്കിടെ ഇയാള്‍ സ്ത്രീയെ മോശമായി സ്പര്‍ശിക്കുകയായിരുന്നു എന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഇക്കാര്യം സ്ത്രീ കാബിന്‍ ക്രൂവിനോട് പറഞ്ഞു. ജീവനക്കാര്‍ വിവരം വിമാനത്താവളത്തില്‍ വിളിച്ചറിയിക്കുകയും വിമാനം ചെന്നൈയില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ പൊലീസെത്തി ശര്‍മയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഒരു ടൈല്‍ കമ്പനിയിലെ ജീവനക്കാരനായ ശര്‍മ, ജോലിയുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ജയ്പൂരിലേക്ക് പോയത്. സംഭവത്തില്‍ ഇന്‍ഡിഗോ അധികൃതര്‍ ഔദ്യോഗിക പ്രസ്താവനയൊന്നും പുറത്തിറക്കിയിട്ടില്ല.