Sat. Dec 14th, 2024

 

ഇംഫാല്‍: സര്‍ക്കാരിന്റെ ‘അംഗീകാരമില്ലാത്ത’ ഗ്രാമങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന ഉത്തരവുമായി മണിപ്പൂര്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ അംഗീകൃതമല്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (എംജിഎന്‍ആര്‍ഇജിഎ) പോലുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഇനി നല്‍കില്ലെന്ന് മണിപ്പൂര്‍ കാബിനറ്റ് തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ മന്ത്രി സപം രഞ്ജന്‍ ആണ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് ഇക്കാര്യം പറഞ്ഞത്. സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം വാങ്ങാതെ നിരവധി ഉദ്യോഗസ്ഥര്‍ തങ്ങളുടെ സമുദായത്തിന്റെ പ്രയോജനത്തിനായി മലയോര ഗ്രാമങ്ങള്‍ക്ക് അംഗീകാരം നല്‍കിയെന്ന് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് പറഞ്ഞതിന് പിന്നാലെയാണ് തീരുമാനം. ഇത്തരം ഗ്രാമങ്ങളിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ സൗകര്യങ്ങള്‍ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

‘സര്‍ക്കാര്‍ അംഗീകരിച്ച ഗ്രാമങ്ങള്‍ക്ക് മാത്രമേ സര്‍ക്കാര്‍ പദ്ധതികള്‍ നല്‍കൂ. ഇതില്‍ എംജിഎന്‍ആര്‍ഇജിഎ ഉള്‍പ്പെടും. അംഗീകൃതമല്ലാത്ത ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഈ ആനുകൂല്യങ്ങള്‍ നല്‍കില്ല.’, സപം രഞ്ജന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളുടെ സ്ഥിതി ഉള്‍പ്പെടെ 51 അജണ്ടകള്‍ അവലോകനം ചെയ്തു. ഇംഫാല്‍ താഴ്വരയിലെ 19 പൊലീസ് സ്റ്റേഷന്‍ ഏരിയകളും അസമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴികെ മണിപ്പൂരില്‍ സായുധ സേന (പ്രത്യേക അധികാരങ്ങള്‍) നിയമം (AFSPA) സര്‍ക്കാര്‍ ആറ് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്.

വിവിധ വകുപ്പുകളിലെ കരാര്‍ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റ്, പൊലീസ് വകുപ്പിലെ കാരുണ്യ നിയമനങ്ങള്‍, ജൗജാങ്ടെക് ഏരിയയില്‍ പുതിയ പൊലീസ് സ്റ്റേഷന് ഭൂമി ഉറപ്പാക്കല്‍ എന്നിവയും മന്ത്രിസഭ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് കൂടിയായ രഞ്ജന്‍ അറിയിച്ചു.