Wed. Oct 16th, 2024

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി ഉജ്ജ്വല യോജനയുണ്ടായിട്ടും ഇന്ത്യന്‍ ഗ്രാമങ്ങളിലെ 51.7 ശതമാനം വീടുകളിലും ഗ്യാസ് കണക്ഷന്‍ ഇല്ലെന്ന് റിപ്പോര്‍ട്ട്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തിറക്കിയ സര്‍വേയിലാണ് ഇക്കാര്യമുള്ളത്.

ദരിദ്ര കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി കണക്ഷനുകള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെ 2016 മെയ് മാസത്തില്‍ മോദി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജന.

ഈ പദ്ധതി ഉണ്ടായിട്ടും നഗരപ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ വെറും 49.3 ശതമാനം കുടുംബങ്ങള്‍ മാത്രമേ പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നുള്ളൂ. അതായത് പകുതിയിലേറെ കുടുംബങ്ങളും പാചകത്തിനായി മറ്റ് ഉറവിടങ്ങളെയാണ് ആശ്രയിക്കുന്നത്.

2022 ജൂലൈ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ നഗര, ഗ്രാമ പ്രദേശങ്ങളിലെ 3.02 ലക്ഷം കുടുംബങ്ങളെ ഉള്‍പ്പെടുത്തിയാണ് സര്‍വേ നടത്തിയത്. രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, മധ്യപ്രദേശ്, മേഘാലയ എന്നിവയുള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളില്‍, പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്ന ഗ്രാമീണ മേഖലയിലെ കുടുംബങ്ങളുടെ കണക്ക് 30 ശതമാനത്തില്‍ താഴെയാണ്.

‘പല കുടുംബങ്ങളും പാചകത്തിന് ഗ്യാസ് ഉപയോഗിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും എല്‍പിജി സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയുന്നില്ലെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. സിലിണ്ടറുകള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കേണ്ടതുണ്ട്,’ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ്, റിന്യൂവബിള്‍ എനര്‍ജി പ്രോഗ്രാം ഡയറക്ടര്‍ നിവിത് യാദവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വര്‍ഷം ഓഗസ്റ്റ് 8 ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ലോക്സഭയില്‍ നല്‍കിയ വിവരമനുസരിച്ച്, ജൂലൈ 1 വരെ 10.33 കോടി എല്‍പിജി കണക്ഷനുകള്‍ പിഎംയുവൈ പ്രകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തുമ്പോള്‍ പല സംസ്ഥാനങ്ങളിലും പാചകത്തിന് എല്‍പിജിയുടെ ഉപയോഗം 50 ശതമാനത്തില്‍ താഴെയാണ്.