Wed. Dec 18th, 2024

 

തിരുവനന്തപുരം: യുവതിയുടെ പീഡന പരാതിയില്‍ നടന്‍ സിദ്ധിഖ് ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം പൊലീസ് കമീഷണര്‍ ഓഫിസിലാണ് സിദ്ദീഖ് എത്തിയത്. അന്വേഷണ ഉദ്യോഗസ്ഥ മെറിന്‍ ജോസഫ് സിദ്ധിക്കിനെ ചോദ്യം ചെയ്യുകയാണ്.

തിരുവനന്തപുരം ജില്ലാ പൊലീസ് കമാന്റ് സെന്ററില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. ഹാജരാകാന്‍ ആവശ്യപ്പെടുന്നത് ചോദ്യം ചെയ്യാനല്ലെന്നും കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സന്നദ്ധത അറിയിച്ച് നടന്‍ പൊലീസിന് മെയില്‍ അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് നോട്ടീസ് അയച്ചത്. ഒരാഴ്ചത്തെ ഒളിവുജീവിതത്തിനുശേഷം പുറത്തുവന്നിട്ടും സിദ്ദീഖിനെതിരെ നടപടി സ്വീകരിക്കാതിരുന്നതില്‍ അന്വേഷണ സംഘത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് അവസരം വാഗ്ദാനം ചെയ്ത് സിദ്ധിഖ് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചില സാഹചര്യ തെളിവുകള്‍ കണ്ടെത്തിയിരുന്നു. ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സിദ്ധിഖ് ഹൈക്കോടതിയിലെത്തിയെങ്കിലും കോടതി ഹര്‍ജി തള്ളി.

ഇതോടെ ഒളിവില്‍ പോയ സിദ്ധിഖ് സുപ്രീംകോടതിയെ സമീപിച്ചു. സിദ്ധിഖിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിക്കുകയും ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍, പ്രതിയെ അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി കേസ് മാറ്റിവെച്ചു.

ഇതിനുശേഷവും അന്വേഷണസംഘം ചോദ്യംചെയ്യലിന് വിളിപ്പിക്കാത്ത സാഹചര്യത്തിലാണ് സിദ്ധിഖ് എവിടെ ഹാജരാകാനും തയ്യാറാണെന്നറിയിച്ച് മെയില്‍ അയച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കവേ സിദ്ധിഖിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.