Sat. Nov 16th, 2024

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ആദ്യമായി ഔദ്യോഗിക സന്ദര്‍ശം നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഞായറാഴ്ച ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ മുയിസു, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ഹൈദരാബാദ് ഹൗസിലായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ച. ഭാര്യ സജിദ മുഹമ്മദും മുയിസുവിനൊപ്പമുണ്ട്. ഒക്ടോബര്‍ പത്തുവരെയാണ് ഇന്ത്യാ സന്ദര്‍ശനം. ഇതാദ്യമായാണ് ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി മുയിസു ഇന്ത്യയിലെത്തുന്നത്.

കഴിഞ്ഞ ജൂണില്‍ നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഇന്ത്യയില്‍ വന്നിരുന്നു. ഞായറാഴ്ച ഡല്‍ഹിയില്‍ എത്തിയ ഉടനെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയുടെ സുരക്ഷയ്ക്ക് ഹാനികരമായ ഒന്നും മാലദ്വീപ് ചെയ്യില്ലെന്ന് മുയിസു വ്യക്തമാക്കി. മാലദ്വീപിന്റെ സുപ്രധാന പങ്കാളിയാണ് ഇന്ത്യ. ബഹുമാനങ്ങളിലും താത്പര്യങ്ങളിലുമുള്ള പാരസ്പരബന്ധമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും മുയിസു പറഞ്ഞു.

നേരത്തേ നല്ല ബന്ധം പുലര്‍ത്തിയിരുന്ന മാലദ്വീപ് അടുത്ത കാലത്തായി ഇന്ത്യയുമായി അത്ര സ്വരചേര്‍ച്ചയിലല്ല. 2023-ല്‍ ‘ഇന്ത്യ ഔട്ട്’ കാമ്പയിന്‍ നടത്തി അധികാരത്തില്‍ വന്ന നേതാവാണ് മുഹമ്മദ് മുയിസു. ചൈനയോടുള്ള മുയിസുവിന്റെ അതിരുകവിഞ്ഞ ചായ്വ് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. മാലദ്വീപിലെ ഇന്ത്യന്‍ സായുധസേനയെ പുറത്താക്കണം എന്നുവരെ മുയിസു തിരഞ്ഞെടുപ്പ് കാലത്ത് വാദിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇന്ത്യയുമായി നഷ്ടപ്പെട്ട ബന്ധം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് മാലദ്വീപ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മാലദ്വീപിലും പരിസരത്തുമായി തമ്പടിച്ചിരിക്കുന്ന എല്ലാ സൈന്യങ്ങളെക്കൊണ്ടും ബുദ്ധിമുട്ടിയിട്ടുണ്ടെന്നും ഇന്ത്യയടക്കം ഒരു രാജ്യത്തേയും പ്രത്യേകമായി ഉദ്ദേശിച്ചായിരുന്നില്ല തന്റെ നിലപാടെന്നും മുയിസു കഴിഞ്ഞ മാസം യുഎന്നില്‍ പറഞ്ഞിരുന്നു.