Wed. Oct 16th, 2024

 

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സൗജന്യ വൈദ്യുതി നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. ഈ ആവശ്യം നിറവേറ്റുകയാണെങ്കില്‍ കാവി പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

‘ജനതാ കി അദാലത്തില്‍’ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിച്ച കെജ്രിവാള്‍, ബിജെപിയുടെ ‘ഇരട്ട എഞ്ചിന്‍’ സര്‍ക്കാറുകള്‍ സംസ്ഥാനത്തുടനീളം പരാജയമാണെന്ന് ആരോപിച്ചു. ഹരിയാനയില്‍നിന്നും ജമ്മു കശ്മീരില്‍ നിന്നും അവരെ പുറത്താക്കുമെന്നും പറഞ്ഞു. ‘ഡബിള്‍ എഞ്ചിന്‍’ മോഡലിനെ ‘ഇരട്ട കൊള്ളയും ഇരട്ട അഴിമതിയും’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

‘ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലും സൗജന്യ വൈദ്യുതി ലഭ്യമാക്കാന്‍ പ്രധാനമന്ത്രി മോദിയെ ഞാന്‍ വെല്ലുവിളിക്കുന്നു. അങ്ങനെ ചെയ്താല്‍ ഞാന്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തും’ കെജ്രിവാള്‍ ഉറപ്പിച്ചു പറഞ്ഞു.

ഹരിയാനയിലും ജമ്മു കശ്മീരിലും ബിജെപിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാറുകള്‍ ഉടന്‍ തകരുമെന്ന് എക്സിറ്റ് പോളുകള്‍ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബസ് മാര്‍ഷലുകളെയും ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നീക്കം ചെയ്തതും ഡല്‍ഹിയിലെ ഹോം ഗാര്‍ഡുകളുടെ ശമ്പളം നിര്‍ത്തിയതും ചൂണ്ടിക്കാട്ടി ബിജെപി ദരിദ്രജനവിഭാഗത്തിന് എതിരാണെന്ന് കെജ്രിവാള്‍ ആരോപിച്ചു.