Wed. Oct 16th, 2024

 

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ ഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ പിണറായി വിജയന്റെ ഔദ്യോഗിക വസതിയില്‍ ചര്‍ച്ച നടന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്. സാധാരണ കൂടിക്കാഴ്ച മാത്രമാണ് നടന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ വ്യക്തമാക്കി.

‘മുഖ്യമന്ത്രി ഓഫിസില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കല്‍ സെക്രട്ടറിയും അടക്കമുള്ളവര്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തുന്നതും ദൈനംദിന ഓഫിസ് നിര്‍വഹണത്തില്‍ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണ്.

അതിനെ ഒരു തരത്തിലുമുള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയില്‍ എന്തോ പ്രത്യേക കാര്യം ചര്‍ച്ച ചെയ്യാന്‍ സ്റ്റാഫിലെ ചിലര്‍ എത്തി എന്ന നിലയില്‍ വാര്‍ത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാര്‍മികതയ്‌ക്കോ മര്യാദയ്‌ക്കോ നിരക്കുന്നതല്ല. വാര്‍ത്തകള്‍ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങള്‍ മാധ്യമങ്ങളുടെ വിശ്വാസ്യതയെ തന്നെ തകര്‍ക്കുന്നതാണെന്നും’ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്നിവരുള്‍പ്പെടയുള്ളവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.