Wed. Dec 18th, 2024

 

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന്റെ വീഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദര്‍വേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ നിര്‍ണായക യോഗം.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്‍ എന്നിവരുള്‍പ്പെടയുള്ളവര്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചര്‍ച്ചകള്‍ നടത്തി. സംസ്ഥാന പോലീസ് മേധാവിയും ചര്‍ച്ചകള്‍ക്കായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരു മാസത്തെ അന്വേഷണത്തിനുശേഷം എംആര്‍ അജിത്കുമാറിന്റെ വീഴ്ചകളില്‍ സംസ്ഥാന പോലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാരിന് കൈമാറിയത്. അവസാനമായി മൂന്നുദിവസങ്ങളില്‍ തുടര്‍ച്ചയായി നടത്തിയ കൂടിയാലോചനകള്‍ക്കുശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അജിത്തിനെതിരായി നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

പി വി അന്‍വര്‍ എം എല്‍ എയുടെ ആരോപണങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ അതൊഴിവാക്കിയിട്ടുണ്ട്. ക്രമസമാധാനച്ചുമതലയുള്ള പ്രധാന ഉദ്യോഗസ്ഥന്‍ ഔദ്യോഗിക ചുമതലകളില്ലാത്ത ആര്‍എസ്എസ് നേതാക്കളെ സന്ദര്‍ശിക്കുകയും അത് മറച്ചുവെക്കുകയും ചെയ്തത് സെന്‍ട്രല്‍ വിജിലന്‍സ് മാന്വല്‍ പ്രകാരം നിയമലംഘനമാണെന്നാണ് വിലയിരുത്തല്‍.

ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തുനിന്ന് അജിത്കുമാറിന്റെ മാറ്റത്തിന് അന്വേഷണ റിപ്പോര്‍ട്ട് വഴിതെളിയിച്ചേക്കും. സിപിഐയും അജിത്കുമാറിനെ മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദര്‍ശനമാണെന്നായിരുന്നു അജിത്കുമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. എല്ലാ പാര്‍ട്ടി നേതാക്കളെയും പരിചയപ്പെടാറുണ്ടെന്നും നേരത്തേ രാഹുല്‍ഗാന്ധിയെ പരിചയപ്പെട്ടിരുന്നെന്നും അജിത് മൊഴിനല്‍കിയിരുന്നു.

പോലീസ് മേധാവിയെക്കൂടാതെ ഐജി ജി സ്പര്‍ജന്‍കുമാര്‍, ഡിഐജി തോംസണ്‍ ജോസ് എസ്പിമാരായ എ ഷാനവാസ്, മധുസൂദനന്‍ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.