Sat. Jan 18th, 2025

 

മലപ്പുറം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശം മോശമായി ചിത്രീകരിച്ചെന്നും മുസ്ലിം സമൂഹത്തിന്റെ നന്മക്കുവേണ്ടിയാണ് താന്‍ പറഞ്ഞതെന്നും കെടി ജലീല്‍ എംഎല്‍എ.

‘സദുദ്ദേശ്യത്തോടെയുള്ള ഒരു പരാമര്‍ശമാണ് നടത്തിയത്. എന്നാല്‍, തന്റെ വാക്കുകള്‍ വളച്ചൊടിച്ചു. സൈബര്‍ ഇടത്തില്‍ പരാമര്‍ശം തെറ്റായി പ്രചരിച്ചു. സ്വര്‍ണം കടത്തിയവരില്‍ മത പണ്ഡിതനുമുണ്ട്. ഹജ്ജ് കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് സ്വര്‍ണം കടത്തിയത്. ലീഗ് വേദികളില്‍ അദ്ദേഹം സംസാരിക്കാനെത്തി. ലീഗിന് ഇത് ഇപ്പോഴും തെറ്റാണെന്നറിയില്ല. ലീഗ് നിഷേധിച്ചാല്‍ പണ്ഡിതന്റെ പേര് വെളിപ്പെടുത്തും. തിരുത്തല്‍ വേണ്ടത് സമുദായത്തില്‍നിന്ന് തന്നെയാണെന്നും’ ജലീല്‍ പറഞ്ഞു.

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നതാണ് ജലീലിന്റെ പ്രസ്താവനയെന്നും ഇത് അപകടകരമാണെന്നും മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസുകളില്‍ പിടിക്കപ്പെടുന്നവരില്‍ കൂടുതലും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണെന്ന ജലീലിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു സലാം.

നേരത്തെ, സ്വര്‍ണക്കടത്തില്‍ പങ്കാളികളാകുന്ന ഭൂരിഭാഗം മുസ്‌ലിംകളും ഇത് മതവിരുദ്ധമല്ലെന്നാണ് വിശ്വസിക്കുന്നതെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞിരുന്നു.

സ്വര്‍ണക്കടത്ത് മതവിരുദ്ധമാണെന്ന് പറയാന്‍ ഖാളിമാര്‍ തയാറാവണം. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കാതെ എന്ത് പരിഷ്‌കരണവും പുരോഗതിയുമാണ് മുസ്‌ലിം സമുദായത്തില്‍ നടത്താന്‍ മലപ്പുറം പ്രേമികള്‍ ഉദ്ദേശിക്കുന്നതെന്നും ജലീല്‍ ചോദിച്ചിരുന്നു.

കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണെന്നാണ് സലാം മറുപടി നല്‍കിയത്. ജലീലിന്റെ നിലപാട് പാര്‍ട്ടി നിലപാടാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കണമെന്നും സലാം പറഞ്ഞിരുന്നു.