ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റില്‍ എന്തെങ്കിലും ഭേദഗതി വരുത്തണം എന്ന് തീരുമാനിക്കുമ്പോള്‍, ഖുറാനികമാണ് ഇന്ത്യയിലെ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റ് അതില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല എന്നാ രീതിയില്‍ മത പണ്ഡിതന്മാര്‍ ശബ്ദിക്കാറുണ്ട്
1937ല്‍ നിലവില്‍ വന്ന മുസ്ലീം ശരീയത്ത് ആക്റ്റിലെ പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ കാലാനുസൃതമായി പരിഷ്‌ക്കരിക്കണമെന്ന മുസ്ലീം സ്ത്രീകളുടെ ആവശ്യം അടുത്തകാലത്തായി ശക്തിയാര്‍ജിച്ചിട്ടുണ്ട്. വീടുകളില്‍ തളച്ചിട്ടുന്ന കാലഘട്ടത്തില്‍ നിന്നും ആധുനികതക്കനുസരിച്ച് മുസ്ലീം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുകയും തൊഴിലെടുക്കുകയും നിയമങ്ങളെ കുറിച്ച് അറിവ് നേടുകയും ചെയ്തതോടെ മതത്തിനകത്ത് നിന്നുകൊണ്ട് തന്നെ അതിനകത്തെ പൗരോഹിത്വവും പുരുഷന്മാരും കയ്യാളുന്ന അധികാരത്തേയും അതിലൂടെ നിരാകരിക്കപ്പെടുന്ന സ്ത്രീയുടെ അവകാശങ്ങളെ തിരിച്ചുപിടിക്കുകയും ചെയ്യുന്നുണ്ട്.
ശരീയത്ത് ആക്റ്റ് പരിഷ്‌ക്കരിച്ച് സ്ത്രീയ്ക്ക് പുരുഷന് തുല്യമായ സ്വത്തവകാശം ഉറപ്പാക്കുക, മാതാപിതാക്കളുടെ അധ്വാനത്തിലൂടെ ഉണ്ടാക്കിയെടുത്ത സമ്പത്ത് ബന്ധുക്കളിലേയ്ക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തടയുക തുടങ്ങിയ കാര്യങ്ങളില്‍ മുസ്ലീം സ്ത്രീകള്‍ ഇന്ന് നടത്തുന്ന ഏറ്റവും സുപ്രധാനമായ ചുവടുവെപ്പ് തുല്യതയും ലിംഗനീതിയും ഉറപ്പിക്കാന്‍ വേണ്ടിയാണ്. പുരുഷന്റെ സംരക്ഷണയില്‍ മാത്രമാണ് കുടുംബവും സ്ത്രീയും നിലകൊള്ളേണ്ടത് എന്ന പ്രാചീന സങ്കല്‍പ്പത്തില്‍ ഉണ്ടക്കിയ മുസ്ലീം പിന്തുടര്‍ച്ചാവകാശ നിയമം ദുരന്തമുണ്ടാക്കുന്നു എന്ന് തിരിച്ചറിഞ്ഞ സ്ത്രീകള്‍ കോടതികള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഇന്നുണ്ട്.
വിവാഹം, വിവാഹ മോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം, ദത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്ട് വിവിധ കാലങ്ങളിലെ നിയമനിര്‍മ്മാണങ്ങളിലൂടെയും കോടതി വിധികളിലൂടെയും മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. എന്നാല്‍ പരിഷ്‌കരണത്തിന് വിധേയമാകാത്തത് പിന്തുടര്‍ച്ചാവകാശത്തിലെ സ്ത്രീ വിവേചനവും ബഹുഭാര്യത്വത്തിനുള്ള അവകാശവും മാത്രമാണ്. ഇവ കൂടി ലിംഗനീതിപരമായി പരിഷ്‌ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് പറയുകയാണ് FORGEM (ഫോറം ഫോര്‍ ജന്‍ഡര്‍ ഇക്വാലിറ്റി എമങ് മുസ്ലിംസ്) എന്ന സംഘടന. സംഘടനയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ അഞ്ചിന് എറണാകുളം വൈഎംസിഎ ഹാളില്‍ തുല്യതാ സമ്മേളനം നടക്കുന്നുണ്ട്. ഏകീകൃത സിവില്‍ കോഡല്ല, വ്യക്തി നിയമ പരിഷ്‌ക്കരണമാണ് വേണ്ടത് എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം.
എന്താണ് മുസ്ലിം വ്യക്തി നിയമം- 1937
ഇന്ത്യയിലെ മുസ്ലിംകളുടെ വിവാഹം, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം, ദാനധര്‍മ്മങ്ങള്‍ എന്നിവയെ നിയമപരമായി നിയന്ത്രിക്കുന്ന നിയമമാണ് മുസ്ലിം വ്യക്തിനിയമം (ശരീയത്ത്) അപ്ലിക്കേഷന്‍ ആക്റ്റ്. ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരാണ് 1937ല്‍ നിയമം നടപ്പാക്കിയത്.
ആറു വകുപ്പുകള്‍ മാത്രമടങ്ങിയ ആക്ടാണിത്. ആക്ടിന്റെ സംജ്ഞയെ പരാമര്‍ശിക്കുന്നതാണ് ആദ്യ വകുപ്പ്. വ്യക്തിനിയമം ബാധകമാകുന്ന മേഖലകളെ കുറിച്ചുള്ളതാണ് രണ്ടാമത്തെ വകുപ്പ്. പിന്തുടര്‍ച്ചാവകാശം, വിവാഹം, വിവാഹ മോചനത്തിന്റെ രൂപ ഭേദങ്ങളായ ത്വലാഖ്, ജീവനാംശം, മഹ്ര്‍, രക്ഷാകര്‍തൃത്വം, ദാനം എന്നിന ഇതില്‍ പെടുന്നു.
1939ല്‍ ആക്ടില്‍ ഭേദഗതി വരുത്തിക്കൊണ്ട് പുതിയൊരു ആക്ട് കൂടി മുസ്ലിം വ്യക്തിനിയമത്തില്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീം നിയമപ്രകാരം വിവാഹിതരായ സ്ത്രീകള്‍ക്ക് വിവാഹമോചനം നേടാം എന്നാണ് ആക്റ്റില്‍ പറയുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അഭിഭാഷകനായിരുന്ന മുഹമ്മദ് അഹമ്മദ് ഖാനില്‍നിന്ന് വിവാഹ മോചനത്തിന് ശേഷം ജീവനാംശം ആവശ്യപ്പെട്ട് 62 കാരിയായ ഷാ ബാനു സുപ്രീം കോടതിയെ സമീപിക്കുകയും തുടര്‍ന്ന് 1985 ഏപ്രില്‍ 23ന്, വൈ വി ചന്ദ്രചൂഡിന്റെ ബെഞ്ച് പരിഗണിച്ച കേസില്‍ ഷാ ബാനുവിന് അനുകൂലമായ വിധിയുണ്ടായിവുകയും ചെയ്തു. ഈ വിധിയുടെ ചുവടു പിടിച്ച് 1986ല്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ പാസാക്കിയ Muslim Women (Protection of Rights on Marriage) Act പ്രകാരം ഇന്ത്യയിലെ മുസ്ലിം സ്ത്രീകളുടെ വിവാഹ മോചനത്തിന് ശേഷമുള്ള ജീവനാംശം സംബന്ധിക്കുന്ന നിയമ വ്യവഹാരങ്ങള്‍ നടന്നുപോന്നിരുന്നത്. പിന്നീട് മുത്തലാഖ് നിരോധിച്ച 2019ലെ ഭേദഗതിയും അതിനൊപ്പം കൂട്ടിച്ചേര്‍ക്കപ്പെട്ടിരുന്നു.
ഈ നിയമപ്രകാരം, ഇദ്ദ കാലയളവിലേക്ക് മാത്രമാണ് വിവാഹ മോചിതയായ മുസ്ലിം സ്ത്രീക്ക് ജീവനാംശത്തിനുള്ള അവകാശം. അതിന് ശേഷമുള്ള ഉത്തരവാദിത്തം, സ്ത്രീയുടെ കുടുംബത്തിനോ അവര്‍ക്ക് സാധിച്ചില്ല എങ്കില്‍ വക്കഫ് ബോര്‍ഡിനോ ആണ്. അങ്ങനെ മുസ്ലിം യാഥാസ്ഥിതിക വിഭാഗത്തെ പ്രീണിപ്പിക്കുന്ന സമീപനമായിരുന്നു ഈ നിയമത്തിലൂടെ രാജീവ് ഗാന്ധി സ്വീകരിച്ചത്.
ഷായിറാ ബാനു കേസില്‍ 2017ല്‍ സുപ്രീം കോടതി മുത്തലാഖിന്റെ നിയമ സാധുത എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് 2019ല്‍ മുത്തലാഖ് ശിക്ഷാര്‍ഹമായ കുറ്റമാക്കി നിരോധിച്ചുകൊണ്ട് പാര്‍ലമെന്റ് പാസ്സാക്കിയ ആക്ടാണ് മുസ്ലിം വ്യക്തിനിയമത്തിലെ മറ്റൊരു പരിഷ്‌ക്കാരം. ഒരു സിവില്‍ വ്യവഹാരത്തെ ക്രിമിനല്‍ നടപടിയാക്കി മാറ്റിയ ഈ നടപടി തീര്‍ത്തും വിവേചനപരം കൂടിയാണ്. കാരണം, മുസ്ലിംകള്‍ ഒഴികെ മറ്റൊരു വിഭാഗത്തിനും വിവാഹ മോചനത്തിന് ശിക്ഷ ഏറ്റുവാങ്ങേണ്ട സ്ഥിതി നിലവിലില്ല.
വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി ജീവനാംശം ആവശ്യപ്പെടാമെന്ന വിധി 2024ല്‍ ജൂലൈ പത്തിന് ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് പുറപ്പെടുവിച്ചു. സിആര്‍പിസി സെക്ഷന്‍ 125 പ്രകാരം ഏതൊരു മുസ്ലിം സ്ത്രീക്കും വിവാഹബന്ധം വേര്‍പ്പെടുത്തിയ ഭര്‍ത്താവില്‍ നിന്നും ജീവനാംശം ആവശ്യപ്പെടാമെന്നാണ് സുപ്രീം കോടതി വിധിച്ചത്.
ശരീയത്ത് ആക്റ്റില്‍ ഇത്തരത്തിലുള്ള പരിഷ്‌ക്കാരങ്ങള്‍ വന്നെങ്കിലും സ്വത്ത് പങ്കിടുന്നതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇതുവരെ ആരും തയ്യാറായിട്ടില്ല. ശരീയത്ത് നിയമം അനുസരിച്ച് പെണ്‍മക്കള്‍ മാത്രമുള്ള ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ സ്വത്തിന്റെ പകുതിയോ മൂന്നില്‍ ഒന്നോ സഹോദരങ്ങള്‍ക്കായിരിക്കും ലഭിക്കുക. സ്വന്തം മക്കള്‍ക്ക് വില്‍പത്രം എഴുതിവെക്കാനുള്ള അവകാശം മുസ്‌ലിം വ്യക്തിനിയമം അനുവദിക്കുന്നില്ല.
ഒരു വ്യക്തി മരണപ്പെട്ടാല്‍ കുടുബ സ്വത്തില്‍ അവരുടെ മക്കള്‍ക്ക് ലഭിക്കുന്ന ഓഹരിയില്‍ പുരുഷന് രണ്ട് കിട്ടുമ്പോള്‍ സ്ത്രീക്ക് ഒരു ഓഹരിയാണ് കിട്ടുന്നത്. മരിച്ചയാള്‍ക്ക് ഒരു പെണ്‍കുട്ടി മാത്രമാണുള്ളതെങ്കില്‍ ആകെ സ്വത്തിന്റെ പകുതി മാത്രം അവള്‍ക്ക്. ബാക്കി ബന്ധുക്കള്‍ക്ക്. ഒന്നിലധികം പെണ്‍മക്കളാണുള്ളതെങ്കില്‍ 2/3 ഭാഗം പെണ്‍മക്കള്‍ക്കും ബാക്കി ഭാഗം ബന്ധുക്കള്‍ക്കും ലഭിക്കു.
ഒരാള്‍ ജീവിച്ചിരിക്കെ അയാളുടെ മകനും മകളും മരിക്കുകയും അവരുടെ മക്കള്‍ ജീവിച്ചിരിക്കുകയും ചെയ്താല്‍ മറ്റ് അവകാശികള്‍ ഇല്ലെങ്കില്‍ ആണ്‍മക്കളുടെ മക്കള്‍ക്ക് മാത്രം സ്വത്തില്‍ അവകാശം ലഭിക്കുകയും പെണ്‍മക്കളുടെ മക്കള്‍ക്ക് ഒരവകാശവും ലഭിക്കാതിരിക്കുകയും ചെയ്യുന്നു. മക്കളില്ലാതെ ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ സ്വത്തിന്റെ 1/4 മാത്രമാണ് ഭാര്യയ്ക്ക്. ഭാര്യയാണ് മരിക്കുന്നതെങ്കില്‍ ഭാര്യയുടെ സ്വത്തിന്റെ പകുതി ഭാഗം ഭര്‍ത്താവിന് ലഭിക്കും.
മക്കളുള്ള സത്രീയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ 1/8 മാത്രമെ ലഭിക്കൂ. എന്നാല്‍ ഭാര്യയുടെ സ്വത്തിന്റെ 1/4 ഭാഗം ഭര്‍ത്താവിന് ലഭിക്കും. അവിവാഹിതനായ മകന്‍ മരിച്ചാല്‍ മകന്റെ സ്വത്തിന്റെ 5/6 ഭാഗവും പിതാവിനുള്ളതാണ്. മാതാവിനാകട്ടെ 1/6 ഭാഗം മാത്രം. മാതാപിതാക്കള്‍ ജീവിച്ചിരിക്കെ ഒരാള്‍ മരിച്ചാല്‍ മറ്റ് അവകാശികള്‍ ഉണ്ടെങ്കില്‍ മരിച്ചയാളുടെ അനാഥരായ മക്കള്‍ക്ക് ജീവിച്ചിരുന്നെങ്കില്‍ പിതാവിന് ലഭിക്കുമായിരുന്ന സ്വത്തിന്റെ ഒരംശം പോലും ലഭിക്കില്ല.
ഇത്തരത്തില്‍ സ്വത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് പിന്തുടര്‍ച്ചാവകാശ നിയമത്തിന്റെ ദുരിതം പേറുന്ന സ്ത്രീകളാണ് സമൂഹത്തിലാകമാനമുള്ളത്. ഈ നിയമത്തില്‍ ഏതെങ്കിലും ഒരു മാറ്റം കൊണ്ടുവരാനുള്ള ചലനത്മകമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ വിലങ്ങുതടിയാകുന്നത് പൗരോഹിത്വവും പുരുഷ വര്‍ഗവുമാണ്.
‘1937ലെ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റ് അനുസരിച്ചാണ് ഇന്ത്യയില്‍ മുസ്ലീം സമുദായത്തിന്റെ വിവാഹം, വിവാഹ മോചനം, ജീവനാംശം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ തുടങ്ങിയ കാര്യങ്ങളിലൊക്കെ തീരുമാനങ്ങള്‍ എടുക്കുന്നത്. ബ്രിട്ടീഷ് ഇന്ത്യയില്‍ നിലവില്‍ വന്ന ഈ നിയമം അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഹദീസുകളില്‍ നിന്നും മറ്റു പല ഉറവിടങ്ങളില്‍ നിന്നുമുള്ള കാര്യങ്ങള്‍ ക്രോഡീകരിച്ചും പ്രശസ്ത നിയമ പണ്ഡിതന്‍ ഡിഎഫ് മുള്ള ‘പ്രിന്‍സിപ്പള്‍സ് ഓഫ് മുഹമ്മദന്‍ ലോ’ എന്ന പേരില്‍ എഴുതിയ ഗ്രന്ഥത്തിലെ വകുപ്പുകളും ചേര്‍ത്തും കൊണ്ടാണ് ഇന്ത്യയിലെ മുസ്ലീം വ്യക്തി നിയമങ്ങള്‍ തീരുമാനിക്കപ്പെട്ടത്.
അതേപോലെ ഇന്ത്യയിലെ മറ്റു മതവിഭാഗങ്ങളിലെ വ്യക്തി നിയമങ്ങള്‍ അന്നത്തെ ഒരു സാമൂഹിക സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് നിലവില്‍ വന്നത്. ഈ നിയമങ്ങളില്‍ എല്ലാം സ്ത്രീകളോട് വിവേചനം കാണിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ടായിരുന്നു. പല കാലങ്ങളായി മതത്തിന് അത്തുനിന്നും ജനാധിപത്യ രീതിയില്‍ ഇത്തരം നിയമങ്ങള്‍ പരിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി എല്ലാ വ്യക്തി നിയമങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റില്‍ എന്തെങ്കിലും ഭേദഗതി വരുത്തണം എന്ന് തീരുമാനിക്കുമ്പോള്‍, ഖുറാനികമാണ് ഇന്ത്യയിലെ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റ് അതില്‍ ഒരു മാറ്റവും വരുത്താന്‍ പാടില്ല എന്നാ രീതിയില്‍ മത പണ്ഡിതന്മാര്‍ ശബ്ദിക്കാറുണ്ട്. അത്തരം ഒരു സാഹചര്യത്തിലാണ് കേരളത്തിലെ മുസ്ലീം സ്ത്രീകളുടെ സംഘടനയായ ‘നിസ’യും മറ്റു സംഘടനകളും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഒരു റിട്ട് ഫയല്‍ ചെയ്യുകയും ആ റിട്ട് തള്ളിപ്പോയ സാഹചര്യത്തില്‍ സുപ്രീം കോടതിയിലേയ്ക്ക് പോവുകയും ചെയ്തു. പിന്തുടര്‍ച്ചാവകാശ നിയമങ്ങള്‍ പരിക്കരിക്കുക എന്നതായിരുന്നു അതിലെ ഊന്നല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് സുപ്രീംകോടതി കേരള സര്‍ക്കാരിനോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടു. ഇവിടുത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്തത് ആണുങ്ങളായ മുസ്ലീം മത പണ്ഡിതന്‍മാരെ വിളിച്ച് അവരോട് സത്യവാങ്മൂലത്തില്‍ കൊടുക്കാനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യപ്പെടുകയാണ് ചെയ്തത്. കേസില്‍ കക്ഷി ചേര്‍ന്ന മുസ്ലീം സ്ത്രീകളുടെ സംഘടനയോട് പോലും സര്‍ക്കാര്‍ ചോദിച്ചില്ല. സ്വാഭാവികമായും ശരീയത്ത് നിയമത്തില്‍ മാറ്റം വരുത്താന്‍ പാടില്ല എന്ന പറയുന്ന സാഹചര്യമുണ്ടായി. ഇത് പത്രവാര്‍ത്തകളിലൂടെ അറിയുകയും മുസ്ലീം സ്ത്രീകളുടെ മുന്‍കയ്യില്‍ മുഖ്യമന്ത്രിയെ കാണുകയും ഒരു കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ആ കൂട്ടായ്മയാണ് പിന്നീട് സംഘടനായി (FORGUM) മാറിയത്.’, FORGUM ജോയിന്റ് കണ്‍വീനറും സാമൂഹിക പ്രവര്‍ത്തകയുമായ എം സുല്‍ഫത്ത് വോക്ക് മലയാളത്തോട് പറഞ്ഞു.
‘വിവാഹവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റില്‍ ഭേദഗതി ഉണ്ടായിട്ടുണ്ട്. ഇന്ത്യയിലെ പൊതു നിയമം അനുസരിച്ച് പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സ് ആക്കിയിട്ടുണ്ട്. വിവാഹ മോചനവുമായി ബന്ധപ്പെട്ട് ഷാ ബാനു ബീഗം കേസില്‍ ത്വലാഖ് ചെല്ലപ്പെട്ട സ്ത്രീയ്ക്ക് ജീവനാംശം കൊടുക്കുന്ന വിധി മുസ്ലീം സമൂഹം എതിര്‍ത്തിരുന്നു. എന്നാല്‍ 2024ല്‍ മുസ്ലീം സ്ത്രീയ്ക്ക് ജീവനാംശം ലഭിക്കാന്‍ എല്ലാ സ്ത്രീകളെയും പോലെ അവകാശമുണ്ടെന്ന് സുപ്രീംകോടതിയുടെ വിധി വന്നുകഴിഞ്ഞു. ഇസ്ലാമിക മത വിശ്വാസ പ്രകാരം ദത്ത് പാടില്ല എന്നുള്ളത് ഷാ ബാനു ബീഗം കേസില്‍ ദാത്താവകാശം മുസ്ലീം സ്ത്രീയ്ക്ക് അനുവദിച്ചുകൊണ്ട് നിയമം വന്നു. അതുപോലെ ത്വലാഖുമായി ബന്ധപ്പെട്ട് മുസ്ലീം പുരുഷനെ ക്രിമിനല്‍ കുറ്റവാളി ആക്കുന്ന നിയമം വന്നു. ഈ നിയമത്തില്‍ മനുഷ്യ വിരുദ്ധത ഉണ്ടെങ്കിലും അതിലൊക്കെ ഭേദഗതി വന്നത് ഇന്ത്യയിലാണ്. ഇതിലൊക്കെ ആദ്യഘട്ടത്തില്‍ എതിര്‍പ്പ് ഉണ്ടായെങ്കിലും പിന്നീട് കാലത്തിനനുസരിച്ച് പരിഷ്‌ക്കരിക്കപ്പെടെണ്ടതാണ് എന്ന രീതിയില്‍ മുസ്ലീം പണ്ഡിതന്‍മാരും സമൂഹവും അംഗീകരിക്കുകയും പിന്തുടരുകയും ചെയ്യുന്നുണ്ട്.
എന്നാല്‍ സ്വത്തവകാശത്തിന്റെ കാര്യത്തില്‍ മാത്രമാണ് ഏറ്റും വലിയ എതിര്‍പ്പ് ഉണ്ടാകുന്നത്. സ്വത്തവകാശത്തിന്റെ കാര്യത്തില്‍ നിലനില്‍ക്കുന്ന വിവേചനം സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷനാണ് എന്ന പൊതു കാഴ്ചപ്പാട് അനുസരിച്ചുള്ള നിയമങ്ങളാണ്. ആ നിയമങ്ങള്‍ മാറുമ്പോള്‍ അതിന്റെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്നത് പുരുഷനാണ്. അതുകൊണ്ട് കൂടിയായിരിക്കാം ഭേദഗതി പാടില്ല എന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഇരകള്‍ സ്ത്രീകള്‍ മാതമല്ല. ഉദാഹരണം പറയുകയാണെങ്കില്‍ ഒരാള്‍ ജീവിച്ചിരിക്കെ മക്കള്‍ മരിച്ചുപോകുന്നു എങ്കില്‍ അയാള്‍ക്ക് എത്ര സ്വത്ത് ഉണ്ടെങ്കിലും മരിച്ചുപോയ മക്കളുടെ മക്കള്‍ക്ക് ആ സ്വത്ത് ലഭിക്കില്ല. ഇത് സ്ത്രീയെ മാത്രമല്ല ബാധിക്കുന്നത്. ഇസ്ലാമിന്റെ കാഴ്ചപ്പാടിന് തന്നെ വിരുദ്ധമാണിത്. അനാഥകളെ സംരക്ഷികണം എന്ന് നബി വചനങ്ങളില്‍ പറയുന്നുണ്ട്. ഇവിടെ അനാഥരാക്കപ്പെട്ട മക്കള്‍ക്ക് സ്വത്തില്‍ അവകാശം ലഭിക്കാതെ പിതാവിന്റെ സഹോദങ്ങളിലേയ്ക്കാണ് സ്വത്ത് പോകുന്നത്.
ആധുനിക സമൂഹത്തില്‍ പിതാവിന്റെ സഹോദരങ്ങള്‍ സംരക്ഷിക്കും എന്ന് പറയുന്നത് പ്രായോഗികമാല്ല. സ്വത്തവകാശവുമായി ബന്ധപ്പെട്ട ഏതു നിയമം എടുത്താലും, ഭാര്യയും ഭര്‍ത്താവും എന്ന ബന്ധത്തില്‍ ആയാലും മകളും മകനും എന്ന ബന്ധത്തില്‍ ആയാലും പുരുഷന് കിട്ടുന്നതിന്റെ പകുതി സ്വത്ത് മാത്രമേ സ്ത്രീയ്ക്ക് ലഭിക്കൂ. ഭര്‍ത്താവ് മരിച്ചാല്‍ ഭര്‍ത്താവിന്റെ സ്വത്തില്‍ എട്ടില്‍ ഒന്ന് ഭാഗമേ ഭാര്യക്ക് കിട്ടൂ. മറിച്ച് ഭാര്യ മരിച്ചാല്‍ ഭാര്യയുടെ സ്വത്തിന്റെ നാലിലൊന്ന് ഭാഗം ഭര്‍ത്താവിനു കിട്ടും. 14ാം നൂറ്റാണ്ടില്‍ ഒക്കെ ഒരു സ്വത്തും സ്ത്രീയ്ക്ക് അവകാശപ്പെടാതിരുന്ന കാലത്ത് അത് ശരിയായിരിക്കാം. ചരിത്രപരമായി ഇങ്ങനെ ആണെങ്കിലും കാലത്തിനനുസരിച്ച് മാറ്റം വരണം. ഇന്ന് സമൂഹത്തില്‍ ഓരോ സ്ത്രീയും ഓരോ വ്യക്തിയാണ്. അവര്‍ അധ്വാനിക്കുന്നുണ്ട്. കുടുംബം പോറ്റുന്നുണ്ട്.
ഒരാള്‍ക്ക് കോടികളുടെ ആസ്തി ഉണ്ടാകും. സ്വത്ത് ഭാഗം വെക്കുമ്പോള്‍ അന്ന് വരെ യാതൊരു ഉത്തരവാദിത്തങ്ങളും നിറവേറ്റാത്ത പിതൃസഹോദരന്മാര്‍ക്ക് കൊടുക്കുകയാണ്. ഇപ്പോഴും മത പണ്ഡിതന്‍മാര്‍ പറയുന്നത്, സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ പിതൃസഹോദരങ്ങളെ നിര്‍ബന്ധിക്കുകയാണ് വേണ്ടത് എന്നാണ്. ഇത് ആധുനിക സമൂഹത്തിന് ചേര്‍ന്നതല്ല. ഖുറാന്‍ സ്ത്രീധനത്തിന് എതിരാണ്. എന്നാല്‍ ഇത് വ്യാപകമായി മുസ്ലീം സമൂഹത്തില്‍ നടക്കുന്നുണ്ട്. ഖുറാന്‍ പറഞ്ഞ എല്ലാം മാറുന്നുണ്ട് പക്ഷേ, പുരുഷന് അധികാരം, സ്വത്ത് ഇതൊക്കെ കൈവരുന്ന വിഷയങ്ങളിലാണ് മത പണ്ഡിതന്‍മാര്‍ മുറുകെ പിടിച്ചിരിക്കുന്നത്.
ഇന്നലെ വരെ മുസ്ലീം സ്ത്രീകള്‍ക്ക് ഇത് തിരിച്ചറിയില്ലായിരുന്നു. കാരണം സ്ത്രീധനം കൊടുത്ത് കല്യാണം കഴിപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട് കിട്ടുന്നതൊക്കെ ആനുകൂല്യമാണ് എന്ന് കരുതിയിരുന്ന ഇടത്ത് നിന്നും അവകാശ ബോധമുള്ള സ്ത്രീകള്‍ മുസ്ലീം സമുദായത്തില്‍ നിന്നും ഉയര്‍ന്നുവന്നു തുടങ്ങി. വിദ്യാഭ്യാസം നേടി, തൊഴില്‍ നേടി, മാതാപിതാക്കളുടെ സ്വത്തിനെ കുറിച്ചുള്ള അറിവ്, മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി സമ്പാദിക്കുന്ന അവസ്ഥയൊക്കെ വന്നു. അപ്പോള്‍ ചോദ്യങ്ങളും ഉയര്‍ന്നു തുടങ്ങി. പക്ഷേ ഇപ്പോഴും മതത്തെ ഭയക്കുന്ന അവസ്ഥ ഉള്ളതുകൊണ്ടാണ് പരസ്യമായി സ്ത്രീകള്‍ മുന്നോട്ടുവരാത്തത്. പിന്നെ ഇതിനെ മറികടക്കാന്‍ വേണ്ടി ചെയ്യുന്ന ഒരു മാര്‍ഗമാണ് സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുക എന്നുള്ളത്. ഇതുപ്രകാരമുള്ള വിവാഹത്തിന്റെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ‘, എം സുല്‍ഫത്ത് വോക്ക് മലയാളത്തോട് പറഞ്ഞു.
‘പിന്തുടര്‍ച്ചാ നിയമത്തിലെ സ്ത്രീ അനീതി എല്ലാവര്‍ക്കും അറിയാവുന്നതാണ്. അത് മതം, ഖുറാന്‍ നിര്‍ദേശിച്ചതാണ് എന്ന് വിശ്വസിച്ചുകൊണ്ട് സ്ത്രീകള്‍ സഹിക്കുകയാണ്. പിതാവ് മരിച്ചാലോ അല്ലെങ്കില്‍ രക്ഷകര്‍ത്താവ് മരിച്ചാലോ പെണ്‍കുട്ടികള്‍ മാത്രം ഉള്ളുവെങ്കില്‍ ഇവര്‍ക്ക് ലഭിക്കേണ്ട സ്വത്തിന്റെ മേല്‍ പലര്‍ക്കും അവകാശം വരികയാണ്. ഇത്തരത്തിലുള്ള ഒരുപാട് അനുഭവസ്ഥര്‍ കോടതിയില്‍ പോവുകയും ചെയ്തിട്ടുണ്ട്.
ഖുറാനില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ 1400 കൊല്ലം മുമ്പത്തെ സാമൂഹിക അന്തരീക്ഷത്തില്‍ ഉണ്ടായിവന്നിട്ടുള്ളതാണ്. സ്ത്രീയ്ക്ക് യാതൊരുവിധ അവകാശങ്ങളും ഇല്ലാതിരുന്ന കാലത്ത് വാസ്തവത്തില്‍ നീതിയും സമത്വവും സ്ത്രീസ്വത്വ അംഗീകാരവും ഉദ്ദേഷിച്ചുകൊണ്ട് തന്നെ ഉണ്ടായിട്ടുള്ള മതമാണ് ഇസ്ലാം. അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ സാധിക്കാവുന്ന ചെറിയ ഇടപെടലുകള്‍ ആണ് അന്ന് ഉണ്ടായിട്ടുള്ളത്.
ശരീയത്ത് നിയമങ്ങളൊക്കെ ഉണ്ടാകുന്നത് ഒമ്പതാം നൂറ്റാണ്ടിലാണ്. പിന്നെയും രണ്ട് നൂറ്റാണ്ട് കഴിഞ്ഞാണ് ശരീയത്ത് നിയമങ്ങള്‍ ക്രോഡീകരിക്കുന്നത്. പുസ്തകങ്ങളായി വരുന്നത് 12ാം നൂറ്റാണ്ടിലാണ്. അപ്പോള്‍ ഇതിനൊന്നും പുണ്യഗ്രന്ഥത്തില്‍ അതുപോലെ രേഖപ്പെടുത്തി വെച്ചതാണ് എന്നൊന്നും പറയാന്‍ സാധിക്കില്ല. ഇത് സാധാരണ ജനങ്ങള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നത് സംഘടന (FORGUM) യുടെ പ്രധാന ഉദ്ദേശമാണ്.
സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കും. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പോലും പിന്നീട് വില്ലേജ് ഓഫീസില്‍ പോയാലും അവര്‍ ശരീയത്ത് നിയമം പറഞ്ഞു അവഗണിക്കുന്ന അവസ്ഥയുണ്ട്. സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി ഇതിനൊരു ഓര്‍ഡര്‍ കൊണ്ട് വന്നിട്ടുണ്ട്. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് എങ്കില്‍ ഇന്ത്യന്‍ പിന്തുടര്‍ച്ച നിയമം തന്നെയാണ് ബാധകമാകുക എന്ന് പറഞ്ഞുള്ള ഒരു ഓര്‍ഡര്‍ റെവന്യൂ വകുപ്പില്‍ നിന്നും കിട്ടിയിട്ടുണ്ട്. സ്‌പെഷ്യല്‍ മാരേജ് ആക്റ്റ് പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുക എന്നും ഞങ്ങള്‍ പറയുന്നുണ്ട്. വ്യക്തി നിയമം മാറ്റുന്ന കാലത്തോളം ഒരു പ്രതിരോധമായി ഇതേ ഒരു വഴിയുള്ളൂ.’, FORGUM ചെയര്‍പേഴ്‌സനും എഴുത്തുകാരിയുമായ ഡോ. ഖദീജ മുംതാസ് വോക്ക് മലയാളത്തോട് പറഞ്ഞു.
ശരീയത്ത് ആപ്ലിക്കേഷന്‍ ആക്റ്റില്‍ മാറ്റം വരാത്ത മറ്റൊരു കാര്യം ബഹുഭാര്യത്വമാണ്. ലോകത്തുളള പല മുസ്ലിം രാഷ്ട്രങ്ങളും സ്ത്രീയുടെ പദവി ഉയരാന്‍ പാകത്തില്‍ ബുഹുഭാര്യത്വം എന്ന നിയമം പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. സിറിയ, ഇറാന്‍, ഇറാഖ് എന്നീ രാജ്യങ്ങളില്‍ രണ്ടാം വിവാഹത്തിന് കോടതിയുടെ മുന്‍കൂട്ടിയുളള അനുവാദം വേണം. പാക്കിസ്ഥാനിലെ 1961ലെ കുടുംബ ഓര്‍ഡിനന്‍സ് പ്രകാരം പ്രത്യേകമായി രൂപീകരിച്ച ഒരു മദ്ധ്യസ്ഥ കൗണ്‍സിലിന്റെ സമ്മതം രണ്ടാം വിവാഹത്തിന് ആവശ്യമാണ്. ആ വിവാഹവും ന്യായവുമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമെ യുക്തമായ വ്യവസ്ഥകളില്‍ നിന്നുകൊണ്ട് അനുമതി കൊടുക്കുകയുളളൂ. ഈ ഓര്‍ഡിനന്‍സ് ബംഗ്ലാദേശിലും ബാധകമാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും 1951ലെ മുസ്ലിം വിവാഹം, വിവാഹ മോചന നിയമമനുസരിച്ച് രണ്ടാം വിവാഹത്തിന് 30 ദിവസം മുമ്പ് നോട്ടീസ് നല്‍കണം. തുര്‍ക്കിയില്‍ 1926ലെ സിവില്‍ കോഡ് ബഹുഭാര്യത്വം വ്യക്തമായി നിരോധിച്ചു. ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത് പോലെ നീതി പുലര്‍ത്താന്‍ ആധുനിക സാഹചര്യത്തില്‍ സാധ്യമല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 1957ല്‍ ടൂണീഷ്യ ബഹുഭാര്യത്വം നിരോധിച്ചു. ഇങ്ങനെ ഇരുപതോളം രാജ്യങ്ങളില്‍ നിയമം പുനരാവിഷ്‌ക്കരിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ പൗരോഹിത്വം ഈ ഉദ്യമത്തിന് തയ്യാറായിട്ടില്ല.
മുസ്ലിംകളുടെ ബഹുഭാര്യത്വം, വിവാഹമോചനം, സ്വത്തവകാശം എന്നിവ ചൂണ്ടിക്കാണിച്ചാണ് ഏക സിവില്‍ കോഡ് നടപ്പാക്കണം എന്ന് ബിജെപി ഭരണകൂടം നിരന്തരം ആവശ്യപ്പെടുന്നത്. 2018 ആഗസ്റ്റില്‍, രണ്ട് വര്‍ഷം നീണ്ട അഭിപ്രായ സമാഹരണത്തിനും വിശകലനങ്ങള്‍ക്കും ശേഷം 21ാം നിയമ കമ്മീഷന്‍ വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് 185 പേജുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. വിവാഹം, സംരക്ഷണ അവകാശം, ജീവനാംശം, പിന്തുടര്‍ച്ചാകാശം എന്നിവ സംബന്ധിച്ച് എല്ലാ വ്യക്തിനിയമങ്ങളിലും പരിഷ്‌കാരങ്ങള്‍ വേണമെന്ന് 21ാം നിയമ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടില്‍ ഒരു നടപടിയും സ്വീകരിക്കാതെ ഏകീകൃത സിവില്‍ കോഡിന് വേണ്ടിയുള്ള നീക്കം 22ാം നിയമ കമീഷനെ മുന്‍നിര്‍ത്തിയാണ് ബിജെപി വീണ്ടും ആരംഭിച്ചത്.
‘മുസ്ലീം സ്ത്രീകളോട് ഭയങ്കരമായ അനീതി മുസ്ലീം പുരുഷന്മാരും പൗരോഹിത്യവും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞാണല്ലോ ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരും എന്ന് പറയുന്നത്. വാസ്തവത്തില്‍ ഇത് എല്ലാ തരത്തിലും മനുഷ്യവിരുദ്ധമായിട്ടുള്ള ഏകീകൃത സിവില്‍ കോഡ് തന്നെയാണ്. 2000 മുതല്‍ മനുസ്മൃതി അനുസരിച്ചുള്ള ഒരു ഭരണഘടന കൊണ്ടുവരണം എന്നാ രീതിയിലാണല്ലോ അവരുടെ മുന്നോട്ടുള്ള പോക്ക്. ഒരു ഹിന്ദു രാഷ്ട്ര സ്ഥാപനമാണ് ഉദ്ദേശം. ഇത് എല്ലാ സ്ത്രീകളുടെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കാനും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട എല്ലാ ജനതയും കൂടുതല്‍ കുഴപ്പത്തിലേയ്ക്ക് കൊണ്ടുപോകാന്‍ ഇടയാക്കും. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുകയല്ല, മറിച്ച് വ്യക്തിനിയമത്തില്‍ പരിഷ്‌ക്കാരം ആണ് വേണ്ടത് എന്ന് 2018ലെ നിയമ കമ്മീഷന്‍ പറഞ്ഞിരുന്നു. അത് പരിഗണിക്കാതെ കഴിഞ്ഞ വര്‍ഷം വീണ്ടുമൊരു നിയമ കമ്മീഷന്‍ കൂടി വന്നു. കമ്മീഷന്‍ സംഘടനയോട് അഭിപ്രായം ചോദിക്കുകയും ഞങ്ങള്‍ (FORGEM) അഭിപ്രായം എഴുതി കൊടുക്കുകയും ചെയ്തിരുന്നു.
മുസ്ലീം വ്യക്തി നിയമ പരിഷ്‌ക്കരണം ഖുറാന്‍, ഇസ്ലാം വിരുദ്ധമല്ല എന്ന് സ്ത്രീകളിലെയ്ക്ക് എത്തിക്കുക, പൗരോഹിത്യം എന്ന് പറയുന്ന മത നേതാക്കള്‍ സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നത് കൊണ്ടാണ് ഈ മതത്തില്‍ ജനിച്ച എല്ലാവരെയും ഹീനകൂട്ടമായി കരുതാനും ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നത്. ഇത് മനസ്സിലാക്കി പൗരോഹിത്വം ഈ കാലത്ത് എങ്കിലും ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കണം എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. അതുപോലെ വ്യക്തി നിയമത്തില്‍ സര്‍ക്കാരുകളും നിയമ നിര്‍മാണം നടത്തണം. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഞങ്ങള്‍ക്ക് പറയാനുള്ളത്. കൂടെ മറ്റ് വ്യക്തി നിയമങ്ങളിലും അപാകതകളുണ്ട് എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നുണ്ട്. ഹിന്ദു സമുദായത്തിലെ നിയമത്തിലും മാറ്റങ്ങള്‍ ഇനിയും വരുത്താനുണ്ട്. കൂട്ടുകുടുംബ വ്യവസ്ഥയിലെ സ്വത്തിന്റെ വിഭജനം എന്നിവയിലൊക്കെ ഇപ്പോഴും പ്രശ്‌നങ്ങളുണ്ട്.’, ഡോ. ഖദീജ മുംതാസ് വോക്ക് മലയാളത്തോട് പറഞ്ഞു.
രാജ്യത്തെ പൗരന്മാര്‍ക്ക് ബാധകമായ ഒരു പൊതു ശിക്ഷാ നിയമം നിലവിലുള്ളതുപോലെ ഒരു പൊതുവായ വ്യക്തിനിയമം കൊണ്ടുവരിക എന്നതാണ് ഏക സിവില്‍ നിയമം കൊണ്ടുദ്ദേശിക്കുന്നത്. ഭരണഘടനാ നിര്‍മാണസഭയില്‍ ജവാഹര്‍ലാല്‍ നെഹ്രുവും ഡോ. ബി ആര്‍ അംബേദ്കറും ഏക സിവില്‍കോഡിനെ അനുകൂലിക്കുന്നവരായിരുന്നു. എന്നാല്‍, ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നും സമ്മതത്തോടെ നടപ്പാക്കേണ്ടതാണെന്നുമാണ് അംബേദ്കര്‍ സ്വീകരിച്ച നിലപാട്. അംഗീകരിക്കാന്‍ തയ്യാറാണെന്ന് പറയുന്നവര്‍ക്കുമാത്രം ബാധകമാകും വിധത്തില്‍ ഭാവിയില്‍ പാര്‍ലമെന്റിന് ഇതുസംബന്ധിച്ച നിയമനിര്‍മാണം സാധ്യമാണെന്ന് അദ്ദേഹം ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി.
ഭരണഘടനയിലെ 44-ാം അനുച്ഛേദത്തില്‍, ഭരണകൂട നയങ്ങളുടെ നിര്‍ദേശകതത്ത്വത്തിലാണ് ഏക സിവില്‍ കോഡിനെക്കുറിച്ച് പറയുന്നത്. ഇന്ത്യയിലൊട്ടാകെ പൗരന്മാര്‍ക്ക് ഏക സിവില്‍ കോഡ് കൊണ്ടുവരാന്‍ ഭരണകൂടം ശ്രമിക്കണമെന്ന് ഇതില്‍ പറയുന്നു. നിര്‍ദേശകതത്ത്വങ്ങള്‍ നടപ്പാക്കണമെന്ന് ഏതെങ്കിലും കോടതിക്ക് നിര്‍ബന്ധിക്കാനാവില്ലെന്ന് 37-ാം അനുച്ഛേദവും വ്യക്തമാക്കുന്നു. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് ആഗ്രഹിക്കുമ്പോഴും അതിനെ നിര്‍ബന്ധരൂപത്തില്‍ അടിച്ചേല്‍പ്പിക്കരുതെന്ന സൂചനയാണ് ഭരണഘടന നല്‍കുന്നത്.
ഏകീകൃത സിവില്‍ നിയമം നിലവില്‍വരുന്നപക്ഷം, അത് ഇന്ത്യയിലെ മുസ്ലിങ്ങളെ എന്നതിനെക്കാള്‍ ഹിന്ദുക്കളെയും ആദിവാസി വിഭാഗങ്ങളെയും ക്രിസ്ത്യന്‍-പാഴ്സി-സിഖ് സമുദായാംഗങ്ങളെയുമാണ് ബാധിക്കുക. ആദിവാസി-ഗോത്ര വിഭാഗങ്ങളുടെ മതവിശ്വാസങ്ങള്‍ക്കും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഭരണഘടനാപരമായ പരിരക്ഷയുണ്ട്. നാഗാലാന്‍ഡിലെ തനതു ജനവിഭാഗങ്ങള്‍ക്കുള്ള പരിരക്ഷയെക്കുറിച്ച് പറയുന്ന 371 എ അനുച്ഛേദം, മണിപ്പുരിലെ കുന്നിന്‍ പ്രദേശങ്ങള്‍ക്കുവേണ്ടിയുള്ള 371 സി അനുച്ഛേദം എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. അതുപോലെ അസം, മേഘാലയ, ത്രിപുര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്ര പ്രദേശങ്ങളുടെ ഭരണത്തിനായി ഉണ്ടാക്കിയ ആറാം പട്ടികയ്ക്ക് 244 (2), 275 (1) അനുച്ഛേദങ്ങളുടെ പിന്‍ബലമുണ്ട്.
ഇന്ത്യയിലെ വ്യക്തി നിയമങ്ങള്‍ മത വിശ്വാസവുമായി കെട്ട് പിണഞ്ഞ് കിടക്കുന്നവയായതിനാല്‍ ഇതിലെ ഭരണഘടനാ മൂല്യങ്ങളെ കണ്ടെത്തി കാലോചിതമായ പരിഷ്‌കരണം നടത്തുകയയാണ് വേണ്ടത്. അല്ലാതെ ഏകീക്യതമായ നിയമം കൊണ്ടുവന്നാല്‍ നാനാത്വത്തില്‍ ഏകത്വം എന്ന തത്വത്തെ തന്നെ അട്ടിമറിക്കുന്ന രീതിയിലാകും. ഭരണഘടന അനുസരിച്ച് എല്ലാ പൗരന്മാര്‍ക്കും അവരുടെ മതം, ലിംഗഭേദം, ജാതി മുതലായവ പരിഗണിക്കാതെ ഒരുപോലെ ബാധകമാകുന്ന നിയമങ്ങള്‍ നിര്‍ദേശിക്കാനും കഴിയില്ല. അതുകൊണ്ട് തന്നെ ഏക സിവില്‍ കോഡിനെ രാഷ്ട്രീയ നീക്കമായി മാത്രമേ വിലയിരിത്തുനാകൂ.
FAQs
എന്താണ് മുസ്ലിം വ്യക്തി നിയമം?
ഇന്ത്യയിലെ മുസ്ലിംകളുടെ വിവാഹം, പിന്തുടര്‍ച്ചാവകാശം, അനന്തരാവകാശം, ദാനധര്‍മ്മങ്ങള്‍ എന്നിവയെ നിയമപരമായി നിയന്ത്രിക്കുന്ന നിയമമാണ് മുസ്ലിം വ്യക്തിനിയമം (ശരീയത്ത്) അപ്ലിക്കേഷന്‍ ആക്റ്റ്. ബ്രിട്ടീഷ് കൊളോണിയല്‍ സര്‍ക്കാരാണ് 1937ല്‍ നിയമം നടപ്പാക്കിയത്.
എന്താണ് ശരീയത്ത്?
ഇസ്‌ലാമിന്റെ മതപരമായ പ്രമാണങ്ങളിൽ നിന്ന്, പ്രത്യേകിച്ചും ഖുർആൻ, ഹദീഥ് എന്നിവയിൽ നിന്ന് ഉരുത്തിരിഞ്ഞ ഇസ്‌ലാമിക നിയമങ്ങളാണ് ശരീയത്ത്.
എന്താണ് ഏക സിവില്‍ കോഡ്?
രാജ്യത്തെ പൗരന്മാര്‍ക്ക് ബാധകമായ ഒരു പൊതു ശിക്ഷാ നിയമം നിലവിലുള്ളതുപോലെ ഒരു പൊതുവായ വ്യക്തിനിയമം കൊണ്ടുവരിക എന്നതാണ് ഏക സിവില്‍ നിയമം കൊണ്ടുദ്ദേശിക്കുന്നത്.
Quotes
“വൈകിയ അവകാശം നിഷേധിക്കപ്പെട്ട അവകാശമാണ്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.