Sat. Dec 14th, 2024

കൊല്ലം: മൈനാഗപ്പള്ളിയിൽ യുവതിയെ കാർ കയറ്റിക്കൊന്ന കേസില്‍ ഒന്നാം പ്രതി അജ്മലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഗോപകുമാര്‍ ആണ് അപേക്ഷ തള്ളിയത്.

ഗൗരവതരമായ കുറ്റകൃത്യം എന്ന നിലയിൽ പരാതിയ്ക്ക് ജാമ്യം നിരസിക്കുകയായിരുന്നു. അപകടമുണ്ടായ സമയത്ത് ആള്‍ക്കൂട്ട ആക്രമണം ഭയന്നാണ് കാര്‍ നിര്‍ത്താതിരുന്നതെന്ന ന്യായമാണ് പ്രതി കോടതിയില്‍ അറിയിച്ചത്. എന്നാല്‍ സംസ്ഥാനം മുഴുവന്‍ നടക്കുന്ന വാഹനാപകടങ്ങളില്‍ പ്രതികള്‍ ഈ നിലപാട് സ്വീകരിച്ചാലെന്താവും സ്ഥിതി എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിശദീകരണത്തിന് അനുവദിക്കാതെ കോടതി അപേക്ഷ തള്ളുകയായിരുന്നു. തിരുവോണ ദിവസമാണ് മൈനാഗപ്പള്ളിയില്‍ അപകടമുണ്ടായത്. സ്‌കൂട്ടറില്‍ യാത്ര ചെയ്ത കുഞ്ഞുമോളെ ഇടിച്ച ശേഷം കാര്‍ ശരീരത്തിലൂടെ കയറ്റിയിറക്കുകയായിരുന്നു. കേസിലെ രണ്ടാം പ്രതിയായ ശ്രീക്കുട്ടിക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ശ്രീക്കുട്ടിക്കെതിരെ പ്രേരണാക്കുറ്റമായിരുന്നു പോലീസ് ചുമത്തിയത്.