Wed. Dec 18th, 2024

തിരുവനന്തപുരം: വയനാട്  ദുരന്തത്തില്‍ സ്വന്തം വീടും ഉറ്റവരെയും വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് 7 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു.

കഴിഞ്ഞ ജൂലൈ 30നുണ്ടായ ഉരുൾപൊട്ടലിലാണ് ശ്രുതിക്ക് കുടുംബാംഗങ്ങളെയും വീടും നഷ്ടമായത്. തുടര്‍ന്ന്  പ്രതിശ്രുത വരന്‍ ജെന്‍സണെയും നഷ്ടമായിരുന്നു. വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് ജെന്‍സണ്‍ മരിച്ചത്. ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാതയിൽ ഷിരൂരില്‍ ഉണ്ടായ മണ്ണിടിച്ചില്‍ അര്‍ജുനെ കാണാതാകുന്നത്. തുടർന്ന് 72ാം ദിവസമാണ് അര്‍ജുനെയും ലോറിയെയും കണ്ടെടുക്കുന്നത്.

വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുള്ള സഹായം വേഗത്തിൽ ലഭ്യമാക്കാൻ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ആറ് കുട്ടികൾക്ക് പത്തുലക്ഷം രൂപ നൽകും. മാതാപിതാക്കളിൽ ഒരാൾ നഷ്ടപ്പെട്ട എട്ടു കുട്ടികൾക്ക് അഞ്ച് ലക്ഷം രൂപ വീതം നൽകും. വനിതാ ശിശു വികസന വകുപ്പാണ് പണം നൽകുക. പുനരധിവാസത്തിന് രണ്ട് സ്ഥലം കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.