Wed. Oct 16th, 2024

 

ന്യൂഡല്‍ഹി: അന്തരിച്ച സിപിഎം നേതാവ് സീതാറാം യെച്ചൂരിയെ വൈകാരികമായി അനുസ്മരിച്ച് കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി. അവസാനമായി കാണുമ്പോള്‍ യെച്ചൂരിക്ക് ചുമയുണ്ടായിരുന്നു. താനായിരുന്നു അദ്ദേഹത്തോട് ആശുപത്രിയില്‍ പോകാന്‍ പറഞ്ഞതെന്നും അന്നാണ് തങ്ങള്‍ അവസാനമായി കണ്ടതെന്നും ഡല്‍ഹിയില്‍ സിപിഎം സംഘടിപ്പിച്ച യെച്ചൂരി അനുസ്മരണത്തില്‍ രാഹുല്‍ ഓര്‍മ്മിച്ചു.

”അമ്മ സോണിയാ ഗാന്ധിയെ കാണാന്‍ കുറച്ചുദിവസം മുന്‍പ് യെച്ചൂരി വീട്ടില്‍വന്നിരുന്നു. അന്നദ്ദേഹം വല്ലാതെ ചുമയ്ക്കുകയാണ്. ആശുപത്രിയില്‍പ്പോകുന്ന കാര്യത്തില്‍ അമ്മയും യെച്ചൂരിയും ഒരുപോലെയാണെന്ന് അന്ന് മനസ്സിലായി. എന്തുവന്നാലും ആശുപത്രിയില്‍ പോകേണ്ടെന്ന നയമാണ്. അതു തിരിച്ചറിഞ്ഞ്, വീട്ടിലേക്ക് തിരിച്ചുപോകേണ്ട നേരിട്ട് ആശുപത്രിയിലേക്ക് പോകാന്‍ ഞാനാണ് യെച്ചൂരിയോട് പറഞ്ഞത്. എന്റെ ജീവനക്കാരോട് യെച്ചൂരിയെ ആശുപത്രിയിലാക്കാന്‍ നിര്‍ദേശിച്ചപ്പോഴും ചിരിച്ചുകൊണ്ട് മാറിപ്പോകാനായിരുന്നു ശ്രമം. അന്നായിരുന്നു ഞാന്‍ എന്റെ സുഹൃത്തിനെ അവസാനമായി കണ്ടത്”, രാഹുല്‍ പറഞ്ഞു.

‘യെച്ചൂരിയുമായി എപ്പോള്‍ സംസാരിച്ചാലും ആര്‍എസ്എസും ബിജെപിയും സൃഷ്ടിക്കുന്ന ഭീഷണിയെ കുറിച്ച് അദ്ദേഹം പറയുമായിരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ക്കെതിരെ അവര്‍ നടത്തുന്ന നീക്കങ്ങളെ കുറിച്ചും അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു.,’ രാഹുല്‍ പറഞ്ഞു.

‘ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ 100 ശതമാനവും വിശ്വസിക്കാന്‍ സാധിക്കുന്ന രാഷ്ട്രീയ നേതാവാണ് യെച്ചൂരി. എന്ത് ചെയ്താലും രാജ്യത്തിന്റെ താല്‍പര്യം നോക്കി മാത്രമേ അദ്ദേഹം അത് ചെയ്യാറുള്ളു. ഇടതുപക്ഷത്തുള്ള എന്റെ സുഹൃത്തുക്കള്‍ക്ക് പലപ്പോഴും ഇത് ഇഷ്ടമാവാറില്ല. എന്നാല്‍, ഇന്ത്യയായിരുന്നു യെച്ചൂരിയുടെ പ്രഥമ പരിഗണനയെന്നും’ രാഹുല്‍ ഗാന്ധി പറഞ്ഞു.

വ്യത്യസ്ത ആശയങ്ങളുള്ളവരേയും കേള്‍ക്കാന്‍ യെച്ചൂരി ശ്രമിച്ചിരുന്നു. ഇന്‍ഡ്യ സഖ്യത്തില്‍ കോണ്‍ഗ്രസിനും മറ്റ് പാര്‍ട്ടികള്‍ക്കും ഇടയിലുള്ള പാലമായാണ് യെച്ചൂരി പ്രവര്‍ത്തിച്ചിരുന്നത്. ഇന്‍ഡ്യ സഖ്യത്തിലെ ഒരുമിച്ച് നില്‍ക്കുന്ന നേതാക്കളെയെ ജനങ്ങള്‍ കണ്ടിട്ടുള്ളു. അവരെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച നേതാവാണ് യെച്ചൂരിയെന്ന് രാഹുല്‍ പറഞ്ഞു.

‘പുകവലിക്കുന്ന സ്വഭാവമുള്ള നേതാവായിരുന്നു യെച്ചൂരി. ഇതൊന്ന് ഒഴിവാക്കി കൂടെയെന്ന് താന്‍ എപ്പോഴും യെച്ചൂരിയോട് ചോദിക്കുമായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒരു ശീലമായിരുന്നു അത്. മകന്‍ മരിച്ചപ്പോഴാണ് യെച്ചൂരിയെ താന്‍ നിശബ്ദനായി കണ്ടത്. പിന്നീട് നേരിട്ട് കണ്ടപ്പോഴും യെച്ചൂരിക്ക് സങ്കടമുണ്ടായിരുന്നുവെന്നും’ രാഹുല്‍ ഓര്‍ത്തെടുത്തു.