Wed. Oct 16th, 2024

 

മലപ്പുറം: പിവി അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. പിവി അന്‍വര്‍ ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സുരക്ഷക്കായി വീടിന് സമീപം പൊലീസ് പിക്കറ്റ് പോസ്റ്റ് ഒരുക്കും.

കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയിരുന്നു. കൈയും കാലും വെട്ടി ചാലിയാര്‍ പുഴയില്‍ എറിയുമെന്നായിരുന്നു മുദ്രാവാക്യം. സംഭവത്തില്‍ നൂറോളം സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് സംരക്ഷണം ശക്തിപ്പെടുത്തുന്നതില്‍ പിവി അന്‍വര്‍ സര്‍ക്കാരിന് നന്ദിയറിയിച്ചു.

അതേസമയം, കൊലവിളി മുദ്രാവാക്യത്തില്‍ പിവി അന്‍വര്‍ പ്രതികരണവുമായി രംഗത്തുവന്നിരുന്നു. ‘വയനാട് ദുരന്തത്തില്‍ ചാലിയാറില്‍ കുറെ കൈയും കാലും ഇനിയും കിട്ടാനുണ്ട്. എന്റെ കൈയും കാലും അതില്‍ ഒന്നാവട്ടെ’ എന്നായിരുന്നു പി വി അന്‍വറിന്റെ മറുപടി.

മുദ്രാവാക്യം വിളിക്കുന്ന പ്രവര്‍ത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താന്‍ അവര്‍ നിര്‍ബന്ധിതരായതാണ്. ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ചായ കുടിക്കുകയും ചെയ്തവര്‍ പോലും ആ കൂട്ടത്തിലുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞിരുന്നു.