Wed. Dec 18th, 2024

 

ബെയ്‌റൂത്ത്: ബെയ്‌റൂത്തില്‍ ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുള്ളയോടൊപ്പം തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് ഇറാന്‍. റവല്യൂഷണറി ഗാര്‍ഡിന്റെ ഡെപ്യൂട്ടി കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ബാസ് നില്‍ഫറൗഷാനാണ് കൊല്ലപ്പെട്ടതെന്ന് ഇറാന്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു.

ഇസ്രായേല്‍ ആക്രമണം നടക്കുമ്പോള്‍ ഹസന്‍ നസ്‌റുള്ളയ്‌ക്കൊപ്പം നില്‍ഫോറൗഷാനും ഉണ്ടായിരുന്നു. കൂടാതെ ഇറാന്റെ മറ്റൊരു കമാന്‍ഡറും അഞ്ചംഗ സംഘവും ഇദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്.

1966ല്‍ ഇസ്ഫഹാനില്‍ ജനിച്ച നില്‍ഫോറൗഷാന്‍ 1980കളില്‍ ബാസിജിലും പിന്നീട് ഐആര്‍ജിസിയിലും ചേര്‍ന്ന് സൈനിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

ഏപ്രിലില്‍ ദമസ്‌കസിലെ ഇറാന്‍ കോണ്‍സുലേറ്റിന് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഐആര്‍ജിസി ജനറല്‍ മുഹമ്മദ് റെസ സഹേദി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹം സേനയുടെ തലപ്പത്തേക്ക് എത്തുന്നത്.

അതേസമയം, ഹസന്‍ നസ്റുള്ളയുടെ കൊലപാതകത്തെ അപലപിച്ച് റഷ്യ രംഗത്തെത്തി. ഇത് ഇസ്രായേലിന്റെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഭാഗമാണെന്ന് ഐക്യരാഷ്ട്രസഭയില്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളും ലെബനനില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷത്തില്‍ ആശങ്ക പങ്കുവച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 1700 കടന്നു. ഇസ്രായേല്‍ ആക്രമണത്തെ തുടര്‍ന്ന് ലെബനാനില്‍ ഇതുവരെ പത്തുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി മന്ത്രി നാസര്‍ യാസിന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.