Tue. Oct 8th, 2024

 

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 112 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 68 പേരെ കാണാതായി. വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.

ശനിയാഴ്ച 24 മണിക്കൂറിനിടെ 323 മില്ലിമീറ്റര്‍ മഴയാണ് നേപ്പാളില്‍ പെയ്തത്. 54 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഇത്രയും ശക്തമായ മഴ പെയ്യുന്നത്. മൂവായിരത്തേളം സുരക്ഷാസേനാംഗങ്ങളെ ദുരിത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനമായ കാഠ്മണ്ഡുവിന് സമീപത്തെ നദികള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സമീപത്തെ വീടുകള്‍ തകര്‍ന്നു. പ്രധാന നദിയായ ബാഗ്മതി, അപകടകരമായ ജലനിരപ്പിലാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. നേപ്പാളിലെ അതിശക്തമായ മഴ കാരണം ബിഹാറിന്റെ വടക്കന്‍ ഭാഗങ്ങളില്‍ കനത്ത വെള്ളപ്പൊക്കമാണ്.

ഗന്ധക്, കോസി, ബാഗ്മതി നദികള്‍ കരകവിഞ്ഞ് 13 ജില്ലകളെ വെള്ളത്തിലാഴ്ത്തി. ഒന്നര ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ചു. നദികളില്‍ അഭൂതപൂര്‍വമായ ഒഴുക്കാണ്. വെസ്റ്റ് ചമ്പാരന്‍, ഈസ്റ്റ് ചമ്പാരന്‍, ഷിയോഹര്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, സീതാമര്‍ഹി, അരാരിയ, കിഷന്‍ഗഞ്ച്, പൂര്‍ണിയ, സുപൗള്‍, മധേപുര, മുസാഫര്‍പൂര്‍, മധുബാനി എന്നിവിടങ്ങളെയാണ് സാരമായി ബാധിച്ചത്.

സംസ്ഥാന ഏജന്‍സികളുടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കി. വരാനിരിക്കുന്ന വെള്ളപ്പൊക്കത്തെ നേരിടാന്‍ സജ്ജമായി നില്‍ക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കാന്‍ അടുത്ത രണ്ട് ദിവസത്തേക്ക് പ്രശ്‌നബാധിത മേഖലക്കു സമീപം ക്യാമ്പ് ചെയ്യാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

നദികള്‍ക്കും അവയുടെ കരകള്‍ക്കും ഇടയിലുള്ള പ്രദേശത്ത് താമസിക്കുന്ന ആളുകളെ അറിയിക്കാനും ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങളില്‍ പട്രോളിംഗ് നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കിഴക്കന്‍ ചമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, അരാരിയ, കിഷന്‍ഗഞ്ച്, ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലെ സ്ഥലങ്ങളില്‍ അഞ്ച് ദിവസത്തെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

കോസി നദിക്ക് മുകളിലൂടെയുള്ള ബിര്‍പൂര്‍ ബാരേജില്‍നിന്ന് വെള്ളം പുറന്തള്ളുന്നത് 5.21 ലക്ഷം ക്യുസെക്സ് കവിഞ്ഞപ്പോള്‍ ഗണ്ഡകിലെ വാല്‍മീകിനഗര്‍ ബാരേജിലെ ജലനിരപ്പും ഉയര്‍ന്നു. രണ്ട് ബാരേജുകളും ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. അവ നിയന്ത്രിക്കുന്നത് ബിഹാര്‍ ഡബ്ല്യു.ആര്‍.ഡി എന്‍ജിനീയര്‍മാരാണ്. ജലത്തിന്റെ അതിസമ്മര്‍ദ്ദത്തില്‍നിന്ന് മേഖലയെ രക്ഷിക്കാന്‍ ഫ്‌ലഡ്‌ഗേറ്റുകള്‍ തുറക്കേണ്ട അവസ്ഥയാണ്.