Sat. Jan 18th, 2025

 

ശ്രീനഗര്‍: ഹിസ്ബുള്ള മേധാവി ഹസന്‍ നസ്‌റുള്ളയെ ഇസ്രായേല്‍ വധിച്ചതില്‍ ജമ്മു കശ്മീരില്‍ പ്രതിഷേധ പ്രകടനം. അമേരിക്കക്കും ഇസ്രായേലിനും എതിരെ മുദ്രാവാക്യം വിളിച്ചാണ് വടക്കന്‍ കശ്മീരിലെ ബാരാമുള്ളയില്‍ സ്ത്രീകള്‍ തെരുവിലിറങ്ങിയത്. ബാരാമുള്ള ജില്ലയിലെ ഹഞ്ച് വീര, പത്താന്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധം നടന്നത്.

ഷിയാ വിഭാഗത്തിന് സ്വാധീനമുള്ള ബാരാമുള്ളയിലെ വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തില്‍ ബാരാമുള്ള അടക്കമുള്ള സ്ഥലങ്ങളില്‍ കൊട്ടിക്കലാശം നടക്കാനിരിക്കെയാണ് നസ്‌റുള്ള വധത്തില്‍ ആളുകള്‍ പരസ്യ പ്രതിഷേധം സംഘടിപ്പിച്ചത്.

അതേസമയം, നസ്‌റുള്ള വധത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചതായി പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി പ്രഖ്യാപിച്ചു. ഹസന്‍ നസ്‌റുള്ള രക്തസാക്ഷിയാണെന്ന് എക്‌സിലെ പോസ്റ്റില്‍ മെഹബൂബ വ്യക്തമാക്കി. ലെബനനിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് മെഹബൂബയുടെ നടപടി.

‘ലെബനാനിലെയും ഗാസയിലെയും രക്തസാക്ഷികളോട് പ്രത്യേകിച്ച് ഹസന്‍ നസറുള്ളയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചരണം റദ്ദാക്കുകയാണ്. അങ്ങേയറ്റം ദുഖം നിറഞ്ഞതും ചെറുത്തുനില്‍പ്പിന്റെതുമായ സമയത്തിലൂടെയാണ് ലെബനാന്‍ കടന്നു പോകുന്നത്. ഞങ്ങള്‍ ഫലസ്തീനിലെയും ലെബനനിലെയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. മെഹബൂബ തന്റെ എക്‌സ് പോസ്റ്റില്‍ കുറിച്ചു.

ശ്രീനഗറില്‍ നിന്നുള്ള പാര്‍ലമെന്റെ അംഗവും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ രുഹുളള മെഹ്ദിയും തിരഞ്ഞെടുപ്പ് പ്രചരണം നിര്‍ത്തിവെക്കുന്നതായി അറിയിച്ചിട്ടുണ്ട്.

ലബനീസ് തലസ്ഥാനമായ ബെയ്‌റൂത്തിന് തെക്ക് ദഹിയയില്‍ വെള്ളിയാഴ്ച ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹസന്‍ നസ്‌റുള്ള കൊല്ലപ്പെട്ടത്. ഇക്കാര്യം ഹിസ്ബുള്ള നേതൃത്വം സ്ഥിരീകരിക്കുകയും ചെയ്തു. 64കാരനായ നസ്‌റുള്ളയുടെ മരണത്തില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല പ്രഖ്യാപിച്ചിട്ടുണ്ട്.