Tue. Oct 8th, 2024

 

ചണ്ഡീഗഢ്: ബിജെപി എംപിയും നടിയുമായ കങ്കണ റണൗട്ട് കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം ‘എമര്‍ജന്‍സി’ പഞ്ചാബില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ശിരോമണി ഗുരുദ്വാര പര്‍ബന്ധക് കമ്മിറ്റി (എസ്ജിപിസി). സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് സിഖ് സമുദായത്തിന്റെ മിനി പാര്‍ലമെന്റ് എന്നറിയപ്പെടുന്ന എസ്ജിപിസി രംഗത്തെത്തിയത്.

അമൃത്സറില്‍ ചേര്‍ന്ന എസ്ജിപിസി എക്സിക്യൂട്ടീവ് യോഗത്തില്‍ ‘എമര്‍ജന്‍സി’ പ്രമേയം പാസാക്കുകയും ചിത്രത്തിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ചിത്രം സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് മാത്രമല്ല, ആചാര്യന്‍ ജര്‍ണയില്‍ സിങ് ഖല്‍സ ഭിന്ദ്രന്‍വാല വ്യക്തിഹത്യ ചെയ്യുന്നതാണെന്നും ഇത് തങ്ങളുടെ സമൂഹത്തിന് സഹിക്കാനാവില്ലെന്നും എസ്ജിപിസി പ്രസിഡന്റ് ഹര്‍ജീന്ദര്‍ സിങ് ധാമി പറഞ്ഞു.

സിഖ് വിരുദ്ധ അജണ്ട മുന്‍നിര്‍ത്തി വിഷം ചീറ്റുകയും സമൂഹത്തിനെതിരെ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന മനോഭാവത്തോടെയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ പഞ്ചാബില്‍ ഒരു കാരണവശാലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കങ്കണ റണൗട്ടിന്റെ വര്‍ഗീയ- വിദ്വേഷ പ്രസംഗങ്ങള്‍ ലോക്‌സഭാ സ്പീക്കര്‍ ഗൗരവത്തിലെടുക്കുകയും അംഗത്വം റദ്ദാക്കുകയും വേണമെന്നും ധാമി ആവശ്യപ്പെട്ടു.

സിഖുകാര്‍, പ്രത്യേകിച്ച് ശിരോമണി അകാലിദള്‍ നേതൃത്വം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സമാധാനപരമായ സാമുദായിക അന്തരീക്ഷം നിലനിര്‍ത്താന്‍ ‘എമര്‍ജന്‍സി’ സിനിമ നിരോധിച്ച് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കണമെന്നും ധാമി ആവശ്യപ്പെട്ടു.

ചില ഭാഗങ്ങള്‍ ഒഴിവാക്കിയാല്‍ മാത്രമേ എമര്‍ജന്‍സി റിലീസ് ചെയ്യാന്‍ അനുവദിക്കൂ എന്ന് സെന്‍സര്‍ ബോര്‍ഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റിലീസിന് അനുമതി തേടി സിനിമയുടെ വിതരണക്കാരായ സീ സ്റ്റുഡിയോസ് ബോംബൈ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് സെന്‍സര്‍ ബോര്‍ഡ് നിലപാട് അറിയിച്ചത്.

സെന്‍സര്‍ ബോര്‍ഡ് റിവിഷന്‍ കമ്മിറ്റി നിര്‍ദേശിച്ച ചില വെട്ടിത്തിരുത്തലുകള്‍ വരുത്തിയാല്‍ സിനിമ റിലീസ് ചെയ്യാമെന്ന് ബോര്‍ഡിനു വേണ്ടി ഹാജരായ അഡ്വക്കേറ്റ് അഭിനവ് ചന്ദ്രചൂഡ് ജസ്റ്റിസ് ബിപി കൊളബാവല്ലയും ഫിര്‍ദോഷ് പൂനിവാലയുമടങ്ങുന്ന ബെഞ്ചിന് മുമ്പാകെ പറഞ്ഞു.

റിലീസ് ചെയ്യുന്നതിന് മുമ്പ് സിനിമയില്‍ ചെയ്യേണ്ട 11 പരിഷ്‌കാരങ്ങള്‍ ചൂണ്ടിക്കാട്ടി സീ സ്റ്റുഡിയോസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശരണ്‍ ജഗ്തിയാനിക്ക് നോട്ടീസ് കൈമാറുകയും ചെയ്തു. നിര്‍ദേശിച്ചിട്ടുള്ള 11 പരിഷ്‌കരണങ്ങളില്‍ സിനിമയില്‍ ചെയ്യേണ്ട ചില കട്ടുകളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടുന്നു. ഈ പരിഷ്‌കാരങ്ങള്‍ അംഗീകരിക്കണോ വേണ്ടയോ എന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് തീരുമാനിക്കാം. അതേസമയം, കേസ് തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

സെപ്തംബര്‍ ആറിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം, സിഖ് സമുദായത്തെ മോശമാക്കി ചിത്രീകരിക്കുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് പ്രതിസന്ധിയിലായത്. 1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കങ്കണ റണൗട്ട് തന്നെയാണ് ചിത്രം നിര്‍മിക്കുന്നതും സംവിധാനം ചെയ്യുന്നതും.