Sun. Jan 26th, 2025

നിലവില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്ന കേസില്‍ യാതൊരുവിധ അന്വേഷണമോ പരാമര്‍ശമോ പോലീസ് ഇത്രയും കാലം നടത്തിയിട്ടില്ല

ഴിഞ്ഞ പത്ത് വര്‍ഷത്തോളമായി മാവോയിസ്റ്റ് ബന്ധം ആരോപിക്കപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രാഷ്ട്രീയ തടവുകാരന്‍ രൂപേഷിന്റെ മേല്‍ പുതിയ കേസുകള്‍ ചുമത്താന്‍ നീക്കം. ശിക്ഷാ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ജയില്‍ മോചനം തടയുക എന്ന ലക്ഷ്യത്തോടെയാണ് പോലീസിന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു നീക്കം ഉണ്ടാകുന്നത്.

2013ലെ കേസിലാണ് 11 വര്‍ഷത്തിന് ശേഷം രൂപേഷിനെ പ്രതിയാക്കാനുള്ള നീക്കം നടക്കുന്നത്. കോഴിക്കോട് ജില്ലയിലെ ചൂരണിമലയിലെ മുക്കം ഗ്രാനേറ്റ് എന്ന ക്വാറി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസാണിത്. എന്നാല്‍ അന്ന് രൂപേഷിനെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ല. രൂപേഷിനെ മാത്രമല്ല, ആരെയും പ്രതി ചേര്‍ത്തതായി അറിയാന്‍ സാധിച്ചിട്ടില്ല എന്നാണ് രൂപേഷിന്റെ ഭാര്യയും അഭിഭാഷകയുമായ ഷൈന പിഎ പറയുന്നത്.

2015 ല്‍ കോയമ്പത്തൂരില്‍ നിന്ന് രൂപേഷിനെ അറസ്റ്റ് ചെയ്തതിനുശേഷം രണ്ട് വര്‍ഷത്തിനുള്ളില്‍ പല ഘട്ടങ്ങളിലായി കേരള പോലീസ് ഏകദേശം നൂറോളം ദിവസം കസ്റ്റഡിയില്‍ എടുത്തതും ചോദ്യം ചെയ്യലിന് വിധേയമാക്കിയതുമാണ്. 43 കേസുകള്‍ രൂപേഷിന്റെ പേരില്‍ ചുമത്തുകയും ചെയ്തു. ഈ കേസുകളിലെല്ലാം അദ്ദേഹത്തിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ രൂപേഷിനെ വെറുതെ വിടുകയും അഞ്ചു കേസുകളില്‍ പൂര്‍ണ്ണമായും ഒരു കേസില്‍ ഭാഗികമായും വിടുതല്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

അത്തരമൊരു സാഹചര്യത്തില്‍ ഒരു സമയത്തും ക്വാറി ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെടാതിരുന്ന രൂപേഷിനെ 2015ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കാലത്ത് പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ചോദ്യം ചെയ്യാനുള്ള അനുമതി വാങ്ങിയത് സംശയകരമാണ് എന്ന് സാംസ്‌ക്കാരിക, സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

രൂപേഷ് Screengrab, Copyright: Deccan Chronicle

നിലവില്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം നടക്കുന്ന കേസില്‍ യാതൊരുവിധ അന്വേഷണമോ പരാമര്‍ശമോ പോലീസ് ഇത്രയും കാലം നടത്തിയിട്ടില്ല. ഇത് സംശയം ഉണ്ടാക്കുന്നതാണെന്ന് ഷൈന വോക്ക് മലയാളത്തോട് പറഞ്ഞു. മേല്‍ കോടതിയില്‍ അപ്പീല്‍ പോയിട്ടുള്ള എന്‍ഐഎ ചുമത്തിയ ഒരു കേസില്‍ മാത്രമാണ് രൂപേഷിനെ ശിക്ഷിച്ചിരിക്കുന്നത്. ആ കേസിന്റെ ശിക്ഷാ കാലാവധി തീരാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ഈ കേസുമായി ബന്ധപ്പെട്ടിട്ടുള്ള ഫയലുകളില്‍ രൂപേഷിനെതിരെ ചുമത്തപ്പെട്ടിട്ടുള്ള എല്ലാ കേസുകളുടെയും വിവരങ്ങളുമുണ്ട്. മാത്രവുമല്ല എന്‍ഐഎ കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ രൂപേഷിന്റെ മേലുള്ള കേസുകളെ കുറിച്ച് കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നതുമാണ്. അപ്പോഴൊന്നും ഇപ്പോഴത്തെ വിവാദ കേസിനെ കുറിച്ച് പോലീസ് ഒന്നും പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

മാത്രമല്ല, രൂപേഷിന്റെ പേരില്‍ കോഴിക്കോട് ജില്ലയില്‍ യാതൊരു കേസും ഇനിയില്ല എന്ന് രൂപേഷ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയില്‍ ആഭ്യന്തര വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രൂപേഷ് ജയില്‍ മോചിതനാവാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കെ പോലീസ് പുതിയ കേസില്‍ പ്രതിയാക്കാനുള്ള നീക്കം നടത്തുന്നത് സംശയാസ്പദമാണ്.

2013ല്‍ കുറ്റ്യാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസും 2014ല്‍ വളയം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളും ആണ് കോഴിക്കോട് ജില്ലയില്‍ രൂപേഷിന്റെ പേരില്‍ ഉള്ളതെന്ന് വിവരാവകാശ രേഖയില്‍ വ്യക്തമായി പറയുന്നുണ്ട്. കുറ്റ്യാടി, വളയം പൊലീസ് സ്‌റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നു കേസുകളില്‍ നിന്നും യുഎപിഎ, രാജ്യദ്രോഹ കുറ്റങ്ങള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. യുഎപിഎയിലെ 20, 38 നിയമങ്ങള്‍ ചേര്‍ത്ത് കേസെടുത്തതും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരമുള്ള 124 എ.143, 147 എന്നിവയുമാണ് ഹൈകേക്കാടതി ഒഴിവാക്കിയത്. ഇവ ചുമത്തുന്നതിനായി പാലിക്കേണ്ട നടപടികള്‍ പാലിച്ചില്ലെന്ന രൂപേഷിന്റെ വാദം ശരിവെച്ചായിരുന്നു കോടതിയുടെ ഇടപെടല്‍.

രൂപേഷിനെതിരെയുള്ള കേസുകള്‍ റദ്ദ് ചെയ്ത ഹൈക്കോടതി നടപടിയില്‍ സ്റ്റേ ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. മൂന്ന് കേസുകളിലും രൂപേഷിനെതിരായ യുഎപിഎ വകുപ്പുകള്‍ പുനസ്ഥാപിക്കണമെന്നായിരുന്നു കേരള സര്‍ക്കാരിന്റെ ആവശ്യം. എന്നാല്‍ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.

കോഴിക്കോട് ക്രൈം ബ്രാഞ്ച് കേരള എറ്റിഎസ് (ATS) ആണ് പുതിയ കേസുകള്‍ ചുമത്താനുള്ള നടപടികളുമായി മുമ്പോട്ട് പോകുന്നത്. തൊട്ടില്‍പ്പാലം പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതായി പറയുന്നത്.

ഷൈന പിഎ Screengrab, Copyright: The Hindu

‘2015ല്‍ രൂപേഷ് അറസ്റ്റിലാവുമ്പോള്‍, പ്രതി ചേര്‍ത്ത കേസുകളില്‍ അന്വേഷണം നടക്കുകയും അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ടായിരുന്നു. പക്ഷേ, ഈ ഒരു കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ലാ എന്നാണ് മനസ്സിലാക്കാന്‍ സാധിച്ചത്. ഈ കേസില്‍ രൂപേഷ് ഒരു ഘട്ടത്തിലും പ്രതി ആയിരുന്നില്ല. രൂപേഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ കണ്ടുകെട്ടിയ ഡിജിറ്റല്‍ തെളിവിന്റെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചുവെന്നും ആ കേസുമായി ബന്ധപെടുത്താവുന്ന വിവരങ്ങള്‍ അതില്‍ ഉണ്ടെന്നുമാണ് ഇപ്പോള്‍ പ്രതി ആക്കുന്നതിന് അവര്‍ പറയുന്ന ന്യായം. 2015ല്‍ രൂപേഷിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഡിജിറ്റല്‍ തെളിവുകള്‍ കണ്ടുകെട്ടിയത്. ക്വറി ആക്രമണത്തില്‍ രൂപേഷിനെ സംശയിച്ചിരുന്നു എങ്കില്‍ 2015ല്‍ തന്നെ ഡിജിറ്റല്‍ തെളിവുകള്‍ കിട്ടാനുള്ള അപേക്ഷ കേസ് അന്വേഷിക്കുന്നവര്‍ കൊടുക്കുമായിരുന്നു.

എന്‍ഐഎ കേസില്‍ (വയനാട് വെള്ളമുണ്ടയില്‍ ട്രാഫിക് പൊലീസ് ഓഫീസര്‍ പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്) ഇതേ ഡിജിറ്റല്‍ തെളിവുകള്‍ അവര്‍ കൊണ്ടുവന്നിരുന്നു. യഥാര്‍ത്ഥത്തില്‍ ഈ ഡിജിറ്റല്‍ തെളിവുകള്‍ രൂപേഷില്‍ നിന്നും കണ്ടെടുത്തതാണോ എന്ന് രൂപേഷിനെ 2015ല്‍ കോയമ്പത്തൂരില്‍ നിന്നും അറസ്റ്റ് ചെയ്ത കേസിലാണ് തെളിയിക്കേണ്ടത്. ഡിജിറ്റല്‍ തെളിവുകള്‍ ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. കാരണം ആ കേസില്‍ ഇതുവരെ വിചാരണ തുടങ്ങിയിട്ടില്ല.’, ഷൈന വോക്ക് മലയാളത്തോട് പറഞ്ഞു.

‘ശിക്ഷിക്കപ്പെട്ട എന്‍ഐഎ കേസില്‍ ഡിജിറ്റല്‍ തെളിവുകളുടെ ഫോറന്‍സിക് റിപ്പോര്‍ട്ട് കൊണ്ടുവന്നിരുന്നു. അതിനര്‍ത്ഥം ആ സമയത്ത് തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭ്യമായിരുന്നു എന്നാണല്ലോ. ഈ റിപ്പോര്‍ട്ട് കേരള പോലീസിന് വാങ്ങിക്കാമായിരുന്നില്ലേ?. എന്നാല്‍ പോലീസ് ചെയ്തത് ഡിജിറ്റല്‍ തെളിവുകള്‍ സിഡാക്ക് (C-DAC) ഫോറന്‍സിക് ലാബിലേയ്ക്ക് അയച്ച്, അവിടെ നിന്നും ലഭിച്ച റിപ്പോര്‍ട്ട് ഉപയോഗിക്കുകയായിരുന്നു. ഇതില്‍ ഗൂഡാലോചനയുണ്ട്. കാരണം രൂപേഷ് ജയില്‍ മോചിതനാവാന്‍ മാസങ്ങളെ ബാക്കിയുള്ളൂ. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് പുതിയൊരു കേസുമായി പോലീസ് വരുന്നത്. ഈ കേസില്‍ മറ്റു ഏതെങ്കിലും പ്രതികളെ അറസ്റ്റു ചെയ്തിട്ടില്ല. രൂപേഷിനെ മാത്രം പ്രതിയാക്കുന്നതിന്റെ ഉദ്ദേശം ചോദ്യം ചെയ്യപ്പെടെണ്ടതാണ്.

ഇപ്പോഴും ക്വറി ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ രൂപേഷിനെ അറസ്റ്റ് ചെയ്തിട്ടില്ല. ചോദ്യം ചെയ്യുക മാത്രമേ ചെയ്തിട്ടുള്ളൂ. എന്നിട്ടും അറസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ ഇനി അറസ്റ്റ് ചെയ്യാന്‍ പോകുന്നുണ്ടാവുക രൂപേഷ് ജയില്‍ മോചിതനാകുമ്പോള്‍ ആയിരിക്കും. അതില്‍ എന്ത് ന്യായവും യുക്തിയുമാണ് ഉണ്ടാവുക?. ഡാനിഷ് എന്ന രാഷ്ട്രീയ തടവുകാരന് ജാമ്യം കിട്ടി ജയിലിന്റെ പുറത്തിറങ്ങിയതും വേറെ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ ആയി. ഇതുപോലെയുള്ള ഒരുപാട് അനുഭവങ്ങളുണ്ട്. കേരളത്തിന് പുറത്ത് ഇത്തരം സംഭവങ്ങള്‍ വ്യാപകമാണ്. ഉയര്‍ന്ന രാഷ്ട്രീയ ബോധമുള്ള സംസ്ഥാനം എന്ന രീതിയിലാണ് കേരളത്തെ പൊതുവേ പരിഗണിക്കുന്നത്. എന്നാല്‍ ഈ കേരളത്തിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഈ കേരളത്തിലാണ് എട്ടുപേരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്. ഈ സര്‍ക്കാരില്‍ നിന്നും ഇതൊക്കെത്തന്നെ പ്രതീക്ഷിക്കാന്‍ പറ്റൂ.’, ഷൈന പറഞ്ഞു.

‘രൂപേഷിന് എതിരെയുള്ള 23 കേസുകള്‍ സിം കാര്‍ഡ് എടുത്തു എന്ന് പറയുന്ന കേസുകളാണ്. അതായത് വ്യാജ ആധാരമുണ്ടാക്കല്‍ (forgery) കേസുകള്‍ ആണ്. മിക്കവാറും കേസുകളിലെ പരാതിക്കാരുടെ മൊഴിയില്‍ വ്യക്തമായുണ്ട് രൂപേഷിനെ അവര്‍ക്ക് അറിയില്ല എന്ന്. അറസ്റ്റ് ചെയ്തതിന് ശേഷം കേസുകളുടെ എണ്ണം കൂട്ടാന്‍ വേണ്ടി പല കഥകളും മെനഞ്ഞെടുത്ത് കേസിന്റെ എണ്ണം കൂട്ടിയതാണ്. ബാങ്ക് ലോണ്‍, ജോലി, ധനസഹായം എന്നിവ നല്‍കാമെന്ന് രൂപേഷ് വാഗ്ദാനം ചെയ്തു. ഉടനെ ആളുകള്‍ ഐഡി കാര്‍ഡ് കൊടുത്തു എന്നാണ് പോലീസ് കെട്ടിച്ചമച്ച കഥകളിലുള്ളത്. ബാക്കിയുള്ള കേസുകളില്‍ ചിലത് ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് ഗൂഡാലോചന നടത്തി എന്നതാണ്. ഇതൊക്കെ കേസുകളുടെ എണ്ണം കൂട്ടാനായി ഉണ്ടാക്കിയെടുത്ത കേസുകളാണ്.

ഒരാള്‍ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊള്ളാച്ചി താലൂക്ക് പോലീസ് സ്റ്റേഷനില്‍ പോയ രണ്ടു പേരെ മൃതശരീരം വിട്ടുകൊടുക്കാന്‍ കുറച്ചു പേപ്പറുകളില്‍ ഒപ്പിടിവിച്ചു. ആ പേപ്പറുകള്‍ രൂപേഷിനെതിരായ സാക്ഷി മൊഴികളാക്കി മാറ്റി. സിംകാര്‍ഡ് കേസിലെ സാക്ഷി മൊഴികളാക്കിയാണ് മാറ്റിയത്. സാക്ഷി പറയാനായി കോടതിയിലേയ്ക്ക് വിളിപ്പിച്ചപ്പോള്‍ ആണ് അവര്‍ സംഭവം അറിയുന്നത്. രൂപേഷിനെ അറിയാത്തത് കൊണ്ട് അവര്‍ സാക്ഷി പറയാന്‍ വിസമ്മതിച്ചു. രൂപേഷിനെതിരെ പരതികൊടുത്തു എന്ന് പറയുന്ന വ്യക്തിപോലും ഇവരെ കള്ളസാക്ഷി പറയാന്‍ പ്രേരിപ്പിച്ചതിനെതിരായി സബ് കളക്ടര്‍ക്ക് പരാതി കൊടുത്തിരുന്നു. ഇവരെ ഭീഷണിപ്പെടുത്തിയാണ് പോലീസ് കള്ളസാക്ഷി പറയാനായി പ്രേരിപ്പിച്ചത്. ഇതിനെതിരെ അവര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രൂപേഷിനെതിരെ പരാതി കൊടുത്തു എന്ന് പറയുന്ന വ്യക്തിവരെ ഈ പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.’, ഷൈന പറഞ്ഞു.

രൂപേഷിനെതിരെ പൊള്ളാച്ചി താലൂക്ക് പോലീസ് 2016ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കോയമ്പത്തൂര്‍ ജില്ലാ കോടതിയില്‍ സാക്ഷി പറയാനാണ് പൊന്നപുരം അരിവോളി നഗര്‍ സ്വദേശികളായ എം സെല്‍വരാജ്, ടി ശക്തി എന്നിവരെ പോലീസ് നിര്‍ബന്ധിച്ചത്. ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്നും കഞ്ചാവ്, അനധികൃത മദ്യം കേസുകളില്‍ പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പോലീസ് ഇവരെ കള്ളസാക്ഷി പറയാന്‍ നിര്‍ബന്ധിച്ചത്.

പൊള്ളാച്ചി സബ് കളക്ടറുടെ ഓഫീസിൽ ആർ പൊന്നപുരം ഗ്രാമവാസികൾക്കൊപ്പം പ്രതിഷേധിക്കുന്ന എം സെൽവരാജും ടി ശക്തിയും Screengrab, Copyright: The Hindu

2015 മേയില്‍ കോയമ്പത്തൂരിലെ കരുമത്തംപട്ടിക്ക് സമീപംവെച്ച് അറസ്റ്റിലാകുന്നതിന് മുമ്പ് ആര്‍ പൊന്നപുരം സ്വദേശി സി പഞ്ചലിംഗത്തിന്റെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രൂപേഷ് സിം കാര്‍ഡ് വാങ്ങിയെന്നാണ് കേസ്. സെല്‍വരാജിന്റെ സഹോദരന്റെ മകന്‍ പി നാഗരാജ് 2016 ജൂലൈ 1ന് ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സെല്‍വരാജും ശക്തിയും പൊള്ളാച്ചി താലൂക്ക് സ്റ്റേഷനില്‍ പോയത്. അപ്പോഴാണ് വെള്ളക്കടലാസില്‍ പോലീസ് ഒപ്പിട്ടുവാങ്ങിയത്. രൂപേഷിനെതിരെ ചുമത്തിയിരിക്കുന്ന സിം കാര്‍ഡ് കേസുകകളില്‍ ഇതുപോലെ കള്ള സാക്ഷികള്‍ സാക്ഷി പറയാന്‍ സാധ്യതയുണ്ട് എന്നാന്ന് ഈ സംഭവം കൊണ്ട് വ്യക്തമാകുന്നത്.

’10 വര്‍ഷമായി രൂപേഷ് ജയിലില്‍ കിടക്കുന്നത് എന്‍ഐഎ കേസിലാണ്. ഇതില്‍ ഒരു അപ്പീല്‍ ജാമ്യം ചോദിച്ചിട്ട് പോലും കോടതി കൊടുത്തിട്ടില്ല. യുഎപിഎ 43D(5) പ്രകാരം പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കില്‍ ജാമ്യം അനുവദിക്കേണ്ടതില്ല എന്ന വ്യവസ്ഥയുണ്ട്. ഇതുവെച്ചാണ് ജാമ്യം കൊടുക്കാന്‍ പറ്റില്ല എന്ന് പറഞ്ഞത്. അപ്പീലുള്ള കേസാണിത്. CrPC 436A അനുസരിച്ച് ഒരാള്‍ വിചാരണ കാലയളവില്‍ അയാള്‍ക്കുമേല്‍ ചുമത്തിയ കേസുകളിലെ പരമാവധി ശിക്ഷയുടെ പകുതി കാലത്തിനു മേലെ ജയിലില്‍ ചിലവഴിച്ചാല്‍ അയാള്‍ക്ക് നിര്‍ബന്ധമായും ജാമ്യം അനുവദിച്ചുകൊടുക്കണം. സതേന്ദർ കുമാർ ആന്റിലി VS സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ കേസില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്കും ഇത് ബാധകമാണെന്ന് പറഞ്ഞിട്ടുണ്ട്.

രൂപേഷിനെ 10 വര്‍ഷത്തേയ്ക്കാണ് ശിക്ഷിച്ചിട്ടുള്ളത്‌. ഒമ്പത് വര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാക്കി. അകെയുള്ള ശിക്ഷാ കാലാവധിയുടെ 90 ശതമാനവും കഴിഞ്ഞു. അതുകൊണ്ട് രൂപേഷിന് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. രൂപേഷിന്റെ കേസില്‍ ജീവപര്യന്തം ശിക്ഷ ചുമത്തിയിട്ടുണ്ടെന്നും അതിന്റെ പകുതി ശിക്ഷ അനുഭവിക്കാത്തത് കൊണ്ട് ജാമ്യം അനുവദിക്കാന്‍ പറ്റില്ല എന്നാണ് കോടതി പറയുന്നത്. നാളെ ഈ കേസില്‍ രൂപേഷിനെ വെറുതെ വിടുകയാണെങ്കില്‍ ഇത്രയും വര്‍ഷം ജയിലില്‍ കിടന്നത് വെറുതേയാകില്ലേ? ഇപ്പോള്‍ രൂപേഷിന് 53 വയസായി. 43-ാമത്തെ വയസ്സിലാണ് രൂപേഷ് അറസ്റ്റിലാകുന്നത്. ഒരാളുടെ പ്രധാനപ്പെട്ട 10 വര്‍ഷങ്ങളാണ് ജയിലില്‍ പോകുന്നത്. പിന്നെ ഒരാളെ ജയിലില്‍ ഇടുന്നത് ജയിലില്‍ കിടക്കുന്ന ആള്‍ക്ക് മാത്രമല്ല ശിക്ഷ. അയാളുടെ കുടുംബത്തിനും കൂടിയാണ്. കുടുംബവും കഷ്ടപ്പെടുന്നുണ്ട്. അതുകൂടി കണക്കാക്കണമല്ലോ.

രൂപേഷിന്റെ ജയില്‍ മോചനം തടയുന്നത് ഒരു നിയമ പ്രശ്‌നമല്ല, മറിച്ച് രാഷ്ട്രീയ പ്രശ്‌നമാണ്. ഒരാളെ ബോധപൂര്‍വം ജയിലില്‍ തന്നെ അടച്ചിടാന്‍ ഭരണകൂടം എടുക്കുന്ന തീരുമാനം ആണിത്. ഇതിനെതിരായുള്ള പ്രതികരണം ജനാധിപത്യ സമൂഹത്തില്‍ നിന്നാണ് ഉണ്ടാവേണ്ടത്. ഒരേ നിയമം തന്നെ പല കോടതികളും പല തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ഒരേ സുപ്രീം കോടതി തന്നെ യുഎപിഎ കേസുകള്‍ ചുമത്തപ്പെട്ടവരെ അനന്തമായി ജയിലില്‍ ഇടുന്നു, അതേ സുപ്രീം കോടതിയിലെ തന്നെ വേറൊരു ബെഞ്ച് യുഎപിഎ ചുമത്തപ്പെട്ടവരെ മോചിപ്പിക്കുന്നു. കേസുകള്‍ വ്യത്യാസമുണ്ട് എന്നാണ് പറയുന്നത്. എന്നാല്‍ വ്യക്തിപരമായാണ് കേസുകള്‍ പരിഗണിക്കുന്നത് എന്ന് നമ്മുക്ക് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് കോടതിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും ഇടപെടലിലൂടെ പരിഹാരം ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു രാഷ്ട്രീയ അഭിപ്രായം നിലനിര്‍ത്തി എന്നതിന്റെ പേരിലാണ് രൂപേഷ് ശിക്ഷിക്കപ്പെട്ടത്. കാരണം രൂപേഷ് ഏറ്റവും കൂടുതല്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത് യുഎപിഎ സെക്ഷന്‍ 20, 38, 39 വകുപ്പുകള്‍ അനുസരിച്ചാണ്.

എന്‍ഐഎ കേസില്‍ പോലും ബൈക്ക് കത്തിച്ചു എന്ന് പറയുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വെറും തുണി കത്തിയതിന്റെ അംശങ്ങളെ കാണിച്ചിട്ടുള്ളൂ. ബൈക്കിന്റെ ഒരു ഭാഗം പോലും കത്തിയത് അവര്‍ക്ക് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ല. ബൈക്ക് കത്തിച്ചതിന്റെ യാതൊരുവിധ തെളിവുകളും ഇല്ല. രൂപേഷ് എഴുതി എന്ന് പറയപ്പെടുന്ന കത്തിന്റെ സ്‌കാന്‍ ചെയ്ത കോപ്പിയുടെ പ്രിന്റ്ഔട്ട് ആണ് തെളിവായി ഉള്ളത് എന്നൊക്കെയാണ് പറയുന്നത്.

രൂപേഷിനെതിരെയുള്ള എല്ലാ കേസുകളിലും യുഎപിഎ സെക്ഷന്‍ 20 ഉണ്ട്. യുഎപിഎ സെക്ഷന്‍ 20 അനുസരിച്ച് ഒരാള്‍ നിരോധിക്കപ്പെട്ട സംഘടനയുടെ അംഗം ആണെങ്കില്‍ അയാള്‍ക്ക് ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. അപ്പോള്‍ രൂപേഷിനെതിരെയുള്ള എല്ലാ കേസുകളിലും ഒരേ രീതിയില്‍ അയാളെ ശിക്ഷിക്കുകയാണെങ്കില്‍ അത് ശരിയാണോ?. സകലരും എതിരായിട്ടുള്ള ഒരു നിയമം ഒരാളുടെ മേലില്‍ അടിച്ചേല്‍പ്പിക്കുകയും ഹൈക്കോടതി റദ്ദാക്കിയ കേസില്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ പോവുകയും സമ്മര്‍ദ്ദം കാരണം പിന്‍വലിക്കുകയും ചെയ്ത അതേ സര്‍ക്കാര്‍ തന്നെ പുതിയ യുഎപിഎ കേസുകള്‍ ചുമത്തുകയും ചെയ്യുന്നു. ഇതൊക്കെ രാഷ്ട്രീയമായ ഒരു അഭിപ്രായത്തിന്റെ പ്രശ്‌നമായാണ് കാണുന്നത്.’, ഷൈന കൂട്ടിച്ചേര്‍ത്തു.

FAQs

എന്താണ് യുഎപിഎ?

ഇന്ത്യയിൽ സംഘടനകൾ നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെടുന്നത് തടയുക എന്ന ഉദ്ദേശത്തോടെ തയ്യാറാക്കിയ നിയമമാണ് നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം- അൺലോഫുൾ ആക്റ്റിവിറ്റീസ് (പ്രിവെൻഷൻ) ആക്റ്റ്. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനുമെതിരായ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യം.

ആരാണ് രാഷ്ട്രീയ തടവുകാര്‍?

ഒരു രാഷ്ട്രീയ തടവുകാരൻ അവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ പേരിൽ തടവിലാക്കപ്പെട്ട ഒരാളാണ്. അവരുടെ മതപരമോ ദാർശനികമോ ആയ വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെടുന്നവരും രാഷ്ട്രീയ തടവുകാരാണ്.

എന്താണ് മാവോയിസം?

ചൈനയുടെ നേതാവായിരുന്ന മാവോ സെതൂങ്ങിന്റെ അഭിപ്രായങ്ങളിൽ നിന്ന് ഉദ്ഭവിച്ച രാഷ്ട്രതന്ത്രമാണ് മാവോയിസത്തിന് ആധാരം. ഇതു പിന്തുടരുന്നവരെ മാവോയിസ്റ്റുകൾ എന്നാണ് വിവക്ഷിക്കുക. ഇത് റിവിഷനിസത്തിനെതിരായ ഒരു മാർക്സിയൻ തത്ത്വചിന്തയായി പരിഗണിക്കപ്പെടുന്നു.

Quotes

“വൈകിയ അവകാശം നിഷേധിക്കപ്പെട്ട അവകാശമാണ്- മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.