Wed. Oct 16th, 2024

തിരുവനന്തപുരം: ഓവർടേക്കിങ് ചെയ്യുന്നതിന് ഡ്രൈവർമാർക്ക് കർശന നിർദേശം നൽകി കെഎസ്ആർടിസി മാനേജ്മെൻ്റ്. മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്നാണ് നിർദേശം.

സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണന്നും ഉത്തരവിൽ പറയുന്നു. അതിവേഗം സുരക്ഷിതമായി നിർദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനാണ് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി യാത്രക്കാർ ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാർ മറക്കരുത്. അതുകൊണ്ടു തന്നെ റോഡിൽ, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആർടിസി എം ഡി ഓർമിപ്പിച്ചു. ഡ്രൈവർമാർക്ക് മാത്രമല്ല കണ്ടക്ടർമാർക്കും ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെൻ്റ് നിർദേശം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. താഴ്ന്ന ശ്രേണിയിൽപ്പെട്ട ബസുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകൾക്ക് വശം നൽകാതിരുന്നതും മത്സരിച്ച്‌ മറികടക്കുന്നതുമായ ധാരാളം പരാതികൾ ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെയാണ് കർശന നിർദേശവുമായി കെഎസ്ആർടിസി മാനേജ്മെൻ്റ് രം​ഗത്തെത്തിയത്.