Tue. Oct 8th, 2024

 

ന്യൂഡല്‍ഹി: പിവി അന്‍വറിന്റെ പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അംഗം പോലുമല്ലാത്ത അന്‍വറിനെതിരെ പാര്‍ട്ടി എന്ത് നടപടിയെടുക്കുമെന്നും അദ്ദേഹം ചോദിച്ചു. പാര്‍ട്ടിക്ക് അന്‍വറിനെ പുറന്തള്ളണമെന്ന അഭിപ്രായം അന്നും ഇന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അന്‍വറുമായി ഇനി പാര്‍ട്ടിക്ക് ബന്ധമില്ല. പരാതിക്ക് എല്ലാ പരിഗണന നല്‍കിയിട്ടും അന്‍വര്‍ പരസ്യ ആരോപണം തുടര്‍ന്നു. സിപിഎമ്മിനെ ഇല്ലായ്മ ചെയ്യാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. എല്‍ഡിഎഫുമായുള്ള ബന്ധം വിച്ഛേദിച്ചെന്ന് അന്‍വര്‍ തന്നെ വ്യക്തമാക്കിയതാണ്. പാര്‍ലമെന്റി പാര്‍ട്ടി അംഗത്വം അന്‍വര്‍ സ്വയം വലിച്ചെറിഞ്ഞു. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം ഉപേക്ഷിച്ചതിനാല്‍ അന്‍വറുമായുള്ള എല്ലാ ബന്ധവും പാര്‍ട്ടി ഉപേക്ഷിക്കുകയാണ്. നിലവില്‍ പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ തന്നെ മറ്റൊന്നും ഇതില്‍ ആവശ്യവുമില്ല.

ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി അംഗത്വം വേണമെന്നില്ല. കെടി ജലീലിനും അംഗത്വമില്ല. മറുനാടനെ പൂട്ടിക്കണമെന്നായിരുന്നു അന്‍വര്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ മറുനാടന്റെ ആരോപണങ്ങളാണ് അന്‍വര്‍ ഇപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. പലരും കമ്യൂണിസ്റ്റ് പാര്‍ട്ടി തകരും എന്ന് പറഞ്ഞതിന് ശേഷവും പാര്‍ട്ടി അധികാരത്തിലെത്തിയിട്ടുണ്ട്.

മന്ത്രി മുഹമ്മദ് റിയാസിനെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അന്‍വറാണിപ്പോള്‍ അദ്ദേഹത്തിനെതിരെ വിമര്‍ശനം നടത്തുന്നത്. അവസരവാദ നിലപാടാണ് അന്‍വറിന്റേത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷനായിരുന്നപ്പോഴാണ് തിരഞ്ഞെുടുപ്പില്‍ മത്സരിച്ച് റിയാസ് ജയിച്ചത്. റിയാസിന്റെ ഭാര്യക്കെതിരെയും അന്‍വര്‍ ആക്ഷേപം ഉയര്‍ത്തി. മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയരുന്നത് ആദ്യമല്ല. ഇഎംഎസ് മുതല്‍ വിഎസ് വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയെ ഇല്ലായ്മ ചെയ്യാന്‍ അന്‍വര്‍ അല്ല ആര് ശ്രമിച്ചാലും നടക്കില്ല. എഡിജിപിയെ സംരക്ഷിക്കുന്നില്ലെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

തെറ്റുതിരുത്തി മുന്നോട്ടുപോകാന്‍ തയ്യാറാകാതെ സ്വതന്ത്രനായി നിയമസഭയില്‍ നില്‍ക്കുന്നുവെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പാര്‍ട്ടി ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വം സ്വയം വലിച്ചെറിയുന്ന രീതിയാണ് അന്‍വര്‍ സ്വീകരിച്ചത്. ഇതോടെയാണ് എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.