Fri. Nov 22nd, 2024

 

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയില്‍ ശാശ്വതമായ സമാധാനവും സ്ഥിരതയും നല്‍കൂവെന്ന് പറഞ്ഞ മോദി ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അനുസ്മരിച്ചു.

ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാട് മോദി ആവര്‍ത്തിച്ചു. വെടിനിര്‍ത്തലിനും ബന്ദികളെ മോചിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.

ഗാസയിലെ പ്രതിസന്ധിയിലും മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യത്തിലും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎന്നില്‍ ഫലസ്തീന്‍ അംഗത്വത്തിന് ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. വിദ്യാഭ്യാസമടക്കം മേഖലകളില്‍ ഫലസ്തീന് ഇന്ത്യ നല്‍കുന്ന സഹായവും പിന്തുണയും ആവര്‍ത്തിച്ച മോദി ഇന്ത്യ-ഫലസ്തീന്‍ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും മഹ്‌മൂദ് അബ്ബാസുമായി ചര്‍ച്ച നടത്തി.

യുഎന്‍ യോഗത്തോടനുബന്ധിച്ച് നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുമായും കുവൈത്ത് കിരീടാവകാശി ശൈഖ് ഖാലിദ് അസ്സബാഹുമായും മോദി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബര്‍ 21 മുതല്‍ 23 വരെയാണ് മോദിയുടെ യുഎസ് സന്ദര്‍ശനം.