ചെന്നൈ: ജോലി സമ്മര്‍ദ്ദം മൂലം ഐടി ജീവനക്കാരന്‍ സ്വയം ഷോക്കടിപ്പിച്ച് ജീവനൊടുക്കി. തേനി സ്വദേശിയായ കാര്‍ത്തികേയ (38) നാണ് ജീവനൊടുക്കിയത്. ചെന്നൈയിലെ താഴാംബൂരില്‍ മഹാബലിപുരം റോഡില്‍ വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
ഭാര്യ ക്ഷേത്രസന്ദര്‍ശനം കഴിഞ്ഞ തിരിച്ചെത്തയപ്പോഴാണ് കാര്‍ത്തികേയനെ മരിച്ചനിലയില്‍ കണ്ടത്. 15 വര്‍ഷമായി ചെന്നൈയിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു കാര്‍ത്തികേയന്‍. ഭാര്യ കെ ജയറാണിക്കും 10ഉം 8ഉം വയസ് പ്രായമുള്ള രണ്ട് മക്കള്‍ക്കുമൊപ്പമാണ് കാര്‍ത്തികേയന്‍ ചെന്നൈയില്‍ കഴിഞ്ഞിരുന്നത്.
ജോലി സമ്മര്‍ദ്ദം മൂലം കാര്‍ത്തികേയന്‍ വിഷാദത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ രണ്ട് മാസമായി മേടവാക്കത്തെ ആശുപത്രിയില്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
തിങ്കളാഴ്ചയാണ് ഭാര്യ ജയറാണി തിരുപ്പതി ക്ഷേത്രദര്‍ശനത്തിനായി പോയത്. വ്യാഴാഴ്ച തിരിച്ചെത്തിയപ്പോള്‍ വീട് ഉള്ളില്‍ നിന്നും പൂട്ടിയനിലയിലായിരുന്നു. തുടര്‍ന്ന് കൈയിലുണ്ടായിരുന്ന മറ്റൊരു കീ ഉപയോഗിച്ച് തുറന്ന് പരിശോധിച്ചപ്പോഴാണ് കാര്‍ത്തികേയന്‍ തറയില്‍ കിടക്കുന്നത് കണ്ടത്.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ചോരാംപേട്ട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചുവെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മരണത്തിന് പിന്നിലുള്ള കാര്യങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.