Tue. Oct 8th, 2024

 

തൃശ്ശൂര്‍: പൂരം കലക്കിയതിനെ കുറിച്ചുള്ള എഡിജിപി എംആര്‍ അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിശ്വാസ്യതയില്ലാത്തതാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ടെന്നും മുരളീധരന്‍ പറഞ്ഞു.

‘പൂരം താറുമാറായതിന്റെ നേട്ടം ലഭിച്ചവരും പറയുന്നത് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ്. പൂരം കലങ്ങിയത് തിരഞ്ഞെടുപ്പിനെ ബാധിച്ചു. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തിനാണ് വാശിപിടിക്കുന്നതെന്ന്’ കെ മുരളീധരന്‍ ചോദിച്ചു.

‘പൂരം കലങ്ങിയതാണ് തൃശ്ശൂരിലെ രാഷ്ട്രീയ ചിത്രം മാറ്റിയത്. എങ്ങനെ കേരളത്തില്‍ ബിജെപിയെ വിജയിപ്പിക്കാം എന്നത് സംബന്ധിച്ചാണ് അജിത്കുമാര്‍-ആര്‍എസ്എസ് ചര്‍ച്ച നടന്നത്. തൃശ്ശൂര്‍ പൂരം ഇല്ലെങ്കില്‍ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കുറച്ചുനേരത്തെ നടന്നേനെ. പൂരത്തിന് വേണ്ടിയാണ് അത് നീട്ടിയത്. തിരുവനന്തപുരത്ത് ആ സമയത്ത് പൂരം ഒന്നുമുണ്ടായില്ല. ആറ്റുകാല്‍ പൊങ്കാല കഴിഞ്ഞിരുന്നു. അല്ലെങ്കില്‍ അതും കലക്കിയേനെ.’, മുരളീധരന്‍ പറഞ്ഞു.

വിഷയത്തില്‍ സിപിഎമ്മിന് ഗുണം ലഭിച്ചു എന്നതിന്റെ തെളിവാണ് കരുവന്നൂര്‍ കേസില്‍ അനക്കം ഇല്ലാത്തത്. ഒരു എംപിയെ കിട്ടിയതിന്റെ നന്ദി ആണോയെന്നും കെ മുരളീധരന്‍ ചോദിച്ചു.

‘പൂരം കലങ്ങിയ സമയത്ത് ബിജെപി സ്ഥാനാര്‍ത്ഥി വന്നത് ആംബുലന്‍സിലാണ്. മൃതദേഹമെല്ലാം കൊണ്ടുവരുന്ന വാഹനമാണ് ആംബുലന്‍സ്. പരിപാവനമായ സ്ഥലത്ത് ആ സമയത്ത് ആംബുലന്‍സ് വരേണ്ടതുണ്ടോ. ഹിന്ദുക്കളുടെ ഹോള്‍സെയില്‍ കാര്യങ്ങള്‍ ഏറ്റെടുത്ത ബിജെപിക്ക് അതൊക്കെ ആവാം. സിപിഐക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. നേരം വെളുക്കാത്തതല്ല, അവര്‍ക്ക് വേറെ വഴിയില്ല. പൂരം കലക്കി മുഖ്യമന്ത്രി താഴെയിറങ്ങണം എന്നതാണ് വരുന്ന തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ നിലപാടെന്നും’ കെ മുരളീധരന്‍ വ്യക്തമാക്കി.

തൃശൂര്‍ പൂരം കലങ്ങിയതില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് എഡിജിപിയുടെ റിപ്പോര്‍ട്ട്. ബോധപൂര്‍വമായ ഗൂഢാലോചനയോ അട്ടിമറിയോ ഉണ്ടായിട്ടില്ല. അന്നത്തെ സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകിനെ മാത്രം കുറ്റപ്പെടുത്തിക്കൊണ്ടാണ് റിപ്പോര്‍ട്ട്.

പൂരം ഏകോപനത്തില്‍ കമ്മീഷണര്‍ക്ക് വീഴ്ച പറ്റി. പ്രശ്നങ്ങള്‍ ഉണ്ടായപ്പോള്‍ അനുനയിപ്പിക്കുന്നതിലും വീഴ്ച പറ്റി. അങ്കിത് അശോകിന്റെ പരിചയക്കുറവാണ് വീഴ്ചക്ക് കാരണമെന്നും എഡിജിപി എംആര്‍ അജിത്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.